Breaking News

വര്‍ക്കലയെ വിഴുങ്ങി അനധികൃത പരസ്യ ബോര്‍ഡുകള്‍; കണ്ട ഭാവം നടിക്കാതെ നഗരസഭ അധികൃതര്‍

വര്‍ക്കല: അനധികൃത പരസ്യ ബോര്‍ഡുകള്‍ വര്‍ക്കലയെ വിഴുമ്പോഴും കണ്ട ഭാവം നടിക്കാതെ നഗരസഭ അധികൃതര്‍. വര്‍ക്കല മൈതാനം കേന്ദ്രീകരിച്ച് സ്ഥാപിച്ചിരിക്കുന്ന പരസ്യ ബോര്‍ഡുകളില്‍ പലതും പൊതുജനത്തിന് വാഹനങ്ങള്‍ തിരിയുന്നതുപോലും കാണാന്‍ സാധിക്കാത്ത തരത്തിലാണ്. ഇത്തരത്തില്‍ ജനങ്ങളുടെ ജീവന് തന്നെ ഭീഷണിയാകുന്ന തരത്തില്‍ പരസ്യ ബോര്‍ഡുകളും രാഷ്ട്രീയ പാര്‍ട്ടികളുടെയും മറ്റ് സംഘടനകളുടെയും ബോര്‍ഡുകള്‍ സ്ഥാനം പിടിക്കുമ്പോഴും അതിനെതിരെ നടപടിയെടുക്കാന്‍ അധികൃതര്‍ തയാറാകുന്നില്ല. വര്‍ക്കല പോലീസ് സ്‌റ്റേഷന് മുന്നില്‍നിന്ന് കല്ലമ്പലത്തേക്ക് തിരിയുന്ന സ്ഥലത്ത് സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡുകള്‍ വാഹമോടിക്കുന്നവരുടെയും കാല്‍നട യാത്രക്കാരുടെയും കാഴ്ച മറയ്ക്കുന്ന തരത്തിലാണ് സ്ഥാപിച്ചിരിക്കുന്നത്. ഇത് ഈ ഭാഗത്ത് അപകട സാധ്യത വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഇലക്ട്രിക് പോസ്റ്റുകളിലും പരസ്യ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്.

ജി.എസ്.ടി നിലവില്‍ വന്നതിന് ശേഷം പൊതുസ്ഥലം പരസ്യം ചെയ്യുന്നതിനായി വ്യാപാരസ്ഥാപനങ്ങള്‍ക്കും മറ്റും പണം ഈടാക്കി വിട്ടുനല്‍കുന്നത് നഗരസഭ നിര്‍ത്തിവച്ചിരിക്കുകയാണ്. അപ്പോഴാണ് വര്‍ക്കല നഗരത്തിന്റെ മുക്കിലും മൂലയിലും മാത്രമല്ല റോഡിന് നടുക്കുള്ള ഡിവൈഡറിലും പരസ്യ ബോര്‍ഡുകള്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. ഇതില്‍ ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികളും ഒട്ടും പിന്നിലല്ല. ഇപ്പോള്‍തന്നെ ഫ്‌ളക്‌സ് ബോര്‍ഡുകളുടെ ആധിക്യം അനുഭവപ്പെടുന്ന വര്‍ക്കല നഗരത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പുകൂടി അടുക്കുമ്പോള്‍ പൊതുജനത്തിന് വഴിനടക്കാന്‍പോലും സാധിക്കാത്ത തരത്തില്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ കൊണ്ട് നിറയുന്ന സാഹചര്യമാകും സൃഷ്ടിക്കപ്പെടുക.

അതേസമയം, ഇലക്ട്രിക് പോസ്റ്റുകളിലെ അനധികൃത പരസ്യബോര്‍ഡുകള്‍ നീക്കം ചെയ്യാനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞതായി കെ.എസ്.ഇ.ബി അറിയിച്ചു. പരസ്യ ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത് അനധികൃതമാണെന്നും ചില സാങ്കേതികമായ കാരണങ്ങളാലാണ് ഇത്തരം പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്യുന്നതില്‍ താമസം നേരിടുന്നതെന്നും ഉടന്‍തന്നെ ഇതെല്ലാം നീക്കം ചെയ്യുമെന്നും നഗരസഭ അധികൃതരും വ്യക്തമാക്കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *