Breaking News

മാറ്റമുണ്ടാകുമെന്ന് ജെയ്ക്; സംസ്ഥാന രാഷ്ട്രീയം പ്രതിഫലിക്കുമെന്ന് ചാണ്ടി ഉമ്മന്‍

പുതുപ്പള്ളി: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ വോട്ടിംഗ് പുരോഗമിക്കവെ പ്രതീക്ഷയോടെ ഇടത്-വലത് മുന്നണികള്‍. രാവിലെ 7 മണിക്ക് തുടങ്ങിയ പോളിംഗ് വൈകിട്ട് 6 മണിക്ക് അവസാനിക്കും. 1,76,417 വോട്ടര്‍മാരാണ് വോട്ട് രേഖപ്പെടുത്തുന്നത്. ഇതില്‍ 90,281 സ്ത്രീകളും 86,132 പുരുഷന്മാരും 4 ട്രാന്‍സ്ജന്‍ഡര്‍ വോട്ടര്‍മാരുമുണ്ട്. 182 പോളിംഗ് ബൂത്തുകളാണ് മണ്ഡലത്തിലുള്ളത്. പോളിംഗ് ബൂത്തിന്റെ 100 മീറ്റര്‍ പരിധിയില്‍ മൊബൈലിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

എല്‍.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം വിജയ പ്രതീക്ഷകളോടെയാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്. പുതുപ്പള്ളിയിലെ ജനങ്ങള്‍ മാറ്റ്തതിന് വേണ്ടി വോട്ട് രേഖപ്പെടുത്തുമെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ജെയ്ക്.സി.തോമസ് പ്രതികരിച്ചു. വ്യക്തി കേന്ദ്രീകൃത തെരഞ്ഞെടുപ്പല്ല പുതുപ്പള്ളിയില്‍ നടക്കുന്നതെന്ന് പറഞ്ഞ ജെയ്ക് വികസനവും ജീവിത പ്രശ്‌നങ്ങളുമാണ് പുതുപ്പള്ളിയില്‍ ചര്‍ച്ചയായതെന്നും വ്യക്തമാക്കി. രാവിലെ 9 മണിയോടെ കണിയാകുന്ന് എല്‍.പി. സ്‌കൂളിലെ ബൂത്തിലെത്തിയാണ് ജെയ്ക് വോട്ട് രേഖപ്പെടുത്തിയത്.

സംസ്ഥാനത്ത് നിലനില്‍ക്കുന്ന രാഷ്ട്രീയ സാഹചര്യം പുതുപ്പള്ളിയില്‍ പ്രതിഫലിക്കുമെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. വളരെ പോസിറ്റീവായ പ്രതികരണമാണ് വോട്ടര്‍മാരില്‍നിന്ന് ലഭിക്കുന്നതെന്ന് പറഞ്ഞ ചാണ്ടി ഉമ്മന്‍ യു.ഡി.എഫ് മികച്ച വിജയം നേടുമെന്നും ആത്മവിശ്വാസം പ്രകടിപ്പിച്ചു. പുതുപ്പള്ളി പള്ളിയില്‍ എത്തി പ്രാര്‍ഥനകള്‍ക്കും വിവിധ ബൂത്തുകളിലെ സന്ദര്‍ശനത്തിനും ശേഷം 9.30 ഓടെ ജോര്‍ജിയന്‍ പബ്ലിക് സ്‌കൂളിലാണ് ചാണ്ടി ഉമ്മന്‍ വോട്ടുരേഖപ്പെടുത്തിയത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *