Breaking News

വര്‍ക്കല ബി.ജെ.പിയില്‍ അതൃപ്തി പുകയുന്നു; രാജിക്കാര്യം സ്ഥിരീകരിച്ച് മണ്ഡലം പ്രസിഡന്റ്

അജുലാല്‍

വര്‍ക്കല: നിയമസഭ തെരഞ്ഞെടുപ്പ് അടുത്തുവരവെ വര്‍ക്കല ബി.ജെ.പി പ്രാദേശിക ഘടകത്തില്‍ അതൃപ്തി പുകയുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം മണ്ഡലം പ്രസിഡന്റ് അജുലാല്‍ ജില്ലാ നേതൃത്വത്തിന് രാജിക്കത്ത് കൈമാറിയിരുന്നു. പിന്നാലെ, സോഷ്യല്‍ മീഡിയ വഴി രാജിക്കാര്യത്തില്‍ സ്ഥിരീകരണവും നടത്തി. പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങളാണ് തന്റെ രാജിക്ക് കാരണമെന്നാണ് അദ്ദേഹം സോഷ്യല്‍ മീഡിയയിലെ കുറിപ്പിലൂടെ വ്യക്തമാക്കുന്നത്.
വര്‍ക്കല മണ്ഡലത്തില്‍ പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പിസം പാര്‍ട്ടിയെ വലിയ അപകടത്തില്‍ കൊണ്ടെത്തിക്കുമെന്ന് കുറിപ്പില്‍ അജുലാല്‍ മുന്നറിയിപ്പ് നല്‍കുന്നു. മണ്ഡലം പ്രസിഡന്റ് എന്ന നിലയില്‍ എടുക്കുന്ന തീരുമാനങ്ങള്‍ പലതും അട്ടിമറിക്കപ്പെടുന്നു. മീറ്റിങ്ങുകളില്‍ ഉരുത്തിരിയുന്ന അഭിപ്രായങ്ങള്‍ മിനിട്‌സ് ബുക്കില്‍ തെറ്റായാണ് രേഖപ്പെടുത്തുന്നത്. ചില സംഘടിത ഗ്രൂപ്പിസക്കാരാണ് ഇതിന്റെയൊക്കെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. വര്‍ക്കല നഗരസഭയില്‍ ഇപ്പോള്‍ പാര്‍ട്ടിയില്‍ നടന്ന പല കാര്യങ്ങളും തീരുമാനങ്ങളും ഇത്തരം സംഘടിത ഗ്രൂപ്പിസക്കാര്‍ തിണ്ണമിടുക്കിന്റെയും സ്വാധീനത്തിന്റെയും സഹായത്താല്‍ നടപ്പാക്കിയവയാണ്. ഗ്രൂപ്പിസത്തിന്റെ വക്താക്കള്‍ പാര്‍ട്ടിയുടെ മേല്‍ ഘടകത്തെയും തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. ഗ്രൂപ്പിസത്തിന്റെ ഭാഗമാകാന്‍ തനിക്ക് താല്‍പര്യമില്ല-ഇങ്ങനെയാണ് കുറിപ്പിലെ പരാമര്‍ശങ്ങള്‍.
അതേസമയം, അജുലാലിന്റെ രാജിക്കത്ത് പാര്‍ട്ടി ജില്ലാ നേതൃത്വം സ്വീകരിച്ചിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. മണ്ഡലം പ്രസിഡന്റിന്റെ രാജിക്കത്ത് തനിക്ക് ലഭിച്ചിട്ടില്ലെന്നും ഇക്കാര്യത്തില്‍ യാതൊരു ധാരണയുമില്ലെന്നാണ് ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ് കഴിഞ്ഞ ദിവസം പ്രതികരിച്ചത്. ജില്ലാ പ്രസിഡന്റിന്റെ നിലപാട് പ്രശ്‌ന പരിഹാരത്തിനുള്ള ശ്രമത്തിന്റെ ഭാഗമായും കരുതാം. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന അവസരത്തില്‍ ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിച്ച് രാജി വിഷയം ജനശ്രദ്ധയില്‍ പെടാതെ അവസാനിപ്പിക്കാനാവും നേതൃത്വം ശ്രമിക്കുക.

Related posts

Leave a Reply

Your email address will not be published. Required fields are marked *