Breaking News

കല്ലമ്പലത്ത് NDPS കേസുകളിൽ അറസ്റ്റിലായ പ്രതികൾക്ക് എംഡിഎംഎ എത്തിച്ചുനൽകിയ മൊത്തവിതരണക്കാരനായ വർക്കല സ്വദേശി പിടിയിൽ

കല്ലമ്പലം: വർക്കല അയിരൂരിലും, കല്ലമ്പലത്തും NDPS കേസുകളിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന പ്രതികൾ അറസ്റ്റിലാകുന്നതിന് മുമ്പ് വിപണനത്തിനായി എംഡിഎംഎ എത്തിച്ചുനൽകിയിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തിയ മൊത്തവിതരണക്കാരനെ ഡാൻസാഫ് സംഘം പിടികൂടി.

വർക്കല മുത്താന സ്വദേശിയായ അൻസർ (31) ആണ് പിടിയിലായത്. കല്ലമ്പലം പോലീസ് രജിസ്റ്റർ ചെയ്ത എംഡിഎംഎ കേസിൽ റിമാൻഡിൽ കഴിയുന്ന ചെങ്ങന്നൂർ സ്വദേശിനി തസ്ലീനയ്ക്കും നാവായിക്കുളം സ്വദേശി മുഹമ്മദ് ഷാനും , അയിരൂർ പോലീസ് അറസ്റ്റുചെയ്ത സതീഷിനും വിൽപനയ്ക്കായി വലിയ അളവിൽ എംഡിഎംഎ എത്തിച്ചു നൽകിയത് തസ്ലീനയുടെ ഭർത്താവ് ഇപ്പോൾ പിടിയിലായ അൻസർ ആണെന്ന് പോലീസ് അറിയിച്ചു.

വളരെ നാളുകളായി മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി നാട്ടിലെത്തിയതായി ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഡാൻസാഫ് സംഘം പ്രദേശത്ത് ശക്തമായ നിരീക്ഷണം നടത്തി. പിതാവിനൊപ്പം ജയിലിൽ കഴിയുന്ന ഭാര്യ തസ്ലീനയെ സന്ദർശിക്കാൻ വാഹനത്തിൽ പോകുന്നതിനിടെയാണ് ഡാൻസാഫ് സംഘം വാഹനം തടഞ്ഞ് അൻസറിനെ കസ്റ്റഡിയിലെടുത്തത്.

കല്ലമ്പലം പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. തുടർന്ന് നിയമനടപടികൾക്കായി കല്ലമ്പലം പോലീസിന് കൈമാറി. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തതായി പോലീസ് അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *