

വര്‍ക്കല: വര്‍ക്കലയില്‍ ഹോട്ടല്‍ ഭക്ഷണം കഴിച്ച് നിരവധി പേര്‍ക്ക് ഭക്ഷ്യവിഷബാധ. വര്‍ക്കല ടെംപിള്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന സ്‌പൈസി ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഭക്ഷ്യവിഷബാധയേറ്റവര്‍ വര്‍ക്കല താലൂക്ക് ആശുപത്രിയിലും മറ്റ് സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടി. താലൂക്ക് ആശുപത്രിയില്‍ ആറ് കുട്ടികള്‍ ഉള്‍പ്പെടെ 21 പേരാണ് ചികിത്സ തേടിയത്. ഇതില്‍ നാല് പേരെ മെഡിക്കല്‍ കോളേജിലേക്ക് അയച്ചിട്ടുണ്ട്. ഇപ്പോഴും ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ആളുകള്‍ ചികിത്സയ്ക്ക് എത്തിക്കൊണ്ടിരിക്കുന്ന സ്ഥിതിവിശേഷമാണുള്ളത്.

എസ്.എന്‍.മിഷന്‍ ഹോസ്പിറ്റലില്‍ കുട്ടികള്‍ ഉള്‍പ്പെടെ മുപ്പതോളം പേര്‍ ചികിത്സ തേടിയിട്ടുണ്ട്. ഇവരെല്ലാംതന്നെ ആശുപത്രിയില്‍ ഒബ്‌സര്‍വേഷനിലാണ്. ഹോട്ടലില്‍നിന്നും ഇന്നലെ ഭക്ഷണം കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഭക്ഷ്യവിഷബാധയേറ്റവരുടെ കൃത്യമായ വിവരം ലഭ്യമായിട്ടില്ല. താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിവരെ ബന്ധുക്കളെത്തി വിദഗ്ധ ചികിത്സയ്ക്കായി മറ്റ് ആശുപത്രികളിലേക്ക് കൊണ്ടുപോയിട്ടുണ്ട്. അതേസമയം, ഭക്ഷ്യവിഷബാധയേറ്റവരില്‍ ആരുടെയും നില ഗുരുതരമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല.

പാര്‍സല്‍ വാങ്ങി കഴിച്ചവരാണ് ഭക്ഷ്യവിഷബാധയേറ്റവരില്‍ കൂടുതലും. 7 മണിക്ക് ഓര്‍ഡര്‍ ചെയ്ത ആഹാരം 8.45 നാണ് വീട്ടില്‍ എത്തിച്ചതെന്ന് ഭക്ഷ്യവിഷബാധയേറ്റവരുടെ ബന്ധുവായ ഓടയം സ്വദേശി ബീക്കണ്‍ ന്യൂസിനോട് പറഞ്ഞു. ഇയാളുടെ വീട്ടില്‍ 3 പേരാണ് സ്‌പൈസി ഹോട്ടലില്‍നിന്ന് വാങ്ങിയ അല്‍ഫാം കഴിച്ചത്. തുടര്‍ന്ന് കഴിച്ച മൂന്ന് പേര്‍ക്കും ഇന്നലെ തന്നെ വയറുവേദന, വയറിളക്കം, ഛര്‍ദ്ദി എന്നിവ അനുഭവപ്പെടുകയായിരുന്നു. ഇന്ന് രാവിലെ ശരീരം തളര്‍ച്ച അനുഭവപ്പെട്ടതോടെയാണ് ആശുപത്രിയില്‍ ചികിത്സ തേടിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭക്ഷ്യവിഷബാധയേറ്റ പലരുമായും ബന്ധപ്പെട്ടപ്പോള്‍ അവര്‍ക്കെല്ലാം സമാന വിവരങ്ങളാണ് ബീക്കണ്‍ ന്യൂസിനോട് പറയാനുണ്ടായിരുന്നത്. കുഴിമന്തി, അല്‍ഫാം, ഷവര്‍മ്മ തുടങ്ങി ഭക്ഷണ സാധനങ്ങളില്‍ മാത്രമാണ് കാര്യമായ വ്യത്യാസം ഉണ്ടായിരുന്നത്. ഏറെക്കുറെ പേര്‍ക്കും ഒരേ തരത്തിലുള്ള രോഗലക്ഷണങ്ങളാണ് അനുഭവപ്പെട്ടത്.

ഹോട്ടലില്‍നിന്നും ഭക്ഷണം പാര്‍സലായി കൊടുക്കുമ്പോള്‍ പാലിക്കേണ്ട മിനിമം നിയമം പോലും ഹോട്ടല്‍ അധികൃതര്‍ കാണിച്ചിരുന്നില്ല എന്നാണ് ബീക്കണ്‍ ന്യൂസിന്റെ അന്വേഷണത്തില്‍ നിന്നും വ്യക്തമായത്. പാര്‍സര്‍ ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ പായ്ക്കറ്റിന് പുറത്ത് ഭക്ഷണം പാചകം ചെയ്ത സമയവും ഇത്ര സമയത്തിനകം കഴിക്കണമെന്നതും വ്യക്തമാക്കുന്ന സ്റ്റിക്കര്‍ പതിക്കണമെന്ന നിയമം ഈ ഹോട്ടല്‍ പാലിച്ചിരുന്നില്ല എന്നതാണ് വസ്തുത. പാര്‍സര്‍ ഭക്ഷണത്തില്‍ പായ്ക്കറ്റിന് പുറത്ത് ഇക്കാര്യങ്ങള്‍ രേഖപ്പെടുത്തുന്നുണ്ടോയെന്ന് പരിശോധിക്കേണ്ട ആരോഗ്യവിഭാഗം അധികൃതരുടെ അനാസ്ഥയാണ് ഈ സംഭവത്തിലൂടെ വെളിവാകുന്നത്.

നിയമലംഘനം നടത്തിയാല്‍ അതിന്റെ നിയമപരമായ ഭവിഷ്യത്ത് അനുഭവിക്കേണ്ട വരുമെന്ന യാതൊരുവിധ ഭയവും ഹോട്ടല്‍ അധികൃതര്‍ക്ക് ഇല്ലായെന്നത് പൊതുജനം അനുഭവിക്കുന്ന ഗതികേട് തന്നെയാണെന്ന് പറയേണ്ടിവരും. ഭക്ഷ്യവിഷബാധയേറ്റവരില്‍ ഭൂരിപക്ഷവും പാര്‍സര്‍ വാങ്ങി കഴിച്ചതാണെന്നതില്‍നിന്നും ഇക്കാര്യം വളരെ വ്യക്തമാണ്. 7 മണിക്ക് ഓര്‍ഡര്‍ ചെയ്ത മയോണൈസ് അടങ്ങിയ ഭക്ഷണം ലഭിച്ചത് രണ്ട് മണിക്കൂറിന് ശേഷമാണെന്ന് ഭക്ഷ്യവിഷബാധയേറ്റവര്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍, ഇത്ര സമയത്തിനകം ഇത് കഴിക്കണമെന്ന നിയമപരമായ മുന്നറിയിപ്പ് ഹോട്ടല്‍ അധികൃതര്‍ ആര്‍ക്കും തന്നെ നല്‍കിയിട്ടില്ല.

പാര്‍സര്‍ ഭക്ഷണ പദാര്‍ത്ഥങ്ങളില്‍ പായ്ക്കറ്റിന് പുറത്ത് ഭക്ഷണം പാചകം ചെയ്ത സമയവും ഇത്ര സമയത്തിനകം കഴിക്കണമെന്നതും വ്യക്തമാക്കുന്ന സ്റ്റിക്കര്‍ പതിക്കണമെന്ന നിയമം നിലവില്‍ വന്നിട്ട് ഒരു വര്‍ഷത്തോളമായെങ്കിലും നിയമം നടപ്പാക്കുന്നതില്‍ ഇതുവരെ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. കഴിഞ്ഞ ജനുവരി മാസത്തിലാണ് ഇതുമായി ബന്ധപ്പെട്ട പരിശോധനകള്‍ തുടങ്ങിയതെന്നാണ് ഫുഡ് ആന്‍ഡ് സേഫ്റ്റി അധികൃതരില്‍നിന്ന് ലഭിക്കുന്ന വിവരം. ഫെബ്രുവരിയില്‍ പരിശോധനകള്‍ നടത്തിയിട്ടുമില്ല. അധികൃരുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഇത്തരം അനാസ്ഥയാണ് ഹോട്ടല്‍ അധികൃതരെ നിയമം പാലിക്കുന്നതില്‍നിന്ന് പിന്തിരിപ്പിക്കാനുള്ള പ്രധാന കാരണമെന്ന് പറയാം.
അതേസമയം, സ്‌പൈസി ഹോട്ടലിനെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ഫുഡ് ആന്‍ഡ് സേഫ്റ്റി വര്‍ക്കല സര്‍ക്കിള്‍ ഓഫീസ് അറിയിച്ചു. ഹോട്ടലിന്റെ ലൈസന്‍സ് റദ്ദാക്കുന്നതടക്കമുള്ള നടപടികള്‍ ശുപാര്‍ശ ചെയ്യുന്ന വിശദമായ റിപ്പോര്‍ട്ട് മേലധികാരികള്‍ക്ക് അയയ്ക്കുമെന്നും ഫുഡ് ആന്‍ഡ് സേഫ്റ്റി ഓഫീസ് അറിയിച്ചിട്ടുണ്ട്.