

പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയനെ പരോക്ഷമായി പരാമര്‍ശിച്ച് കൈതോലപ്പായ ആരോപണത്തില്‍ കേസെടുക്കാത്തതെന്തുകൊണ്ടെന്ന ചോദ്യവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി.ശക്തിധരന്‍ പുറത്തുവിട്ട കൈതോലപ്പായ ആരോപണം അടിസ്ഥാനമാക്കിയായിരുന്നു വി.ഡി.സതീശന്റെ ചോദ്യം. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെതിരായ പോക്‌സോ ആരോപണത്തില്‍ എം.വി ഗോവിന്ദനെതിരെ പരാതി നല്‍കിയിട്ടും നടപടിയില്ലെന്ന് പറഞ്ഞ അദ്ദേഹം മുഖ്യമന്ത്രിയുടെ ഓഫീസിലുള്ള ഒരു സംഘം പ്രതിപക്ഷ അംഗങ്ങള്‍ക്കെതിരെ കേസെടുക്കാന്‍ ഗൂഢാലോചന നടത്തുന്നുവെന്നും ആരോപിച്ചു.

ഇടതു സര്‍ക്കാരിന് തീവ്ര വലതുപക്ഷ വ്യതിയാനം സംഭവിച്ചുവെന്നും പിണറായി വിജയന്‍ കേരളത്തില്‍ ഇരട്ട നീതിയാണ് നടപ്പാക്കുന്നതെന്നും സതീശന്‍ പറഞ്ഞു. തനിക്ക് വിദേശത്ത് ബെനാമി ഹോട്ടല്‍ നിക്ഷേപമുണ്ടെന്ന ദേശാഭിമാനി വാര്‍ത്തയില്‍ മറുപടി പറയാന്‍ ഇല്ലെന്ന് പറഞ്ഞ അദ്ദേഹം ഹോട്ടലില്‍ ഓഹരി ഉണ്ടെന്ന് തെളിയിച്ചാല്‍ ആ പണം മുഴുവന്‍ ദേശാഭിമാനിക്ക് നല്‍കുമെന്നും വെല്ലുവിളിച്ചു. വാര്‍ത്തയില്‍ പറഞ്ഞ ഹോട്ടല്‍ വ്യവസായിയുമായി തന്നെക്കാള്‍ ബന്ധം പിണറായി വിജയനും ഗോവിന്ദന്‍ മാസ്റ്റര്‍ക്കുമാണെന്നും സതീശന്‍ ആരോപണം ഉന്നയിച്ചു.

