Breaking News

കൊലപാതക ശ്രമം: പ്രതികളെ വര്‍ക്കല പോലീസ് അറസ്റ്റ് ചെയ്തു

വര്‍ക്കല: വര്‍ക്കല വെട്ടൂരില്‍ 42 കാരനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. മേല്‍വെട്ടൂര്‍ ആശാന്‍ മെമ്മോറിയല്‍ സ്‌കൂളിന് സമീപം ഭക്തി വിലാസത്തില്‍ ജയദേവന്റെ മകന്‍ കൊച്ചുമോന്‍ എന്ന ജിഷ്‌ലാല്‍(41), മേല്‍വെട്ടൂര്‍ പുന്നവിള ഭദ്രകാളി ക്ഷേത്രത്തിന് സമീപം പുന്നവിള വീട്ടില്‍ ശശിയുടെ മകന്‍ ഉണ്ണിക്കുട്ടന്‍ എന്ന ദിനു(24) എന്നിവരെയാണ് വര്‍ക്കല പോലീസ് കസ്റ്റഡിയില്‍ എടുത്തത്. മേല്‍വെട്ടൂര്‍ പുല്ലുകുഴി സരളാമന്ദിരത്തില്‍ കനകന്റെ മകന്‍ മനു(42)വിനെയാണ് പ്രതികള്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചത്.

സംഭവത്തിന് ശേഷം പ്രതികള്‍ ഒളിവില്‍ കഴിയുകയായിരുന്നു. അന്വേഷണത്തിനിടെ പ്രതികള്‍ പാലക്കാട് കൊല്ലംകോട് പ്രദേശത്താണ് ഒളിവില്‍ കഴിയുന്നതെന്ന് പോലീസ് മനസിലാക്കി. തുടര്‍ന്ന് ഇന്നലെ രാവിലെ പാലക്കാട് എത്തിയ വര്‍ക്കല പോലീസ് വൈകിട്ടോടെ പ്രതികളെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.

കഴിഞ്ഞ മാസം 28 നായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. പ്രതികളുടെ പേരില്‍ നേരത്തെ ആനക്കൊമ്പുമായി ബന്ധപ്പെട്ട കേസ് നിലവിലുണ്ട്. ഈ കേസില്‍ പ്രതികളെ കുറിച്ചുള്ള വിവരം പോലീസിന് നല്‍കിയത് മനുവാണെന്ന് ആരോപിച്ചായിരുന്നു പ്രതികള്‍ മനുവിന് നേരെ ആക്രമണം നടത്തിയത്.

കഴിഞ്ഞ മാസം 28ന് വൈകിട്ട് മൂന്നരയോടെ മേല്‍ വെട്ടൂര്‍ ജംഗ്ഷന് സമീപം മനു ബൈക്കില്‍ ഫോണ്‍ ചെയ്തുകൊണ്ടിരിക്കവേ യായിരുന്നു ആക്രമണം. ബൈക്കിലെത്തിയ പ്രതികള്‍ ആനക്കൊമ്പ് കേസില്‍ നീ ഞങ്ങളെ ഒറ്റിക്കൊടുക്കുമോ യെന്ന് ചോദിച്ച് ഇരുമ്പ് കമ്പികൊണ്ട് പ്രതികള്‍ മനുവിനെ തലങ്ങും വിലങ്ങും അടിക്കുകയായിരുന്നു.

തലയ്ക്ക് നേരെ വന്ന അടി മനു വലത് കൈകൊണ്ട് തടഞ്ഞതോടെ കൈയ്ക്ക് ഗുരുതരമായ രീതിയില്‍ ഒടിവ് സംഭവിച്ചിട്ടുണ്ട്. ഇരുമ്പ് കമ്പികൊണ്ടുള്ള മര്‍ദ്ദനത്തില്‍ മനുവിന്റെ വലത് കാലിനും തോളെല്ലിനും പൊട്ടല്‍ സംഭവിച്ചിട്ടുണ്ട്. പോലീസ് കസ്റ്റഡിയിലുള്ള പ്രതികളെ നിയമ നടപടികള്‍ പൂര്‍ത്തിയാക്കി ഉടന്‍തന്നെ കോടതിയില്‍ ഹാജരാക്കുമെന്നാണ് ലഭിക്കുന്ന വിവരം.

Related posts

Leave a Reply

Your email address will not be published. Required fields are marked *