Breaking News

എസ്.ഐക്കെതിരെ പ്രതികാര നടപടി: എം.എല്‍.എയ്‌ക്കെതിരെ ബി.ജെ.പി പ്രതിഷേധം

വര്‍ക്കല പോലീസ് സ്‌റ്റേഷനിലേക്ക് ബി.ജെ.പി നടത്തിയ പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് ജില്ലാ സെക്രട്ടറി ബാലമുരളി സംസാരിക്കുന്നു

വര്‍ക്കല: വര്‍ക്കല എസ്.ഐ ജ്യോതിഷിനെതിരെ സി.പി.എം നേതൃത്വം സ്വീകരിക്കുന്ന പ്രതികാര നടപടി വിവാദമാകുന്നു. സംഭവം ഏറ്റെടുത്ത് എം.എല്‍.എയ്‌ക്കെതിരെ ബി.ജെ.പി പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. ഇതോടെ എസ്.ഐയ്‌ക്കെതിരായ പ്രതികാര നടപടി വര്‍ക്കലയില്‍ ചര്‍ച്ചയാവുകയാണ്. പ്രായപൂര്‍ത്തിയാകാത്ത സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസിലെ പ്രതികളെ സി.പി.എം നേതാവ് പോലീസ് സ്‌റ്റേഷനിലെത്തി കാണുന്നത് എന്തിനാണ്? ആ പ്രതികളുമായി സി.പി.എം നേതാവിന് എന്താണ് ബന്ധം? അതിനെ തുടര്‍ന്നുണ്ടായ പോലീസ് സ്‌റ്റേഷന്‍ ഉപരോധത്തിന് നേതൃത്വം നല്‍കാന്‍ സ്ഥലം എം.എല്‍.എ എത്തിയതെന്തിനാണ്? തുടങ്ങിയ ചോദ്യങ്ങള്‍ ഉയര്‍ത്തിയായിരുന്നു ബി.ജെ.പിയുടെ പ്രതിഷേധം.
ഇന്ന് രാവിലെ 11 മണിയോടെ മൈതാനത്തുനിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം റെയില്‍വേ സ്റ്റേഷന്‍ ചുറ്റി തിരികെ മൈതാനത്തെത്തി പോലീസ് സ്‌റ്റേഷന് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണയോടെ സമാപിച്ചു. ബി.ജെ.പി ജില്ല സെക്രട്ടറി ബാലമുരളി പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.
അധികാരത്തിന്റെ ഹുങ്കില്‍ ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥനോട് അപമര്യാദയായി പെരുമാറിയ വെട്ടൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റിനും അദ്ദേഹത്തെ സംരക്ഷിക്കാനെത്തിയ സ്ഥലം എം.എല്‍.എ അഡ്വ.വി.ജോയിക്കെതിരെയും നിയമനടപടികള്‍ സ്വീകരിക്കണമെന്ന് ബാലമുരളി ആവശ്യപ്പെട്ടു. ശരിയായ രീതിയില്‍ നിയമം നടപ്പിലാക്കാന്‍ തയാറായ എസ്.ഐയെ സ്ഥലം മാറ്റുന്നത് പോലീസ് ഉദ്യോഗസ്ഥരുടെ മനോവീര്യം തകര്‍ക്കുന്ന നടപടിയാണ്. അങ്ങനെയുള്ള ഉദ്യോഗസ്ഥരെ അഭിനന്ദിക്കേണ്ടതിന് പകരം അവരോട് പ്രതികാരബുദ്ധിയോടെ പെരുമാറുകയാണ് എം.എല്‍.എ ചെയ്യുന്നത്. സി.പി.എം പിന്തുണയുണ്ടെങ്കില്‍ ആര്‍ക്കും എന്തുംചെയ്യാമെന്ന അവസ്ഥയാണ്. പതിനാറ് വയസ്സുള്ള പെണ്‍കുട്ടിക്ക് പേടികൂടാതെ പുറത്തിറങ്ങി നടക്കാനുള്ള സാഹചര്യംപോലും വര്‍ക്കലയില്‍ ഇല്ലാതായെന്നും അദ്ദേഹം ആരോപിച്ചു.

