

വർക്കല: കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നുണ്ടോയെ ന്ന് പരിശോധന നടത്താനെത്തിയ വർക്കല നഗരസഭ ഉദ്യോഗസ്ഥർക്ക് മർദ്ദനം. നഗരസഭയുടെ വാഹനവും അക്രമികൾ അടിച്ചു തകർത്തു. വർക്കല നഗരസഭ കണ്ണ്വാശ്രമം പത്താം വാർഡിലാണ് സംഭവം നടന്നത്.സെക്ടറൽ മജിസ്ട്രേറ്റിന്റെ നിർദ്ദേശപ്രകാരം പരിശോധനയ്ക്കെത്തിയ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അനീഷ്, ഡ്രൈവർ അരുൺ എന്നിവർക്കാണ് മർദ്ദനമേറ്റത്.
ഇന്ന് വൈകിട്ട് നാലരയോടെയാണ് ഇവർ മന്നാനിയ മാലിന്യ പ്ലാന്റിന് സമീപം പരിശോധനയ്ക്ക് എത്തിയത്. കോവിഡ് പ്രോട്ടോകോൾ പ്രകാരം ഉള്ള സമയപരിധി കഴിഞ്ഞിട്ടും ഈ പ്രദേശത്ത് പ്രവർത്തിച്ചിരുന്ന പലവ്യഞ്ജന കടയിൽ നിന്നും വിവരങ്ങൾ ശേഖരിച്ച ശേഷം വാഹനത്തിൽ തിരികെ മടങ്ങാൻ ശ്രമിക്കവെയായിരുന്നു അക്രമികൾ ഉദ്യോഗസ്ഥർക്ക് നേരെ അക്രമം അഴിച്ചുവിട്ടത്. മാസ്കോ സാമൂഹ്യ അകലമോ പാലിക്കാതെ കൂട്ടം കൂടി നിന്ന് പതിനഞ്ചോളം വരുന്ന സംഘത്തെ ചോദ്യം ചെയ്തതോടെയായിരുന്നു ആക്രമണം.
മാസ്ക് ഉപയോഗിക്കാത്തതെന്താണെന്ന ചോദ്യത്തിന് അസഭ്യവർഷവും ശാരീരികാക്രമണവും ആയിരുന്നു മറുപടി എന്ന് നഗരസഭ ഉദ്യോഗസ്ഥർ പറഞ്ഞു. തടിക്കഷണം കൊണ്ട് കഴുത്തിൽ ഇടിച്ചതായും, വാളുപയോഗിച്ച് ആക്രമിച്ചതായും ഡ്രൈവർ അരുൺ വ്യക്തമാക്കിയിട്ടുണ്ട്. വാഹനത്തിന്റെ മുൻവശത്തെ ഗ്ലാസ് അടിച്ചുതകർക്കുകയും ഇൻഡിക്കേറ്റർ തകർക്കുകയും ചെയ്തതായും അരുൺ വ്യക്തമാക്കി. ആക്രമണത്തിന് നേതൃത്വം നൽകിയത് സഹദ് എന്ന വ്യക്തിയാണെന്നും നഗരസഭ ഉദ്യോഗസ്ഥർ പറഞ്ഞു. സഹദിനൊപ്പം നൗഫൽ, ഷമീർ, കുഞ്ഞുമോൻ എന്നിവരും അക്രമസംഘത്തിലുണ്ടായിരുന്നുവെന്ന് ഡ്രൈവർ അരുൺ വ്യക്തമാക്കി. സംഭവം വിശദമാക്കി നഗരസഭ സെക്രട്ടറി വർക്കല പോലീസിൽ പരാതി നൽകിയിട്ടുണ്ട്. മർദ്ദനത്തിനിരയായ നഗരസഭ ഉദ്യോഗസ്ഥരെ വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവർ അരുണിനെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുകയും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ അനീഷിനെ പ്രാഥമിക ശുശ്രൂഷ നൽകി വിട്ടയച്ചു. വർക്കല നഗരസഭാ ചെയർമാൻ കെ .എം .ലാജി ,ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ നിതിൻ നായർ, പ്രതിപക്ഷ നേതാവ് അഡ്വ : അനിൽകുമാർ , കൗൺസിലർ സലിം എന്നിവർ സംഭവത്തിൽ ശക്തമായി അപലപിച്ചു. വർക്കല പോലീസ് സംഘം ആശുപത്രിയിലെത്തി മർദ്ദനത്തിനിരയായ ഉദ്യോഗസ്ഥരിൽ നിന്നും മൊഴി രേഖപ്പെടുത്തി .ജില്ലാ പോലീസ് മേധാവിയുൾപ്പടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് പരാതി നല്കിയിട്ടുടെന്നും ,പ്രതികൾക്കെതിരെ കർശന നിയമ നടപടി കൾ സ്വീകരിക്കുമെന്ന് ചെയർമാൻ കെ .എം ലാജി വ്യക്തമാക്കി.
സംഭവം നടന്ന കണ്വാശ്രമം വാർഡിൽ നിലവിൽ 31 കോവിഡ് പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതേ തുടർന്ന് ഈ വാർഡിൽ ഇന്നു നടത്തിയ ആന്റിജൻ പരിശോധനയിൽ നൂറിൽ 14 പേർക്ക് പോസിറ്റീവ് ആയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇവിടെ കോവിഡ് പ്രോട്ടോകോൾ ലംഘനം ഉണ്ടോ എന്ന കാര്യത്തിൽ കർശന പരിശോധനയ്ക്ക് സെക്ടറൽ മജിസ്ട്രേറ്റ് നിർദ്ദേശം നൽകിയത്.