Breaking News

വാമനപുരം നദി പുനരുജ്ജീവനം: നീര്‍ധാര പദ്ധതിയുടെ യോഗം ചേര്‍ന്നു

വാമനപുരം നദി (കടപ്പാട്-വിക്കി പീഡിയ)

ആറ്റിങ്ങല്‍: വാമനപുരം നദി പുനരുജ്ജീവനം ലക്ഷ്യമിടുന്ന നീര്‍ധാര പദ്ധതിയുടെ യോഗം ചേര്‍ന്നു. ഒ.എസ്.അംബിക എം.എല്‍.എയുടെ അദ്ധ്യക്ഷതയില്‍ ചൊവ്വാഴ്ച രാവിലെ 11 മണിക്ക് എം.എല്‍.എ ഹോസ്റ്റല്‍ കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം ചേര്‍ന്നത്. പദ്ധതി നിലവില്‍ നടക്കുന്ന രീതിയില്‍നിന്നും വ്യത്യസ്തമായി കുറച്ചു കൂടി വേഗത ഉള്‍കൊണ്ട് മുന്നോട്ട് പോകണമെന്ന് ഒ.എസ്.അംബിക അഭിപ്രായപ്പെട്ടു. പുനരുജ്ജീവന പദ്ധതിയുടെ വിശദവിവരങ്ങളും വാമനപുരം നദിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും പദ്ധതിയുടെ ജനറല്‍ കണ്‍വീനര്‍ കൂടിയായ വാമനപുരം എം.എല്‍.എയും പദ്ധതിയുടെ ജനറല്‍ കണ്‍വീനറുമായ ഡി.കെ.മുരളി സംസാരിച്ചു. ഗ്രാമ പഞ്ചായത്തുകളില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഏറ്റെടുക്കുന്ന പ്രവര്‍ത്തികള്‍ കൂടുതല്‍ ശാസ്ത്രീയമായി നടപ്പിലാക്കേണ്ടതിന്റെ ആവശ്യകതയും അടുത്ത ആറു മാസങ്ങളില്‍ നിയോജക മണ്ഡലങ്ങളിലെ ഗ്രാമ പഞ്ചായത്തുകളില്‍ നടപ്പിലാക്കേണ്ട പ്രവര്‍ത്തനങ്ങളും എം.ജി.എന്‍.ആര്‍.ഇ.ജി.എസ് മിഷന്‍ ഡയറക്ടര്‍ നിസാമുദീന്‍ ഐ.എ.എസ് വിശദീകരിച്ചു.

വാമനപുരം നദീ പുന:രുജ്ജീവന പദ്ധതിയ്ക്ക് സാങ്കേതികമായ എല്ലാ സഹായങ്ങളും നല്‍കുമെന്ന് സെന്റര്‍ ഫോര്‍ എണ്‍വയോണ്‍മെന്റ് ആന്റ് ഡവലപ്‌മെന്റ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.ബാബു അമ്പാട്ടും അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലൂടെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാമെന്ന് ആറ്റിങ്ങല്‍ നഗരസഭ സെക്രട്ടറിയും അറിയിച്ചു. ജനപ്രതിനിധികള്‍ക്ക് ബോധവല്‍ക്കരണം നല്‍കേണ്ടതിന്റെ ആവശ്യകത നഗരൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കി. ജനകീയമായ സംവിധാനം രൂപപ്പെടുത്തേണ്ടുന്നതിന്റെയും, ജനകീയമായ സംഘടനാ സംവിധാനം ആവിഷ്‌കരിക്കുന്നതിന്റെയും ആവശ്യകത ജില്ലാ പ്ലാനിങ് ഓഫീസര്‍ ബിജു വ്യക്തമാക്കി. റിട്ടയഡ് ആയ സാങ്കേതിക ഉദ്യോഗസ്ഥരുടെ സേവനം പരമാവധി ഉപയോഗപ്പെടുത്താന്‍ വേണ്ട നടപടികള്‍ സ്വീകരിക്കേണ്ടതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജനകീയ തലത്തില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കണമെന്ന് യോഗത്തില്‍ സ്വാഗതം പറഞ്ഞ വട്ടപ്പാറ ബിജു അഭിപ്രായം പങ്കുവച്ചു. ഫെബ്രുവരി മാസത്തെ പ്രവര്‍ത്തന കലണ്ടറും വട്ടപ്പാറ ബിജു അവതരിപ്പിച്ചു.

ഫെബ്രുവരി 17 ന് മുമ്പായി ഓരോ പഞ്ചായത്തിലും ഒരു ചെറുനീര്‍ത്തടം തെരഞ്ഞെടുത്ത് പഞ്ചായത്ത് കമ്മറ്റിയില്‍ അവതരിപ്പിച്ച് അംഗീകരിക്കണം, 20 ന് തൊഴിലുറപ്പ് പദ്ധതി സാങ്കേതിക ഉദ്യോഗസ്ഥര്‍ക്ക് വേണ്ട പരിശീലനം നല്‍കണം, 28 ന് മുന്‍പ് പഞ്ചായത്ത് തല ജനകീയ സമിതികള്‍ ചേരുകയും ഒരു കോഡിനേറ്ററെ തെരഞ്ഞെടുക്കണം എന്നിങ്ങനെയാണ് പ്രവര്‍ത്തന കലണ്ടറിലെ നിര്‍ദേശങ്ങള്‍. പഞ്ചായത്ത് തല ജനകീയ സമിതികള്‍ ചേരാനുള്ള സമയക്രമവും നിശ്ചയിച്ചു. ഫെബ്രുവരി 16 ന് വൈകിട്ട് 3 മണിക്ക് നഗരൂര്‍, നെല്ലിനാട് എന്നിവിടങ്ങളിലും 17 ന് രാവിലെ കല്ലറ, വൈകിട്ട് 4 ന് പനവൂര്‍ എന്നിവിടങ്ങളിലും 20 ന് വൈകിട്ട് 4 മണിക്ക് വാമനപുരം, ആനാട് എന്നിവിടങ്ങളിലും 21 ന് വൈകിട്ട് 3 മണിക്ക് പെരിങ്ങമല, പാങ്ങോട് എന്നിവിടങ്ങളിലും വൈകിട്ട് 4 ന് നന്ദിയോട്, പുല്ലമ്പാറ എന്നിവിടങ്ങളിലും 22 ന് ആറ്റിങ്ങല്‍ നഗരസഭയിലും 24 ന് ഉച്ചയ്ക്ക് 2 മണിക്ക് കരവാരത്തും ജനകീയ സമിതികള്‍ ചേരണം.

നിയോജക മണ്ഡലങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് സാങ്കേതിക വൈദഗ്ധ്യം മറ്റു ഡിപ്പാര്‍മെന്റുകള്‍ നല്‍കാന്‍ തയാറാകണം. ഓരോ പഞ്ചായത്തുകളും അവിടെയുള്ള റീചാര്‍ജ് ചെയ്യേണ്ട പൊതു സ്ഥാപനങ്ങളുടെ ലിസ്റ്റ് തയാറാക്കി മാര്‍ച്ചിന് മുന്‍പായി ഭൂജല വകുപ്പിന് കൈമാറണം. പഞ്ചായത്തിലെ എല്ലാ അംഗന്‍വാടികളിലും ഭൂജല റീചാര്‍ജ്ജ് നടപ്പിലാക്കണം. ഉയര്‍ന്ന പ്രദേശങ്ങളില്‍ മണ്‍ കയ്യാല, കല്ല് കയ്യാല, തുടങ്ങിയവ ജനകീയമായി കണ്ടെത്തി നടപ്പിലാക്കണം. ഉയര്‍ന്ന പ്രദേശങ്ങളില്‍ മണ്‍ കയ്യാല, കല്ല് കയ്യാല, തുടങ്ങിയവ ജനകീയമായി കണ്ടെത്തി നടപ്പിലാക്കണം. നീര്‍ത്തടങ്ങളുടെ അതിര്‍ത്തി കണ്ടെത്താന്‍ മണ്ണ് സംരക്ഷണ വകുപ്പിന്റെ സഹായം ലഭ്യമാക്കണം. ഉയര്‍ന്ന പ്രദേശങ്ങളില്‍ മണ്‍ കയ്യാല, കല്ല് കയ്യാല തുടങ്ങിയവ ജനകീയമായി കണ്ടെത്തി നടപ്പിലാക്കണം എന്നിവയാണ് യോഗത്തില്‍ കൈക്കൊണ്ട മറ്റ് പ്രധാന തീരുമാനങ്ങള്‍.

Related posts

Leave a Reply

Your email address will not be published. Required fields are marked *