

വർക്കല: പെൺകുട്ടികളെ വശീകരിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുന്ന കേസിൽ യുവാവ് അറസ്റ്റിൽ. ചെമ്മരുതി തോക്കാട്പ്രാലേയഗിരി ദാറുൽ ഇഷ്കിൽ ആസാദിനെ മകൻ മുഹമ്മദ് ഫൈസി (22 )യെയാണ് അയിരൂർ പോലീസ് അറസ്റ്റ് ചെയ്തത്. താഴെ വെട്ടൂരിൽ താമസിക്കുന്ന ഒരു ബന്ധുവിന്റ്റെ വീട്ടിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത് വർക്കല സ്വദേശിയായ പെൺകുട്ടിയുടെ പരാതിയിന്മേലാണ് അറസ്റ്റ്.
ഇൻസ്റ്റഗ്രാമിലൂടെ ആണ് പ്രതി ഫൈസി പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ചത്. അതിനുശേഷം പെൺകുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്യുകയും, നഗ്നചിത്രങ്ങൾ പകർത്തുകയും ചെയ്തു. ഈ നഗ്നചിത്രങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി പ്രതി പെൺകുട്ടിയെ തുടർന്നും പീഡിപ്പിക്കുകയും പണം അപഹരിക്കുകയും ചെയ്തു. പെൺകുട്ടിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന്
പ്രതിയുടെ അക്കൗണ്ടിലേക്ക് അമ്പതിനായിരം രൂപ ഭീഷണിപ്പെടുത്തി ട്രാൻസ്ഫർ ചെയ്യിച്ചിട്ടുണ്ട്. കൂടാതെ കൊല്ലുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പെൺകുട്ടിയുടെ മാലയും കമ്മലും പ്രതി
അപഹരിച്ചിട്ടുണ്ട് . വിശദമായ അന്വേഷണത്തിൽ പ്രതി ഫൈസൽ നിരവധി പെൺകുട്ടികളെ വശീകരിച്ച് പീഡിപ്പിച്ചു ഭീഷണിപ്പെടുത്തി പണവും മറ്റും അപഹരിച്ചിട്ടുള്ളതായി പോലീസ് പറഞ്ഞു.
ഇങ്ങനെ തട്ടിയെടുക്കുന്ന പണം പ്രതി വിനിയോഗിക്കുന്നത് ആഡംബര ജീവിതം നയിക്കാനാണെന്നും പോലീസ് വിശദമാക്കി. വർക്കല ഡിവൈഎസ്പി ബാബുക്കുട്ടന്റ്റെ നിർദ്ദേശപ്രകാരം അയിരൂർ സിഐ ഗോപകുമാറിന്റ്റെ നേതൃത്വത്തിൽ സ്പെഷ്യൽ സിവിൽ പോലീസ് ഓഫീസർ സി.പി. ഒ മാരായ സുഗുണൻ നായർ, സേവ്യർ, ഷംനാസ് എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത് . വർക്കല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.