
വര്‍ക്കല: എല്‍.ഡി.എഫ് സര്‍ക്കാരിന് തുടര്‍ ഭരണം നല്കാന് കേരളത്തിലെ ജനത തീരുമാനിച്ചു കഴിഞ്ഞതായി സി.പി.ഐ നേതാവും എം.പിയുമായ ബിനോയ് വിശ്വം. എല്‍.ഡി.എഫ് സര്‍ക്കാരിന്റെ തെക്കന്‍ മേഖല വികസന മുന്നേറ്റ ജാഥയ്ക്ക് വര്‍ക്കലയില്‍ നല്കിയ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് വൈകിട്ട് ബിനോയ് വിശ്വം നയിക്കുന്ന വികസന മുന്നേറ്റ യാത്രയ്ക്ക് വര്‍ക്കലയില്‍ ഊഷ്മള വരവേല്പാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ നല്‍കിയത്. ചെണ്ടമേളത്തിന്റെയും പൂക്കാവടിയുടെയും അകമ്പടിയോടെയാണ് ജാഥാ ക്യാപ്ടനായ ബിനോയ് വിശ്വത്തെ പ്രവര്‍ത്തകര്‍ വേദിയിലേക്ക് ആനയിച്ചത്.
അഞ്ച് വര്‍ഷം കൂടുമ്പോള്‍ സര്‍ക്കാരുകളെ മാറി മാറി തെരഞ്ഞെടുക്കുന്ന പതിവ് അവസാനിപ്പിക്കാന്‍ കേരള ജനത തീരുമാനിച്ചതായി അദ്ദേഹം പറഞ്ഞു. യു.ഡി.എഫിനെയും ബി.ജെ.പിയെയും ബിനോയ് വിശ്വം ഒരുപോലെ വിമര്‍ശിച്ചു. യു.ഡി.എഫും ബി.ജെ.പിയും രണ്ടല്ല, ഒന്നാണെന്നും അവര്‍ രണ്ട് മുന്നണിയാണെന്ന് അഭിനയിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ബി.ജെ.പി മുന്നോട്ടുവയ്ക്കുന്ന വര്‍ഗ്ഗീയതയില്‍ അധിഷ്ഠിതമായ രാഷ്ട്രീയം അപകടകരമാണെന്നും അത്തരം വര്‍ഗ്ഗീയതയെ ചെറുത്ത് തോല്പിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യു.ഡി.എഫും കോണ്‍ഗ്രസും നിഴലിനോടാണ് യുദ്ധം ചെയ്യുന്നത്. എല്‍.ഡി.എഫ് സര്‍ക്കാരിനെതിരെ ഉയര്‍ത്തിയ ആരോപണങ്ങളുടെ മുനയൊടിഞ്ഞപ്പോള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇ.എം.സി.സി എന്ന കമ്പനിയുമായി സര്‍ക്കാര്‍ കരാറുണ്ടാക്കിയെന്ന വ്യാജ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ്. മത്സ്യത്തൊഴിലാളികള്‍ക്ക് ദോഷം ചെയ്യുന്ന ഒന്നും എല്‍.ഡി.എഫ് സര്‍ക്കാര്‍ ചെയ്യില്ല. ഇ.എം.സി.സി കമ്പനിയുമായി ഒരു കരാറും സര്‍ക്കാര്‍ ഉണ്ടാക്കിയിട്ടില്ല. യുക്തിഭദ്രമായ ഒരു ആരോപണവും സര്‍ക്കാരിനെതിരെ ഉന്നയിക്കാന്‍ ഇല്ലാത്തതിനാല്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ചെന്നിത്തല ഉന്നയിക്കുന്നത്-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതില്‍ കേരളം ലോകത്തിന് തന്നെ മാതൃകയായെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം എം.വി.ഗോവിന്ദന് മാസ്റ്റര്‍ പറഞ്ഞു. ഇടതുപക്ഷ സര്‍ക്കാര്‍ സ്വകാര്യവല്‍ക്കരണത്തെ കേരളത്തില്‍നിന്ന് അകറ്റി നിര്‍ത്തിയതുകൊണ്ടാണ് ആരോഗ്യമേഖലയെ വിനിയോഗിച്ച് കോവിഡ് വൈറസിനെ ഫലപ്രദമായി ചെറുക്കാന്‍ കേരളത്തിന് സാധിച്ചത്. ആരോഗ്യമേഖലയുള്‍പ്പെടെ സ്വകാര്യവത്ക്കരിച്ച അമേരിക്കയില്‍ ലക്ഷക്കണക്കിന് ആളുകള്‍ കോവിഡ് ബാധയേറ്റ് മരണമടഞ്ഞതും അദ്ദേഹം ചൂണ്ടിക്കാട്ടി. കോവിഡിനെ പ്രതിരോധിക്കാന്‍ കേരളത്തിന്റെ ആരോഗ്യമേഖലയുടെ കഴിവ് പൂര്‍ണ്ണമായും വിനിയോഗിക്കേണ്ടി വന്നിട്ടില്ലെന്നും ഗോവിന്ദന് മാസ്റ്റര്‍ വ്യക്തമാക്കി. യു.ഡി.എഫ് സര്‍ക്കാര്‍ നടക്കില്ലെന്ന് കരുതി അവസാനിപ്പിച്ച പല വികസന പ്രവര്‍ത്തനങ്ങളും ഫലപ്രദമായി നടപ്പിലാക്കിയ സര്‍ക്കാരാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍. പാവപ്പെട്ടവനൊപ്പം ഉറച്ചുനില്‍ക്കുന്ന സര്‍ക്കാരാണ് എല്‍.ഡി.എഫ് സര്‍ക്കാരെന്നും ആ സര്‍ക്കാരിന്റെ ഒരു കൊടുങ്കാറ്റിലും കുലുങ്ങാത്ത നേതാവാണ് പിണറായി വിജയനെന്നും അദ്ദേഹം പറഞ്ഞു.
വര്‍ക്കലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ ചിലരെയൊക്കെ വിറളി പിടിപ്പിക്കുന്നുണ്ടെന്ന് എം.എല്‍.എ അഡ്വ.ജോയി പറഞ്ഞു. കഴിഞ്ഞ 15 വര്‍ഷം വര്‍ക്കലയിലെ വികസനം വെള്ളത്തില്‍ വരച്ച വരയായിരുന്നു. ഇന്നത് മാറി, യഥാര്‍ത്ഥ വികസനം എന്തെന്ന് വര്‍ക്കലയിലെ ജനത മനസിലാക്കുന്നു. വിദ്യാഭ്യാസ മേഖലയിലുള്‍പ്പെടെ വര്‍ക്കലയില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞ അദ്ദേഹം പ്രതിപക്ഷ നേതാവ് വര്‍ക്കലയിലെത്തി വര്‍ക്കലയില്‍ വികസനം നടക്കുന്നില്ലായെന്ന് പറഞ്ഞത് അപഹാസ്യമാണെന്നും വിമര്‍ശിച്ചു.
സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എം.വി.ഗോവിന്ദന് മാസ്റ്റര്‍, സി.പി.ഐ ജില്ലാ പ്രസിഡന്റ് അഡ്വ.ജി.ആര്.അനില്‍, വര്‍ക്കല എം.എല്‍.എ അഡ്വ.വി.ജോയി, സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം അഡ്വ.ഷാജഹാന്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഗീത നസീര്‍ തുടങ്ങി നിരവധി സംസ്ഥാന-ജില്ലാ-പ്രാദേശികതല നേതാക്കള്‍ വേദിയില്‍ സന്നിഹിതരായിരുന്നു.