Breaking News

വാക്‌സിനേഷനില്‍ കുറവുണ്ടായിട്ടില്ല: കേന്ദ്രത്തിന് ആരോഗ്യമന്ത്രിയുടെ മറുപടി

കെ.കെ.ഷൈലജ, പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് വാക്‌സിനേഷന് കുറവ് വന്നിട്ടില്ലെന്ന് കേന്ദ്രത്തിന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ.ശൈലജയുടെ മറുപടി. കേരളത്തില്‍ വാക്‌സിന്‍ കുത്തിവെപ്പ് കുറയുന്നുവെന്ന കേന്ദ്രത്തിന്റെ വിമര്‍ശനത്തിന് മറുപടി പറയുകയായിരുന്നു ആരോഗ്യമന്ത്രി. ചില സംസ്ഥാനങ്ങളില്‍ 16 ശതമാനം വാക്‌സിനേഷന്‍ മാത്രമാണ് നടന്നതെന്നാണ് താന്‍ മാധ്യമങ്ങളില്‍ നിന്ന് അറിഞ്ഞതെന്ന് പറഞ്ഞ മന്ത്രി കേരളത്തില്‍ ആദ്യത്തെ ദിവസം തീരുമാനിച്ച വാക്‌സിനേഷന്റെ 75 ശതമാനവും എടുക്കാന്‍ സാധിച്ചുവെന്ന് അവകാശപ്പെട്ടു.
രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ ആളുകളും വാക്‌സിനെടുക്കാന്‍ എത്തിയെന്ന് പറയാനാവില്ലെങ്കിലും മറ്റ് സംസ്ഥാനങ്ങളുമായി നോക്കുമ്പോള്‍ ഏറ്റവും നന്നായി വാക്‌സിന്‍ നല്‍കാന്‍ സാധിച്ച സംസ്ഥാനമാണ് കേരളമെന്നും മന്ത്രി പറഞ്ഞു. പല സംസ്ഥാനങ്ങളും വാക്‌സിനേഷന് വേണ്ടിയുള്ള കോവിന്‍ പോര്‍ട്ടലില്‍ പ്രശ്‌നങ്ങളുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ വന്ന സമയത്ത് മറ്റ് സംസ്ഥാനങ്ങള്‍ വാക്‌സിനേഷന്‍ നിര്‍ത്തിവെച്ചപ്പോള്‍ കേരളത്തില്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തി ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കുന്ന സാഹചര്യമൊരുക്കി.
കേരളത്തില്‍ വാക്‌സിനെടുത്തവരില്‍ താരതമ്യേന വളരെ കുറഞ്ഞ പാര്‍ശ്വഫലങ്ങള്‍ മാത്രമാണ് ഇതുവരെ ഉണ്ടായിട്ടുള്ളത്. വാക്‌സിന്‍ എടുത്തവര്‍ക്ക് സംസ്ഥാനം മികച്ച പരിചരണമാണ് നല്‍കിയത്. അക്കാര്യം പരിഗണിച്ചാലും കേരളത്തില്‍ വാക്‌സിനേഷന്‍ വിജയകരമാണ്. വാക്‌സിനേഷന്‍ കുറയുന്നുവെന്ന തരത്തില്‍ കേന്ദ്രത്തില്‍ നിന്ന് അറിയിപ്പുകളൊന്നും ആരോഗ്യവകുപ്പിന് ഇതുവരെ വന്നിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *