Breaking News

ഏകീകൃത സിവില്‍ കോഡ്: ഉത്തരാഖണ്ഡ് കരട് റിപ്പോര്‍ട്ട് തയാറായി

പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ ഏകീകൃത സിവില്‍ കോഡ് (യു.സി.സി) നടപ്പാക്കാനാനുള്ള നടപടികള്‍ വേഗത്തിലാക്കി ബി.ജെ.പി സര്‍ക്കാര്‍. സിവില്‍ കോഡിനെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി കരട് റിപ്പോര്‍ട്ടിന് അന്തിമരൂപം നല്‍കി യു.സി.സി ആദ്യം നടപ്പാക്കാനുള്ള ആദ്യ നടപടി സ്വീകരിക്കുന്ന സംസ്ഥാനമായി മാറുകയാണ് ബി.ജെ.പി. ഭരിക്കുന്ന ഉത്തരാഖണ്ഡ്.
എന്നാല്‍, ഈ മാതൃകയാണോ ബി.ജെ.പി രാജ്യവ്യാപകമായി യു.സി.സി നടപ്പാക്കുന്നതില്‍ സ്വീകരിക്കുക എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആയി ഉയര്‍ത്തി ഏകീകരിക്കുക, ബഹുഭാര്യാത്വം നിരോധിക്കുക, വിവാഹം നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യുക തുടങ്ങിയ നിര്‍ദേശങ്ങള്‍ കരട് റിപ്പോര്‍ട്ടിലൂടെ വിദഗ്ധ സമിതി ശുപാര്‍ശ ചെയ്യുന്നു.

എല്ലാ വിഭാഗത്തിന്റെയും പ്രതിനിധികളുമായി ചര്‍ച്ച ചെയ്തശേഷമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നാണ് വിദഗ്ധ സമിതിക്ക് നേതൃത്വം നല്‍കുന്ന റിട്ട. ജഡ്ജി രഞ്ജന പ്രകാശ് ദേശായി മാധ്യമങ്ങളോട് പ്രതികരിച്ചത്. വിദഗ്ധസമിതിയുടെ കരട് റിപ്പോര്‍ട്ട് ഉടന്‍ സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിക്കും. സംസ്ഥാന സര്‍ക്കാര്‍ അത് മന്ത്രിസഭായോഗത്തില്‍ പാസാക്കിയശേഷം നിയമസഭയില്‍ അവതരിപ്പിക്കും.

കരട് റിപ്പോര്‍ട്ടിലെ പ്രധാന ശുപാര്‍ശകള്‍
1) പെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആയി ഉയര്‍ത്തി ഏകീകരിക്കണം
2) വിവാഹം നിര്‍ബന്ധമായും രജിസ്റ്റര്‍ചെയ്യണം. വിവാഹം രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നല്‍കരുത്. പഞ്ചായത്ത് തലത്തിലായിരിക്കണം രജിസ്റ്റര്‍ചെയ്യേണ്ടത്
3) വിവാഹമോചനത്തിന് ഭാര്യക്കും ഭര്‍ത്താവിനും തുല്യനില ഉറപ്പുവരുത്തണം
4) ബഹുഭാര്യാത്വം നിരോധിക്കണം
5) സ്വത്തില്‍ പെണ്‍കുട്ടികള്‍ക്കും തുല്യാവകാശം നല്‍കണം
6) ആവശ്യമെങ്കില്‍ ലിവ്-ഇന്‍ ബന്ധങ്ങള്‍ അംഗീകരിക്കാം. രക്ഷിതാക്കളെ ഇക്കാര്യം അറിയിക്കണം
7) അനാഥക്കുട്ടികളുടെ കാര്യത്തില്‍ രക്ഷാകര്‍ത്തൃത്വത്തിനുള്ള നടപടികള്‍ സുഗമമാക്കണം
8) ഭാര്യ-ഭര്‍ത്താക്കന്‍മാര്‍ തമ്മില്‍ തര്‍ക്കമോ വഴക്കോ ഉണ്ടാകുന്ന സാഹചര്യത്തില്‍ കുട്ടികളുടെ സംരക്ഷണച്ചുമതല മുത്തശ്ശനും മുത്തശ്ശിക്കും നല്‍കണം
9) മതം, ജാതി എന്നിവ കണക്കാക്കാതെ എല്ലാവര്‍ക്കും ദത്തെടുക്കാന്‍ അവകാശം നല്‍കണം

അതേസമയം, ഏകീകൃത സിവില്‍ കോഡിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിന്റെ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി തിങ്കളാഴ്ച യോഗം ചേരും. രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കതീതമായാണ് ഏകീകൃത സിവില്‍ കോഡിനെ കുറിച്ചുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയും അഭിപ്രായങ്ങള്‍ പരിശോധിക്കുകയും ചെയ്യുകയെന്ന് പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷനും ബി.ജെ.പി. നേതാവുമായ സുശീല്‍ കുമാര്‍ മോദി പറഞ്ഞു.

ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാന്‍ പന്ത്രണ്ടിലധികം കേസുകളില്‍ സുപ്രീംകോടതി നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സുശീല്‍ കുമാര്‍ മോദി വ്യക്തമാക്കി. ഭരണഘടനയുടെ 44-ാം അനുച്ഛേദവും ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും സിവില്‍ കോഡ് വന്നാല്‍ ധാര്‍മികരീതി തകരുമെന്ന പ്രചാരണം വസ്തുതാ വിരുദ്ധമാണെന്നും അദ്ദേഹം വിശദീകരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *