
കല്ലമ്പലം: കല്ലമ്പലം ഫാര്‍മസി ജങ്ഷനിലെ ബാറിനു സമീപം വടിവാള്‍ കാട്ടി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ബാറിലെത്തിയവരെ മര്‍ദിക്കുകയും സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസിനെ ആക്രമിച്ച് കടന്നുകളയാന്‍ ശ്രമിച്ച കേസില്‍ മൂന്ന് ഗുണ്ടകള്‍ പിടിയില്‍. സംഘത്തിലെ ബാക്കി ഏഴുപേര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി.
ആനപ്പാപ്പാനും കൊട്ടാരക്കര സ്വദേശിയുമായ ചന്തു എന്ന അഭയകൃഷ്ണന്‍ (26), നാവായിക്കുളം വെട്ടിയറ, വിളയില്‍പുത്തന്‍വീട്ടില്‍ പാച്ചന്‍ എന്ന് വിളിക്കുന്ന പ്രവീണ്‍ (25), കല്ലുവാതുക്കല്‍ ഇളംകുളം പുളിമ്പള്ളി മേലതില്‍വീട്ടില്‍ അമ്പു എന്ന അനില്‍കുമാര്‍ (29) എന്നിവരാണ് കല്ലമ്പലം പോലീസിന്റെ പിടിയിലായത്.
27-ന് രാത്രി 8 മണിക്ക് കല്ലമ്പലം ഫാര്‍മസി ജങ്ഷനു സമീപമുള്ള ബാറിലായിരുന്നു മാരകായുധങ്ങളുമായെത്തിയ പത്തംഗ ഗുണ്ടാസംഘം അക്രമം കാണിച്ചത്. വാളുകളുമായി എത്തിയ സംഘം ബാറിലേക്ക് വന്ന ആളുകളെ മര്‍ദിക്കുകയും വാളുമായി വെട്ടാന്‍ ഓടിക്കുകയും ചെയ്തു.
സംഭവം അറിഞ്ഞെത്തെത്തിയ കല്ലമ്പലം പോലീസിനെയും ഗുണ്ടകള്‍ ആക്രമിക്കാന്‍ ശ്രമിച്ചു. പോലീസിന് നേരേ കല്ലെറിഞ്ഞ സംഘം പോലീസ് ജീപ്പ് എറിഞ്ഞുതകര്‍ത്തു. ആറ്റിങ്ങല്‍, പള്ളിക്കല്‍, അയിരൂര്‍ എന്നിവിടങ്ങളില്‍നിന്നു കൂടുതല്‍ പോലീസ് എത്തിയപ്പോള്‍ ഗുണ്ടാസംഘം സമീപത്തെ കുറ്റിക്കാട്ടിലേക്കു മറയുകയും വാഹനങ്ങളില്‍ രക്ഷപ്പെടുകയും ചെയ്തു.
തുടര്‍ന്ന് ഇവര്‍ പാരിപ്പള്ളി പോലീസ് അതിര്‍ത്തിയിലെ മുക്കട വെച്ച് ബൈക്ക് യാത്രികനായ വിജയന്‍പിള്ള എന്നയാളെ മര്‍ദിക്കുകയും ഇയാളുടെ ബൈക്ക് അടിച്ചുതകര്‍ക്കുകയും ചെയ്തു.
ആറ്റിങ്ങല്‍ ഡിവൈ.എസ്.പി. എസ്.വൈ.സുരേഷിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘവും കല്ലമ്പലം പോലീസും നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിക്കുകയും സംഘത്തിലെ ആനപ്പാപ്പാനായ അഭയകൃഷ്ണന്‍ പനയറയിലെ ആനക്കൊട്ടിലില്‍ ഉള്ളതായി മനസ്സിലാക്കിയ പോലീസ് അവിടെ എത്തി, ആനയുടെ മുന്നില്‍നിന്ന് മാറാതെ ഇരുന്ന പ്രതിയെ സാഹസികമായി കീഴടക്കി.
തുടര്‍ന്ന് പ്രവീണിനെ എറണാകുളത്തെ ഒളിത്താവളത്തില്‍നിന്നും അനില്‍കുമാറിനെ കോയമ്പത്തൂരിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയുമാണ് പിടികൂടിയത്. കല്ലമ്പലം ആലുകുന്നിനു സമീപം റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന പ്രസന്നന്‍ എന്നയാളുടെ സ്‌കൂട്ടര്‍ തീവെച്ച് നശിപ്പിച്ച കേസിലും അഭയകൃഷ്ണന്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.
പ്രതികളെ കല്ലമ്പലം പോലീസ് ഇന്‍സ്‌പെക്ടര്‍ ഐ.ഫറോസ്, എസ്.ഐ. വി.ഗംഗപ്രസാദ്, എ.എസ്.ഐ. രാജീവ്, സി.പി.ഒ. വിനോദ് എന്നിവരും പ്രത്യേക അന്വേഷണ സംഘത്തിലെ എസ്.ഐ. ഫിറോസ് ഖാന്‍, എ.എസ്.ഐ. ബി.ദിലീപ്, ആര്‍.ബിജുകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റു ചെയ്തത്.