വര്‍ക്കല പോലീസ് സ്‌റ്റേഷനിലേക്ക് ബി.ജെ.പി നടത്തിയ പ്രതിഷേധ മാര്‍ച്ച്

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ച കേസിലെ പ്രതികളെ പിടികൂടുകയും സെല്ലിലടയ്ക്കുകയും ചെയ്ത പോലീസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റാനുള്ള തീരുമാനം അപലപനീയമാണെന്ന് ബി.ജെ.പി മണ്ഡലം ജനറല്‍ സെക്രട്ടറി സജി.പി.മുല്ലനല്ലൂര്‍ പറഞ്ഞു. നിയമ സംവിധാനങ്ങളെ അട്ടിമറിക്കുന്ന നടപടികളാണ് വെട്ടൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റും എം.എല്‍.എയും സ്വീകരിച്ചത്. എം.എല്‍.എ പറയുന്നത് അതേപടി അനുസരിക്കുന്ന കുഞ്ഞിരാമന്‍മാരെയാണോ സര്‍ക്കാര്‍ വകുപ്പുകളില്‍ നിയമിക്കേണ്ടതെന്നും അദ്ദേഹം ചോദിച്ചു. സര്‍ക്കാര്‍ ഓഫീസുകളില്‍ നീതിപൂര്‍വ്വം ഉദ്യോഗസ്ഥര്‍ക്ക് നീതിപൂര്‍വ്വം പ്രവര്‍ത്തിക്കാന്‍ സാധിക്കാത്ത സാഹചര്യമാണ് ഇന്ന് വര്‍ക്കലയിലുള്ളതെന്നും അദ്ദേഹം ആരോപിച്ചു.
ബി.ജെ.പി ജില്ലാ സെക്രട്ടറി ബാലമുരളി, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ സജി മുല്ലനല്ലൂര്‍, തച്ചോട് സുധീര്‍, ജില്ലാ ഭാരവാഹി കോവിലകം മണികണ്ഠന്‍, മുനിസിപ്പല്‍ പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ അഡ്വ.അനില്‍കുമാര്‍, എസ്.സി മോര്‍ച്ച മണ്ഡലം പ്രസിഡന്റ് ശ്രീനിവാസന്‍, മുനിസിപ്പല്‍ സൗത്ത് പ്രസിഡന്റ് സുനില്‍കുമാര്‍ തുടങ്ങിയവര്‍ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നല്‍കി. ബി.ജെ.പി കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തകര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു.
ഫെബ്രുവരി 23ന് വൈകിട്ട് വെട്ടൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റും സി.പി.എം ലോക്കല്‍ കമ്മിറ്റിയംഗവുമായ നാസിമുദ്ദീനും വര്‍ക്കല എസ്.ഐയും തമ്മില്‍ നടന്ന വാക്കേറ്റമാണ് എസ്.ഐക്കെതിരായ പ്രതികാര നടപടികളേക്ക് നീങ്ങിയത്. എസ്.ഐ ഇപ്പോള്‍ അവധിയില്‍ പ്രവേശിച്ചിരിക്കുകയാണ്. എന്നാല്‍, എസ്.ഐക്കെതിരെ വര്‍ക്കലയിലെ രാഷ്ട്രീയ നേതൃത്വം സ്ഥലംമാറ്റ നടപടിയിലേക്ക് നീങ്ങുന്നതായാണ് സൂചന. സംഭവം ഇതിനോടകം തന്നെ നവമാധ്യമങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്.
കഴിഞ്ഞ ദിവസം വര്‍ക്കലയില്‍ പതിനാറ് വയസ്സുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസിലെ പ്രതികളെ കാണാനാണ് വെട്ടൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നാസിമുദ്ദീന്‍ വര്‍ക്കല പോലീസ് സ്‌റ്റേഷനില്‍ എത്തിയത്. പ്രതികളെ കാണാന്‍ സാധിക്കില്ലെന്ന് എസ്.ഐ ജ്യോതിഷ് നിലപാടെടുത്തു. എന്നാല്‍, എം.എല്‍.എ ജോയി പറഞ്ഞിട്ടാണ് താന്‍ വന്നതെന്നും അതിനാല്‍ പ്രതികളെ കണ്ടിട്ടേ താന്‍ പോകൂ എന്നും നാസിമുദ്ദീന്‍ പറഞ്ഞു. എന്നിട്ടും തന്റെ നിലപാടില്‍നിന്ന് എസ്.ഐ ജ്യോതിഷ് പിന്നോട്ടുപോയില്ല. ഇവര്‍ തമ്മിലുള്ള തര്‍ക്കം ചെറിയ തോതിലുള്ള കയ്യാങ്കളിയിലേക്ക് നീങ്ങുകയായിരുന്നു.
അതോടെ, തന്റെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിനും ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥനോട് അപമര്യാദയായി പെരുമാറിയതിനും എസ്.ഐ.ജ്യോതിഷ് നാസിമുദ്ദീനെ സെല്ലിനുള്ളിലാക്കി. ഈ സംഭവം അറിഞ്ഞ സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി എം.എല്‍.എ ജോയിയുടെ നേതൃത്വത്തില്‍ പോലീസ് സ്‌റ്റേഷന്‍ ഉപരോധിക്കുകയായിരുന്നു.
തുടര്‍ന്ന് എം.എല്‍.എയും മറ്റ് രാഷ്ട്രീയ നേതാക്കളും ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി നടന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ നാസിമുദ്ദീനെ കേസൊന്നുമെടുക്കാതെ തന്നെ പോലീസ് വിട്ടയച്ചു. എസ്.ഐ ജ്യോതിഷിനെ സ്ഥലംമാറ്റാമെന്ന് മേലുദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയതെന്നാണ് ലഭിക്കുന്ന വിവരം.
ബി.ജെ.പി ഈ വിഷയം രാഷ്ട്രീയപരമായിത്തന്നെ കൈകാര്യം ചെയ്യുന്ന അവസ്ഥയിലേക്കെത്തിയതോടെ ഒരു പോലീസ് സ്റ്റേഷനിലെ എസ്.ഐയെ സ്ഥലം മാറ്റിയ നടപടി ആ മണ്ഡലത്തിലെ നിയമസഭ തെരഞ്ഞെടുപ്പിനെത്തന്നെ സ്വാധീനിക്കുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. വരുംദിവസങ്ങളില്‍ ഈ വിഷയം മറ്റ് പാര്‍ട്ടികള്‍ കൂടി ഏറ്റെടുക്കാനാണ് സാധ്യത.

Related posts

Leave a Reply

Your email address will not be published. Required fields are marked *