

കണ്ണൂര്‍: ടി.പി.ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന കൊടി സുനിയുടെയും സംഘത്തിന്റെയും പരസ്യ മദ്യപാനത്തില്‍ കേസെടുക്കാനാവില്ലെന്ന് തലശ്ശേരി പോലീസ്. സ്വമേധയാ പൊലീസിന് കേസെടുക്കാന്‍ തെളിവില്ലെന്നും ആര്‍ക്കും പരാതിയില്ലെന്നും കഴിച്ചത് മദ്യം ആണെന്ന് തെളിയിക്കാന്‍ പറ്റാതെ കേസ് നില്‍ക്കില്ലെന്നുമുള്ള വിചിത്ര വാദമാണ് പോലീസ് ഉന്നയിക്കുന്നത്. പോലീസ് കാവലില്‍ കൊലക്കേസ് പ്രതികള്‍ മദ്യപിച്ചത് സേനയ്ക്ക് വലിയ തോതില്‍ നാണക്കേട് ഉണ്ടാക്കിയിരുന്നു. ഡി.ജി.പി റവാഡ ചന്ദ്രശേഖര്‍ ഇന്ന് കണ്ണൂരിലെത്തി ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥരുമായി ഇക്കാര്യമുള്‍പ്പെടെ കൂടിയാലോചന നടത്തും.


അതേസമയം, സി.പി.എം നേതൃത്വം പോലീസിന്റെ നിഷ്ക്രിയത്വ നടപടിയെ ന്യായീകരിച്ച് രംഗത്തെത്തിയിരുന്നു. വീഴ്ചയില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തുവെന്ന് സ്പീക്കര്‍ എ.എന്‍.ഷംസീറും പി.ജയരാജനും പ്രതികരിച്ചു. എന്നാല്‍, ഈ പ്രതികള്‍ക്ക് പരോള്‍ ഉള്‍പ്പെടെ ലഭിക്കാതാവുന്ന സാഹചര്യം ഒഴിവാക്കാന്‍ വേണ്ടിയാണ് ഈ സംഭവത്തില്‍ കേസെടുക്കാത്തതെന്ന് ആര്.എം.പി നേതാവും എം.എല്‍.എയുമായ കെ.കെ.രമ ആരോപിച്ചു. കഴിഞ്ഞ ജൂണ്‍ 17നായിരുന്നു പോലീസ് സേനയ്ക്കൊട്ടാകെ നാണക്കേടായ സംഭവം നടന്നത്. ഈ വിവാദങ്ങള്‍ക്കിടയിലും ടി.പി വധക്കേസിലെ മുഖ്യപ്രതികളിരൊളായ ടി.കെ.രജീഷിന് പരോള്‍ അനുവദിച്ചു.
