Breaking News

അനധികൃത നിയമനവും കെട്ടിട നിര്‍മ്മാണവും; നടപടി ഉടനെന്ന് വര്‍ക്കല നഗരസഭ അധികൃതര്‍

വര്‍ക്കല: വര്‍ക്കല നഗരസഭയില്‍ നടന്ന അനധികൃത നിയമനം റദ്ദാക്കുന്ന കാര്യത്തിലും അനധികൃത കെട്ടിട നിര്‍മ്മാണം പൊളിച്ചുനീക്കുന്ന കാര്യത്തിലും ഉടന്‍ നടപടി സ്വീകരിക്കുമെന്ന് നഗരസഭ അധികൃതര്‍. നഗരസഭ സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന കെ.വി.സന്തോഷ് കുമാറാണ് ഇക്കാര്യം വ്യക്തമാക്കിയത്. അനധികൃത നിയമനം റദ്ദാക്കണമെന്നും അനധികൃത കെട്ടിട നിര്‍മ്മാണം പൊളിച്ച് നീക്കണമെന്നും ചൂണ്ടിക്കാട്ടി തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ കത്ത് ലഭിച്ച സാഹചര്യത്തിലാണ് നഗരസഭ തിടുക്കപ്പെട്ട് നടപടിയിലേക്ക് കടക്കുന്നത്.

മുനിസിപ്പല്‍ സെക്രട്ടറിയുടെ ഡ്രൈവറായ അരുണിനെ ആ തസ്തികയില്‍ അനധികൃതമായി നിയമിച്ചതും ഇയാളുടെ പിതാവായ രാമചന്ദ്രന്‍ നായരുടെ ഉടമസ്ഥതയില്‍ വര്‍ക്കല നഗരസഭ പാപനാശം ഡിവിഷനിലുള്ള സരസ്വതീ മന്ദിരം എന്ന കെട്ടിടത്തിന് മുകളില്‍ നഗരസഭയുടെ അനുവാദമില്ലാതെ ഒരു നില കെട്ടിപ്പൊക്കിയതും ചോദ്യം ചെയ്താണ് തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ നഗരസഭയ്ക്ക് കത്തയച്ചിരിക്കുന്നത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തിലാണ് അരുണിന്റെ നിയമനം നടന്നതെന്നും ആ സാഹചര്യം അവസാനിച്ച സാഹചര്യത്തില്‍ അരുണിനെ സേവനത്തില്‍നിന്നും ഒഴിവാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും കത്തില്‍ നിര്‍ദേശിക്കുന്നു.

രാമചന്ദ്രന്‍ നായര്‍ക്കൊപ്പം മറ്റ് എട്ടുപേരുംകൂടി കെട്ടിട നിര്‍മ്മാണത്തിനുള്ള അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍, ഒക്യുപെന്‍സി സര്‍ട്ടിഫിക്കറ്റ് ലഭിച്ചത് രാമചന്ദ്രന്‍ നായര്‍ക്ക് മാത്രമാണ്. ക്ലറിക്കല്‍ പിശക് കാരണമാണ് അങ്ങനെ സംഭവിച്ചതെന്ന് ഒക്യുപെന്‍സി സര്‍ട്ടിഫിക്കറ്റില്‍ ഒപ്പിട്ടുള്ള അസി.എഞ്ചിനീയര്‍ സ്റ്റേറ്റ്മെന്റ് നല്‍കിയ സാഹചര്യത്തില്‍ ഇക്കാര്യത്തിലും അടിയന്തിര നടപടികള്‍ കൈക്കൊള്ളണമെന്നും കത്തില്‍ വ്യക്തമാക്കുന്നു. അനധികൃത നിര്‍മ്മാണം പൊളിച്ചുനീക്കി വിവരം റിപ്പോര്‍ട്ട് നല്‍കണമെന്നും കത്തില്‍ നിര്‍ദേശിക്കുന്നുണ്ട്. എല്‍.എസ്.ജി.ഡി ജില്ലാ ജോയിന്റ് ഡയറക്ടര്‍ക്ക് വേണ്ടി ഡെപ്യൂട്ടി ഡയറക്ടറാണ് കത്തില്‍ ഒപ്പിട്ടിരിക്കുന്നത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *