Breaking News

വര്‍ക്കല ബി.ഡി.ജെ.എസിനെന്ന് സൂചന; ആവശ്യപ്പെട്ടത് 30 മണ്ഡലങ്ങള്‍

പ്രതീകാത്മക ചിത്രം

വര്‍ക്കല: വര്‍ക്കല മണ്ഡലം ബി.ഡി.ജെ.എസിന് തന്നെയെന്ന് സൂചന. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ഡി.ജെ.എസ് മത്സരിച്ച സീറ്റാണ് വര്‍ക്കല. അങ്ങനെയെങ്കില്‍ കഴിഞ്ഞ തവണ മത്സരിച്ച അതേ സ്ഥാനാര്‍ത്ഥികള്‍തന്നെയാവും ഇത്തവണയും മുന്നണികള്‍ക്കുവേണ്ടി മത്സരരംഗത്തുണ്ടാവുക. എല്‍.ഡി.എഫ് അഡ്വ.വി.ജോയിയെയും യു.ഡി.എഫ് വര്‍ക്കല കഹാറിനെയും രംഗത്തിറക്കുമ്പോള്‍ എസ്.ആര്‍.എം.അജി എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയാവാനാണ് സാധ്യത. 19,834 വോട്ടാണ് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ബി.ഡി.ജെ.എസ് സ്ഥാനാര്‍ത്ഥിയിലൂടെ എന്‍.ഡി.എയ്ക്ക് ലഭിച്ചത്. ബി.ഡി.ജെ.എസിന് വിജയപ്രതീക്ഷയുള്ള സീറ്റാണ് വര്‍ക്കല. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ വര്‍ക്കല മണ്ഡലത്തില്‍ എന്‍.ഡി.എ വന്‍ നേട്ടമുണ്ടാക്കിയിരുന്നു.
ഇത്തവണ ബി.ഡി.ജെ.എസ് 30 മണ്ഡലങ്ങളാണ് ബി.ജെ.പിയോട് ആവശ്യപ്പെട്ടത്. ഇതില്‍ 27 സീറ്റെങ്കിലും ലഭിക്കുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍. തിരുവനന്തപുരം ജില്ലയില്‍ വര്‍ക്കലയും വാമനപുരവും ബി.ഡി.ജെ.എസിന് ലഭിച്ചേക്കും. എസ്.എന്‍.ഡി.പിക്ക് നിര്‍ണ്ണായക സ്വാധീനമുള്ള കൊല്ലത്ത് ഇരവിപുരം, കരുനാഗപ്പള്ളി മണ്ഡലങ്ങളിലും ആലപ്പുഴയില്‍ കായംകുളം, ചേര്‍ത്തല, കുട്ടനാട് സീറ്റുകളിലും ബി.ഡി.ജെ.എസ് സ്ഥാനാര്‍ത്ഥികളാവും മത്സരിക്കുക. നാളെയോടെ ബാക്കിയുള്ള സീറ്റുകളുടെ കാര്യത്തില്‍ വ്യക്തത വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *