
വര്‍ക്കല: വര്‍ക്കല ഇടവ അയിരൂരില്‍ മകന്‍ പെറ്റമ്മയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ വനിതാ കമ്മീഷന്‍ ഇടപെട്ടു. വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാല്‍ ഇവരുടെ വീട്ടിലെത്തി വിവരങ്ങള്‍ ചോദിച്ചു മനസിലാക്കി. ഈ സംഭവത്തില്‍ മര്‍ദ്ദനമേറ്റ അമ്മയ്ക്ക് പരാതിയില്ലെന്ന വാര്‍ത്ത ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് വനിതാ കമ്മീഷന്‍ ഇന്നുതന്നെ അമ്മയെ സന്ദര്‍ശിക്കാനെത്തിയതെന്ന് ഷാഹിദാ കമാല്‍ പറഞ്ഞു.
അമ്മയ്ക്ക് പരാതിയില്ലെങ്കിലും വനിത കമ്മീഷന് പരാതിയുണ്ടെന്നും പോലീസ് ഇക്കാര്യത്തില്‍ മാതൃകാപരമായ നടപടികള്‍ സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു. ഇതുവരെയുള്ള പോലീസ് നടപടിയില്‍ തൃപ്തിയുണ്ടെന്ന് പറഞ്ഞ ഷാഹിദാ കമാല്‍ പോലീസിനെയും സംഭവം തന്റെ ശ്രദ്ധയില്‍പെടുത്തിയ മാധ്യമ സുഹൃത്തുകളെയും അഭിനന്ദിച്ചു.
ഇനി മറ്റൊരാള്‍ക്കും ഇതുപോലെ ഒരു ദുരനുഭവം ഉണ്ടാവാതിരിക്കാന്‍ വേണ്ടിയെങ്കിലും പരാതി നല്‍കണമെന്ന് അമ്മയോട് ആവശ്യപ്പെട്ടതായും ഷാഹിദാ കമാല്‍ പറഞ്ഞു. മര്‍ദ്ദനമേറ്റ ആളിന് പരാതിയില്ലെന്ന കാരണത്താല്‍ കേസെടുക്കാതിരിക്കാന്‍ ആവില്ല. കമ്മീഷന്‍ നേരിട്ടെത്തി ഇടപെട്ട കേസിന് അതിന്റേതായ ഗൗരവമുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വര്‍ക്കല ഇടവ പാറയില്‍ ചരുവിള വീട്ടില്‍ ഷാഹിദ(49)യ്ക്കാണ് മകന്‍ റസാഖില്‍നിന്ന് ക്രൂരമായ മര്‍ദ്ദനം ഏറ്റുവാങ്ങേണ്ടിവന്നത്. ഈ മാസം പത്തിനാണ് സംഭവം നടന്നത്. റസാഖ് മാതാവിനെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സഹോദരി റഹീമ മൊബൈലില്‍ പകര്‍ത്തി പിതാവിന് അയച്ചുകൊടുത്തതോടെയാണ് ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായത്.
റസാഖിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സാമൂഹ്യ മാധ്യമങ്ങളില്‍ മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് പോലീസ് കേസെടുത്തത്. ആറ്റിങ്ങല്‍ ഡി.വൈ.എസ്.പിയുടെ നിര്‍ദ്ദേശപ്രകാരം അയിരൂര്‍ പോലീസാണ് റസാഖിനെ അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്.
റസാഖ് അമ്മയെ ചവിട്ടുന്നതും മുഖത്തും തലയ്ക്ക് പിന്നിലും അടിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം. മദ്യത്തിനും ലഹരിക്കും അടിമയായ റസാഖ് അമ്മയെ ഉപദ്രവിക്കുന്നത് പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു. എന്നാല്‍, റസാഖിനെതിരെ മൊഴി നല്‍കാന്‍ തയാറല്ലെന്നാണ് അമ്മയുടെ നിലപാട്.