
തിരുവനന്തപുരം: തിരുവനന്തപുരം എം.പി ശശി തരൂരിനെ ഇറക്കി നേമം പിടിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നീക്കം നടത്തുന്നു. ഈ തന്ത്രത്തിന് പിന്നില്‍ രാഹുല്‍ ഗാന്ധി നടത്തിയ ഇടപെടലാണെന്നാണ് ലഭിക്കുന്ന വിവരം. ശശി തരൂരിന്റെ വിശ്വപൗരന് എന്ന ഇമേജ് മുതലാക്കി ബി.ജെ.പിയില്‍നിന്ന് നേമം തിരിച്ചെടുക്കാമെന്നാണ് ഹൈക്കമാന്‍ഡിന്റെ കണക്കുകൂട്ടല്‍.
ശശി തരൂരിനെ മത്സരിപ്പിച്ച് നേമം സീറ്റ് പിടിച്ചെടുത്താല്‍ അത് രാജ്യവ്യാപകമായി കോണ്‍ഗ്രസിന് ഗുണംചെയ്യുമെന്നാണ് രാഹുലിന്റെ നിരീക്ഷണം. മാത്രമല്ല, കേരളത്തിലെ ഗ്രൂപ്പുപോര് ഒരുപരിധിവരെ നിയന്ത്രിക്കാനും തരൂരിലൂടെ സാധിക്കും. തരൂരിലൂടെ യുവാക്കളെയും പാര്‍ട്ടിക്കു പുറത്തുള്ള വോട്ടുകളെയും കോണ്‍ഗ്രസിനൊപ്പമെത്തിക്കാന്‍ സാധിക്കുമെന്നാണു കോണ്‍ഗ്രസിന്റെ പ്രതീക്ഷ.
എന്നാല്‍, ചില സംസ്ഥാന നേതാക്കള്‍ക്ക് തരൂരിനെ നേമത്ത് മത്സരിപ്പിക്കുന്നതിനോട് അത്ര താല്പര്യമില്ലെന്നാണ് സൂചന. എ.കെ. ആന്റണിയും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും തരൂരിന്റെ സ്ഥാനാര്‍ത്ഥിത്വത്തോട് അനുകൂലമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ രാഹുല്‍ വയനാട്ടില്‍ മത്സരിച്ചത് കേരളമൊട്ടാകെ കോണ്‍ഗ്രസിന് ഗുണംചെയ്തുവെന്ന വിലയിരുത്തലുണ്ട്.
അതുപോലെ ഒരു തരംഗം നിയമസഭ തെരഞ്ഞെടുപ്പില്‍ തരൂരിലൂടെ സൃഷ്ടിക്കാനാണ് കോണ്‍ഗ്രസ് നീക്കം. ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാല്‍ എന്നിവരും ഈ നീക്കത്തോട് യോജിക്കുമെന്നാണ് ഹൈക്കമാന്‍ഡ് പ്രതീക്ഷിക്കുന്നത്. എന്നാല്‍, കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തുനിന്ന് തരൂര്‍ ജയിച്ചെങ്കിലും നേമത്ത് രണ്ടാം സ്ഥാനത്ത് എത്താനേ സാധിച്ചുള്ളൂവെന്ന വസ്തുതയും നിലനില്‍ക്കുന്നുണ്ട്.