Breaking News

വടശ്ശേരിക്കോണം കൊലപാതകം: വനിതാ കമ്മീഷന്‍ അധ്യക്ഷ വീട് സന്ദര്‍ശിച്ചു

കല്ലമ്പലം: വനിതാ കമ്മീഷന്‍ അധ്യക്ഷ സതീദേവി വടശ്ശേരിക്കോണത്ത് കൊലപാതകം നടന്ന വീട് സന്ദര്‍ശിച്ചു. ആറ്റിങ്ങല്‍ എം.എല്‍.എയായ ഒ.എസ്.അംബികയ്‌ക്കൊപ്പമാണ് സതീദേവി വീട് സന്ദര്‍ശിച്ചത്. ഇവിടെ നടന്ന സംഭവം കേരളം മുഴുവന്‍ ഞെട്ടലോടെയാണ് കേട്ടതെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ സതീദേവി പറഞ്ഞു. പ്രതികള്‍ വളരെ ആസൂത്രിതമായാണ് കല്യാണത്തലേന്ന് ഈ വീട്ടിലേക്ക് കടന്നുവന്ന് കൊലപാതകം നടത്തിയതെന്നും അവര്‍ പറഞ്ഞു. ദാരുണമായ ഈ സംഭവത്തില്‍ കൃത്യമായ അന്വേഷണം പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടാവണമെന്നും അക്കാര്യം വനിതാ കമ്മീഷന്‍ പോലീസിനോട് ആവശ്യപ്പെടുമെന്നും സതീദേവി വ്യക്തമാക്കി.

മാധ്യമങ്ങളോട് പ്രതികരിച്ചതിന്റെ പേരില്‍ തനിക്കും കുടുംബത്തിനും ഭീഷണിയുണ്ടെന്ന് മരിച്ച രാജുവിന്റെ ബന്ധു ഗുരുപ്രിയ വനിതാ കമ്മീഷന്‍ അധ്യക്ഷയോട് വെളിപ്പെടുത്തി. കേസിന്റെ അന്വേഷണത്തെ സ്വാധീനിക്കാന്‍ പ്രതികളുടെ ഭാഗത്തുനിന്ന് സംഘടിത ശ്രമം നടക്കുന്നുണ്ടെന്ന് സംശയിക്കുന്നതായും സംശയാസ്പദമായ സാഹചര്യത്തില്‍ ചില ചെറുപ്പക്കാരെ വീടിന് സമീപം കണ്ടുവെന്നും പറഞ്ഞ ഗുരുപ്രിയ തനിക്കും കുടുംബത്തിനും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ടു. കേസില്‍ ദൃക്‌സാക്ഷി കൂടിയാണ് ഗുരുപ്രിയ എന്നത് അവരുടെ ആവശ്യത്തിന് പ്രധാന്യം നല്‍കുന്നുണ്ട്. സംഭവത്തില്‍ ഗുരുപ്രിയയുടെ അച്ഛനും പരിക്കേറ്റിരുന്നു.

അതേസമയം, കല്ലമ്പലം പോലീസ് കേസിലെ പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാനുള്ള അപേക്ഷ ആറ്റിങ്ങല്‍ കോടതിയില്‍ സമര്‍പ്പിച്ചു. തെളിവെടുപ്പിനും വിശദമായ ചോദ്യംചെയ്യലിനുമായി രണ്ട് ദിവസം പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാണ് കസ്റ്റഡി അപേക്ഷയിലെ ആവശ്യം.

Related posts

Leave a Reply

Your email address will not be published. Required fields are marked *