Breaking News

സ്പ്രിംഗ്‌ളര്‍ കരാര്‍ മുഖ്യമന്ത്രി അറിഞ്ഞില്ല; സംസ്ഥാന താല്‍പര്യത്തിന് വിരുദ്ധമെന്ന് റിപ്പോര്‍ട്ട്

എം.ശിവശങ്കര്‍, പിണറായി വിജയന്‍

തിരുവനന്തപുരം: സ്പ്രിംഗ്‌ളര്‍ കരാര്‍ മുഖ്യമന്ത്രിയുടെ അറിവോടെയല്ലെന്ന് റിപ്പോര്‍ട്ട്. സ്പ്രിംഗ്‌ളര്‍ വിവാദത്തില്‍ അന്വേഷണത്തിനായി സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടേതാണ് റിപ്പോര്‍ട്ട്. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കോവിഡ് വിവരങ്ങള്‍ വിശകലനം ചെയ്യുന്നതിനായാണ് സര്‍ക്കാര്‍ സ്പ്രിംഗ്‌ളര്‍ കമ്പനിയുമായി കരാര്‍ ഉണ്ടാക്കിയത്.
എന്നാല്‍, ഈ കരാര്‍ തയാറാക്കിയത് മുഖ്യമന്ത്രി പിണറായി വിജയന്റെ അറിവോടെയല്ലെന്നും അന്ന് ഐ.ടി.സെക്രട്ടറിയായിരുന്ന എം.ശിവശങ്കര്‍ ഏകപക്ഷീയമായാണ് കരാര്‍ നടപ്പിലാക്കിയതെന്നുമാണ് സമിതിയുടെ റിപ്പോര്‍ട്ടിലുള്ളത്. പൊതുജനങ്ങളുടെ വിവരങ്ങള്‍ക്ക് മേല്‍ കമ്പനിക്ക് നിയന്ത്രണാധികാരം ലഭിച്ചുവെന്നും സമിതി റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്പ്രിഗ്‌ളര്‍ കമ്പനിയുമായി കരാര്‍ ഉണ്ടാക്കാന്‍ നടത്തിയ യോഗങ്ങളുടെ മിനിറ്റ്‌സ് വിവരങ്ങള്‍ ശേഖരിക്കാന്‍ സമിതി ഏറെ ബുദ്ധിമുട്ടിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ആരോഗ്യ വകുപ്പിന് പോലും ഇക്കാര്യത്തില്‍ അറിവുണ്ടായിരുന്നില്ല. ഐ.ടി വകുപ്പ് ആരോഗ്യ വകുപ്പുമായി കൂടിയാലോചനകള്‍ നടത്തിയിരുന്നില്ലെന്നും സമിതി കണ്ടെത്തി.
കോവിഡ് വിവരശേഖരണവുമായി ബന്ധപ്പെട്ട് പൂര്‍ണ ഉത്തരവാദിത്തം ആരോഗ്യ വകുപ്പിനായിരിക്കുമെന്നും ഐ.ടി വകുപ്പിന് സഹായ റോളില്‍ മാത്രമായിരിക്കും പ്രാതിനിധ്യമെന്നും ഫയലില്‍ വ്യക്തമാക്കിയിരുന്നതായി രാജന്‍ എന്‍.ഖോബ്രഗഡെ അന്വേഷണ സമിതിയെ അറിയിച്ചു.
നിരവധി പോരായ്മകളാണ് സ്പ്രിംഗ്‌ളര്‍ കരാറുമായി ബന്ധപ്പെട്ട് അന്വേഷണ സമിതി കണ്ടെത്തിയത്. കരാറിലെ വ്യവസ്ഥകള്‍ ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുള്ളതാണ്, കമ്പനിക്ക് മതിയായ സാങ്കേതിക-നിയമ വൈദഗ്ധ്യമില്ല, മുഖ്യമന്ത്രി അറിയാതെ കരാര്‍ ഒപ്പിട്ടതു സംസ്ഥാന താല്‍പര്യത്തിനു വിരുദ്ധമാണ്, സ്പ്രിംഗ്ലര്‍ യുഎസിലെ കോടതിയുടെ പരിധിയിലായതിനാല്‍ എന്തെങ്കിലും തിരിച്ചടികളുണ്ടായാല്‍ കമ്പനിക്കെതിരെ നിയമപരമായി നടപടി സ്വികരിക്കുന്നത് ദുഷ്‌കരമായിരിക്കും, വിവരങ്ങള്‍ കൈമാറ്റം ചെയ്യുന്ന പ്ലാറ്റ്‌ഫോമിന്റെ ശേഷിയും സുരക്ഷയും പരിശോധിച്ചില്ല എന്നിങ്ങനെയാണ് സമിതിയുടെ കണ്ടെത്തല്‍.
സ്വകാര്യത, രഹസ്യാത്മകത, വിവരസുരക്ഷ എന്നീ വിഷയങ്ങളില്‍ നിഗമനങ്ങളിലെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും സമിതി പറയുന്നു. 1.82 ലക്ഷം പേരുടെ വിവരങ്ങളാണ് ഏപ്രില്‍ ആദ്യ ആഴ്ച വരെ സ്പ്രിംഗ്ലറിന്റെ അക്കൗണ്ടിലെത്തിയത്. മുന്‍ വ്യോമയാന സെക്രട്ടറി എം. മാധവന്‍ നമ്പ്യാര്‍, സൈബര്‍ സുരക്ഷാ വിദഗ്ധന്‍ ഡോ. ഗുല്‍ഷന്‍ റായ് എന്നിവരുടെ സമിതിയാണ് വിഷയത്തില്‍ അന്വേഷണം നടത്തിയത്. വിവരാവകാശ നിയമപ്രകാരമാണ് റിപ്പോര്‍ട്ട് പൊതുഭരണ വകുപ്പ് പുറത്തുവിട്ടത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *