Breaking News

പാരിപ്പള്ളിയില്‍ വന്‍ കഞ്ചാവ് വേട്ട: മൊത്തവിതരണക്കാരനും സഹായികളും അറസ്റ്റില്‍

പാരിപ്പള്ളി: പാരിപ്പള്ളിയില്‍ നടത്തിയ വന്‍ കഞ്ചാവ് വേട്ടയില്‍ കൊല്ലം ജില്ലയിലെ കഞ്ചാവിന്റെ മൊത്തവിതരണക്കാരനും സഹായികളും അറസ്റ്റില്‍. കൊല്ലം ഈസ്റ്റ് ചിന്നക്കട മുറിയില്‍ ചിന്നക്കട ഉണ്ണി എന്ന് വിളിക്കുന്ന അനില്‍കുമാര്‍(57), കൊല്ലം ഈസ്റ്റ് ആണ്ടാമുക്കം അഖില്‍ ഭവനില്‍ സുരേഷ്(52), കൊല്ലം വടക്കേവിള പട്ടത്താനം അഖിലേഷ് നിവാസില്‍ ആകാശ്(41) എന്നിവരാണ് അറസ്റ്റിലായത്. എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡ് ലഹരി വിരുദ്ധ ദിനത്തോട് അനുബന്ധിച്ച് പാരിപ്പള്ളിയില്‍ നടത്തിയ വാഹന പരിശോധനയ്ക്കിടെ കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ ഫാസ്റ്റ് ബസ്സില്‍നിന്നാണ് പ്രതികളെ പിടികൂടിയത്. ഇവരില്‍ നിന്നും 14 കിലോ കഞ്ചാവും സ്പെഷ്യല്‍ സ്‌ക്വാഡ് കണ്ടെടുത്തു.

ആന്ധ്രയില്‍നിന്ന് കഞ്ചാവ് വാങ്ങി അവിടെനിന്നും ചെന്നൈ വഴി തിരുവനന്തപുരത്തെത്തി ബസില്‍ കൊല്ലത്തേക്ക് പോവുകയായിരുന്നു പ്രതികള്‍. ഒന്നും രണ്ടും പ്രതികളായ അനില്‍കുമാര്‍, സുരേഷ് എന്നിവര്‍ നിരവധി മയക്കുമരുന്നു കേസ്സുകളില്‍ പ്രതികളാണ്. കൊല്ലം ജില്ലയില്‍ മയക്കുമരുന്ന് എത്തിക്കുന്നതില്‍ പ്രധാനിയാണ് ചിന്നക്കട ഉണ്ണി എന്ന് വിളിക്കുന്ന അനില്‍കുമാര്‍. പ്രതികളുടെ അന്തര്‍സംസ്ഥാന ബന്ധത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ വി.റോബര്‍ട്ട് അറിയിച്ചു.

കൊല്ലം എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ര്‍ ടോണി ജോസിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ എക്‌സൈസ് ഇന്‍സ്പെക്ടര്‍ വിഷ്ണു.ബി, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പെക്ടര്‍ എം.മനോജ് ലാല്‍, പ്രിവന്റീവ് ഓഫീസര്‍ പ്രസാദ്കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ശ്രീനാഥ്, അജിത്ത്, നിധിന്‍, ജൂലിയന്‍ ക്രൂസ്, അജീഷ്ബാബു, അനീഷ്, സൂരജ്, ഗോപകുമാര്‍, എക്‌സൈസ് ഡ്രൈവര്‍ സുഭാഷ് എന്നിവര്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *