
വര്‍ക്കല: വര്‍ക്കലയിലെ കോണ്‍ഗ്രസ് രാഷ്ട്രീയം മെഗാ ട്വിസ്റ്റിലേക്ക്. സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് വര്‍ക്കല കഹാര്‍ സ്വതന്ത്രനായി മത്സരിച്ചേക്കുമെന്നാണ് വര്‍ക്കലയിലെ കോണ്‍ഗ്രസ് രാഷ്ട്രീയ വൃത്തങ്ങളില്‍ നിന്ന് പുറത്തുവരുന്ന സൂചനകള്‍. അങ്ങനെ സംഭവിച്ചാല്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ വര്‍ക്കല മണ്ഡലം കേരളമൊട്ടാകെ ചര്‍ച്ച ചെയ്യപ്പെടും. കാരണം കെ.പി.സി.സി നിര്‍വ്വാഹക സമിതിയംഗമാണ് വര്‍ക്കല കഹാര്‍.
വര്‍ക്കലയിലെ കോണ്‍ഗ്രസ് സംവിധാനത്തിന്റെ ഭൂരിപക്ഷവും കഹാറിനൊപ്പം നിലകൊള്ളുന്നവരാണ്. അഡ്വ.ബി.ഷാലിയാണ് വര്‍ക്കല മണ്ഡലത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പരിഗണനയിലുള്ളതെന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെ നടന്ന പ്രതിഷേധ പ്രകടനം ഇതിന് തെളിവാണ്. ഇന്ന് രാവിലെ കഹാറിന് വേണ്ടി നടന്ന പ്രതിഷേധ പ്രകടനത്തില്‍ വര്‍ക്കല കോണ്‍ഗ്രസിന്റെ വിവിധ ഘടകങ്ങളിലെ ഭൂരിപക്ഷം നേതാക്കളും പങ്കെടുത്തിരുന്നു.
12 മണ്ഡലം പ്രസിഡന്റുമാരും മഹിളാ കോണ്‍ഗ്രസ്, ദളിത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാരും ഡി.സി.സി അംഗം അസീം ഹുസൈനും രാജി ഭീഷണിയും ഉയര്‍ത്തിയിട്ടുണ്ട്. വര്‍ക്കലയിലെ പ്രവര്‍ത്തകരുടെ വികാരം മാനിക്കാതെയാണ് നേതൃത്വം അഡ്വ.ഷാലിയെ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നതെന്നാണ് പാര്‍ട്ടി പ്രതിഷേധ പ്രകടനത്തിന് നേതൃത്വം കൊടുത്ത നേതാക്കള്‍ പറഞ്ഞത്. അതുകൊണ്ടുതന്നെ പാര്‍ട്ടിയിലെ ഭൂരിപക്ഷ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും പിന്തുണയോടെ കഹാര്‍ വിമതനായി രംഗത്തിറങ്ങാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് രാഷ്ട്രീയ നിരീക്ഷകരും അഭിപ്രായപ്പെടുന്നു.
2001 മുതല്‍ 2016 വരെ തുടര്‍ച്ചയായി 3 തവണ എം.എല്‍.എയായ നേതാവാണ് കഹാര്‍. കഴിഞ്ഞ തവണ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ.വി.ജോയിയോട് പരാജയപ്പെട്ടെങ്കിലും വര്‍ക്കലയില്‍ നല്ല സ്വാധീനമുള്ള നേതാവെന്ന നിലയില്‍ കഹാറിന്റെ വിമത നീക്കം കോണ്‍ഗ്രസിന് മണ്ഡലത്തില്‍ വന്‍ തിരിച്ചടിയായേക്കും. കേരള ഹെഡ് ലോഡ് വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് ചെയര്‍മാന്‍, തിരുവനന്തപുരം ഹെഡ് ലോഡ് വര്‍ക്കേഴ്‌സ് യൂണിയന്റെ സ്ഥാപക പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള കഹാറിന് തൊഴിലാളികള്‍ക്കിടയിലും നല്ല സ്വീധനമാണുള്ളത്.
അപ്രതീക്ഷിതമായാണ് ഷാലിയുടെ പേര് കോണ്‍ഗ്രസ് സാധ്യതാ പട്ടികയില്‍ ഉള്‍പ്പെട്ടത്. വര്‍ക്കല കഹാറിന്റെ പേരാണ് മണ്ഡലത്തില്‍ അനൗദ്യോഗികമായി പരക്കെ പറഞ്ഞുകേട്ടിരുന്നത്. രമേശ് ചെന്നിത്തലയുടെ ഐശ്വര കേരള യാത്രയിലും വര്‍ക്കല കഹാര്‍ നിറഞ്ഞുനിന്നതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും അദ്ദേഹമായിരിക്കും സ്ഥാനാര്‍ത്ഥിയെന്ന പ്രതീതിയിലായിരുന്നു.
തുടര്‍ച്ചയായി 15 വര്‍ഷം കൈവശം വച്ചിരുന്ന മണ്ഡലം തിരിച്ചുപിടിക്കാനിറങ്ങുന്ന കോണ്‍ഗ്രസിന് കാര്യങ്ങള്‍ അത്ര ലളിതമല്ല. പതിവില്‍നിന്ന് വിരുദ്ധമായി ഇത്തവണ ശക്തമായ ത്രികോണ മത്സരമാണ് വര്‍ക്കലയില്‍ നടക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിലെ മികച്ച പ്രകടനത്തിലൂടെ ബി.ജെ.പി കൂടി ശക്തമായ സാന്നിധ്യമായി മാറിക്കഴിഞ്ഞു വര്‍ക്കലയില്‍. ഈയൊരു സാഹചര്യത്തില്‍ കഹാറിന്റെ വിമത നീക്കം വര്‍ക്കലയിലെ കോണ്‍ഗ്രസിനെ സമ്പൂര്‍ണ്ണ തകര്‍ച്ചയിലേക്കാവും എത്തിക്കുക.