
വര്‍ക്കല: എന്‍.ജി.ഒ യൂണിയന്‍ വര്‍ക്കല ഏരിയയുടെ നേതൃത്വത്തില്‍ കൂട്ടധര്‍ണ്ണ സംഘടിപ്പിച്ചു. കേരള സര്‍ക്കാരിന്റെ ജനപക്ഷ നയങ്ങള്‍ക്ക് ശക്തിപകരുക, കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ അണിനിരക്കുക, പി.എഫ്.ആര്‍.ഡി.എ നിയമം പിന്‍വലിക്കുക, പഴയ പെന്‍ഷന്‍ പദ്ധതി പുനഃസ്ഥാപിക്കുക, ജനോന്മുഖ സിവില്‍ സര്‍വീസിനായുള്ള പ്രവര്‍ത്തനം ശക്തിപ്പെടുത്തുക, വര്‍ഗ്ഗീയ ശക്തികളെ ചെറുത്ത് തോല്‍പിക്കുക, ഫെഡറലിസം സംരക്ഷിക്കുക, കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണന അവസാനിപ്പിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് എന്‍.ജി.ഒ യൂണിയന്‍ വര്‍ക്കല മൈതാനത്ത് കൂട്ടധര്‍ണ്ണ സംഘടിപ്പിച്ചത്. ഇന്ന് സംസ്ഥാനമൊട്ടാകെ 138 ഏരിയ കേന്ദ്രങ്ങളില്‍ സംഘടിപ്പിച്ച കൂട്ടധര്‍ണ്ണയുടെ ഭാഗമായിട്ടാണ് വര്‍ക്കലയിലും ധര്‍ണ്ണ നടന്നത്.
എന്‍.ജി.ഒ യൂണിയന്‍ വര്‍ക്കല ഏര്യാ സെക്രട്ടറി കെ.കെ.ഷിബു സ്വാഗതം പറഞ്ഞ കൂട്ടധര്‍ണ്ണ എന്‍.ജി.ഒ യൂണിയന്‍ തിരുവനന്തപുരം നോര്‍ത്ത് ജില്ല വൈസ് പ്രസിഡന്റ് ടി.എസ്.ഷാജി ഉദ്ഘാടനം ചെയ്തു. എന്‍.ജി.ഒ യൂണിയന്‍ വര്‍ക്കല ഏര്യാ പ്രസിഡന്റ് എസ്.അനിത അധ്യക്ഷയായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമ ഭേദഗതിയെ കടുത്ത ഭാഷയില്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിച്ച ടി.എസ്.ഷാജി വിമര്‍ശിച്ചു. അവശ്യവസ്തുനിയന്ത്രണ നിയമത്തെ പാടെ അട്ടിമറിക്കുന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക ബില്‍. രാജ്യത്തെ കര്‍ഷകരുടെ ജീവിത നിലവാരം തകര്‍ത്ത് തരിപ്പണമാക്കാന്‍ മാത്രമേ കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നയംകൊണ്ട് സാധിക്കുകയുള്ളൂ. നിത്യോപയോഗ സാധനങ്ങളുടെ വില ദിനംപ്രതി വര്‍ദ്ധിക്കുന്നത് രാജ്യത്തെ പൊതുവിതരണ സംവിധാനത്തെ ദുര്‍ബലപ്പെടുത്തിയതിന്റെ ഫലമായിട്ടാണ്-അദ്ദേഹം വ്യക്തമാക്കി.
പെട്രോളിന്റെയും ഡീസലിന്റെയും വില അനുദിനം വര്‍ദ്ധിപ്പിച്ച് കോര്‍പറേറ്റുകളെ സഹായിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ കോര്‍പറേറ്റുകളെ കൂടുതല്‍ കൂടുതല്‍ ശക്തിപ്പെടുത്താനുള്ള ബഡ്ജറ്റാണ് 2021-22 വര്‍ഷത്തില്‍ അവതരിപ്പിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്ര സര്‍വ്വീസില്‍ 10 ലക്ഷത്തോളം തസ്തികകളാണ് നിയമനം നടത്താതെ കേന്ദ്ര സര്‍ക്കാര്‍ ഒഴിച്ചിട്ടിരിക്കുന്നത്. സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാതെ ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാനാണ് മോദി സര്‍ക്കാരിന്റെ ശ്രമം. പൗരത്വ നിയമ ഭേദഗതി, ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കല്‍, മുത്തലാക്ക് നിയമം തുടങ്ങിയവയെല്ലാം ഇത് ലക്ഷ്യമിട്ടുകൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് സംസ്ഥാന സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍ക്കെതിരെ ബദല്‍ വികസന നയങ്ങളാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് അര്‍ഹതപ്പെട്ട സാമ്പത്തിക വിഹിതം അനുവദിക്കാതിരിക്കുകയും ഫെഡറല്‍ തത്വങ്ങളെ ദുര്‍ബലപ്പെടുത്തുകയും ചെയ്യുന്ന കേന്ദ്ര സര്‍ക്കാരിന്റെ നീക്കങ്ങളെ ഫലപ്രദമായി ചെറുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.