
കൊച്ചി: ബാര്‍ കോഴ വിവാദവുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി കെ.ബാബുവിനെതിരെ എടുത്ത അഴിമതിക്കേസില്‍ തെളിവില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് വിജിലന്‍സ് അക്കാര്യം വ്യക്തമാക്കിയത്. കെ.ബാബുവിനെതിരായ 100 കോടിയുടെ അഴിമതിക്കേസ് നിലനില്‍ക്കില്ലെന്നും വിജിലന്‍സ് റിപ്പോര്‍ട്ടിലുണ്ട്.
മന്ത്രിയായിരിക്കെ കെ.ബാബു ബാറിന് ലൈസന്‍സ് അനുവദിച്ച വകയിലും മദ്യവില്‍പന ശാലകള്‍ പൂട്ടുന്നതിനുമായി 100 കോടി രൂപയുടെ അഴിമതി നടത്തിയെന്നായിരുന്നു വിജിലന്‍സ് കേസ്. എന്നാല്‍, ഈ കേസില്‍ കെ.ബാബു കുറ്റക്കാരനെന്ന് പറയാന്‍ തക്ക തെളിവുകളില്ലെന്നാണ് വിജിലന്‍സ് ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്. 2016-ലാണ് കെ.ബാബുവിനെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങിയത്.
തെളിവില്ലാത്ത സാഹചര്യത്തില്‍ തുടര്‍ നടപടികള്‍ അവസാനിപ്പിക്കണമെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. കെ.ബാബു നേരിട്ട് കൈക്കൂലി വാങ്ങിയെന്ന് പരാതിക്കാരന്‍ പോലും പറയുന്നില്ല. ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ പിരിച്ചെടുത്തതായി പറയുന്ന 3.79 കോടി രൂപ കേസ് നടത്തിപ്പിന് വേണ്ടി പിരിച്ചതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വിജിലന്‍സ് റിപ്പോര്‍ട്ട് ആശ്വാസം നല്‍കുന്നതെന്നാണ് ഇക്കാര്യത്തില്‍ കെ.ബാബുവിന്റെ പ്രതികരണം. രാഷ്ട്രീയ ലക്ഷ്യം വച്ച് തന്നെ ക്രൂശിക്കുകയായിരുന്നു. ഒടുവില്‍ സത്യം തെളിയുമെന്ന് ഉറച്ച് വിശ്വസിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കി. കോഴ ആരോപണത്തെ തുടര്‍ന്ന് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ കെ.ബാബുവിന് പരാജയം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.