Breaking News

നിയമസഭയില്‍ വാക്‌പോര്: പഴിചാരലും പരിഹാസവും ട്രോളും വേണ്ടുവോളം

പി.ടി.തോമസ്, പിണറായി വിജയന്‍, രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഇന്ന് നിയമസഭയില്‍ നടന്നത് വാക്കുകള്‍കൊണ്ടുള്ള പൊരിഞ്ഞ പോരാട്ടം. അതില്‍, ആരോപണങ്ങളും പഴിചാരലുകളും പരിഹാസവുമൊക്കെ വേണ്ടുവോളം. പിണറായി സര്‍ക്കാരിന്റെ അവസാന നിയമസഭാ സമ്മേളനമാണ് ആരോപണ-പ്രത്യാരോപണ-പരിഹാസ വാക്കുകള്‍കൊണ്ട് സമ്പന്നമായത്. പി.ടി.തോമസ് അടിയന്ത പ്രമേയത്തിന് അനുമതി തേടിയതോടെയാണ് വാക്‌പോരിന് തുടക്കമായത്. സ്വര്‍ണക്കടത്തും സ്വപ്‌ന സുരേഷും പി.ടി.തോമസിന്റെ അനുമതി തേടലിന് എരിവ് പകര്‍ന്നു.
കടുത്ത ഭാഷയിലായിരുന്നു പി.ടി.തോമസിന്റെ വാക്കുകള്‍. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കരന്റെ അറസ്റ്റും അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി രവീന്ദ്രനെ ചോദ്യം ചെയ്തും സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സ്വര്‍ണക്കടത്തുകാരെ പിന്തുണയ്ക്കുന്ന താങ്കള്‍ ഒരു കമ്മ്യൂണിസ്റ്റാണോയെന്നും അദ്ദേഹം ചോദിച്ചു. ലാവ്‌ലിന്‍ അന്വേഷണ വേളയില്‍ ശിവശങ്കര്‍ പിണറായിക്ക് ഫയലുകള്‍ ചോര്‍ത്തി നല്‍കിയെന്നും അന്നുമുതലുള്ള അടുപ്പമാണ് മുഖ്യമന്ത്രിക്ക് ശിവശങ്കറിനോടെന്നും അദ്ദേഹം ആരോപിച്ചു.
ആദ്യ മുഖ്യമന്ത്രി ഇ.എം.എസ് ആണെങ്കില്‍ ആദ്യം ജയിലില്‍ കിടന്ന മുഖ്യമന്ത്രി പിണറായി ആയിരിക്കുമെന്നും പി.ടി.തോമസ് പറഞ്ഞു. മുഖ്യമന്ത്രിയുടെ വീട്ടിലെ വിവാഹത്തലേന്ന് സ്വപ്‌ന വന്നിരുന്നോ? മുഖ്യമന്ത്രിയുമായി അടുപ്പമുള്ളവരില്‍നിന്ന് അന്വേഷണ ഏജന്‍സികള്‍ വിവരങ്ങള്‍ തേടിയിട്ടുണ്ടോ? മുഖ്യമന്ത്രിയെ സ്വപ്‌നയ്ക്ക് പരിചയപ്പെടുത്തിയത് ആരാണ്? തുടങ്ങിയ ചോദ്യങ്ങളും അദ്ദേഹം ഉന്നയിച്ചു. നവോത്ഥാന നായകനായ മുഖ്യമന്ത്രി അധോലോക നായകനായി മാറരുതെന്നും അദ്ദേഹം പറഞ്ഞു.
കടുത്ത ഭാഷയിലായിരുന്നു ഇതിനുള്ള മുഖ്യമന്ത്രിയുടെ മറുപടിയും. പൂരപ്പാട്ടിനുള്ള വേദിയായി നിയമസഭയെ കാണരുതെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ടായിരുന്നു അദ്ദേഹം പ്രസംഗം തുടങ്ങിയത്. ജയിലിലെന്നൊക്കെ പറഞ്ഞ് കമ്മ്യൂണിസ്റ്റുകാരെ പേടിപ്പിക്കരുത്. നേരത്തെ പലരും അതിന് ശ്രമിച്ചിട്ടുണ്ട്. അപ്പോഴൊന്നും നട്ടെല്ല് വളച്ചിട്ടില്ല. ഇന്നും നിവര്‍ന്ന് തന്നെ നില്‍ക്കുന്നു. തന്നെ പിണറായി വിജയനാക്കിയത് പി.ആര്‍.ഏജന്‍സികളല്ല. ഞാനൊരു പ്രത്യേക ജനുസാണ്. പ്രതിപക്ഷം പറഞ്ഞതുകൊണ്ടൊന്നും ഞാന്‍ അധോലോക നായകനാവില്ല-പിണറായി പറഞ്ഞു.
പരിഹാസത്തില്‍ പൊതിഞ്ഞാണ് പ്രതിപക്ഷ നേതാവിന്റെ വാക്കുകള്‍ പുറത്തേക്ക് വന്നത്. താനൊരു വലിയ സംഭവമാണെന്ന് ഒരു മുഖ്യമന്ത്രി സ്വയം വിളിച്ചുപറഞ്ഞത് പരിഹാസ്യമായിപ്പോയെന്നും വേറെ ആരെയെങ്കിലും കൊണ്ട് പറയിപ്പിച്ചാല്‍ മതിയായിരുന്നുവെന്നും പറഞ്ഞാണ് അദ്ദേഹം പ്രസംഗം തുടങ്ങിയത്. ഇത് വലിയ തള്ളായിപ്പോയി. ഇങ്ങനെ തള്ളേണ്ടിയിരുന്നില്ല. കുറച്ചൊക്കെ മയത്തില്‍ തള്ളണമെന്നും ചെന്നിത്തല ട്രോള്‍ രൂപത്തില്‍ പറഞ്ഞു.
പിണറായിക്ക് ശക്തമായ മറുപടിയാണ് ചെന്നിത്തല നല്‍കിയത്. വി.എസിനെ ഒതുക്കിയാണ് പിണറായി ആ സ്ഥാനത്തേക്ക് വന്നതെന്ന് പറഞ്ഞ് ചെന്നിത്തല കോണ്‍ഗ്രസിലെ ഗ്രൂപ്പുകളിയെക്കുറിച്ചുള്ള പിണറായിയുടെ പരാമര്‍ശത്തിന് മറുപടി നല്‍കി. ലാവ്‌ലിന്‍ കേസ് നിരന്തരം മാറ്റിവയ്ക്കുന്നത് സി.പി.എം-ബി.ജെ.പി കൂട്ടുകെട്ടിന്റെ തെളിവാണെന്ന് പറഞ്ഞ ചെന്നിത്തല മുഖ്യമന്ത്രി വിശുദ്ധനാവാന്‍ ശ്രമിക്കുകയാണെന്നും അഭിപ്രായപ്പെട്ടു. ഇവിടെ ചെകുത്താന്‍ വേദമോതുകയാണ്. സ്വന്തം ഓഫീസ് നിയന്ത്രിക്കാനറിയാത്ത മുഖ്യമന്ത്രി എങ്ങനെ കേരളത്തെ നിയന്ത്രിക്കുമെന്നും അദ്ദേഹം ചോദിച്ചു. അമ്മയും അച്ഛനും ഉണ്ടെന്ന് പറഞ്ഞ് ചാനലുകള്‍ക്ക് മുന്നില്‍ കരഞ്ഞ ചരിത്രം ഓര്‍മ്മിപ്പിച്ചാണ് പ്രസംഗത്തിനിടെ ഇടപെട്ട ടി.വി.രാജേഷ് എം.എല്‍.എയെ ചെന്നിത്തല നേരിട്ടത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *