Breaking News

സുരേഷ് ഗോപിയെ കേന്ദ്രമന്ത്രിയാക്കി തൃശ്ശൂര്‍ പിടിക്കാന്‍ ബി.ജെ.പി

തൃശ്ശൂര്‍: സുരേഷ് ഗോപിയെ കേന്ദ്രമന്ത്രിയാക്കി തൃശ്ശൂര്‍ പിടിക്കാന്‍ ബി.ജെ.പി. സുരേഷ് ഗോപിയിലൂടെ ലോക്‌സഭ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ കേരളത്തില്‍ അക്കൗണ്ട് തുറക്കാനാണ് ബി.ജെ.പിയുടെ ശ്രമം. പാര്‍ട്ടി വോട്ടുകള്‍ക്ക് പുറമേ, സിനിമ നടന്‍ എന്ന നിലയിലും സേവനപ്രവര്‍ത്തകന്‍ എന്ന നിലയിലും സുരേഷ് ഗോപിക്കുള്ള അനുകൂല സാഹചര്യം മുതലെടുക്കാനാണ് ബി.ജെ.പിയുടെ ശ്രമം. അടുത്തിടെ ക്രിസ്ത്യന്‍ സമൂഹത്തില്‍ ബി.ജെ.പിക്ക് അനുകൂലമായി ഉരുത്തിരിഞ്ഞ രാഷ്ട്രീയ സാഹചര്യങ്ങളിലും ബി.ജെ.പി പ്രതീക്ഷയര്‍പ്പിക്കുന്നു. സുരേഷ് ഗോപിയെ കേന്ദ്ര മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി വോട്ടര്‍മാര്‍ക്കിടയില്‍ കൂടുതല്‍ ജനകീയമാക്കാനും ബി.ജെ.പി ദേശീയ നേതൃത്വം ഉദ്ദേശിക്കുന്നുണ്ട്.

മുന്‍പുണ്ടായിരുന്നതിനേക്കാള്‍ മെച്ചപ്പെട്ട രാഷ്ട്രീയ സാഹചര്യങ്ങളോടെ ബി.ജെ.പിയും കൂടുതല്‍ കരുത്തോടെ ഇടത്-വലത് മുന്നണികളും വിജയം ലക്ഷ്യമിട്ട് പോരിനിറങ്ങുമ്പോള്‍ തൃശ്ശൂരില്‍ തീപാറുന്ന പോരാട്ടമാകും നടക്കുകയെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. വീണ്ടും മത്സരിക്കാനില്ലെന്ന നിലപാടില്‍നിന്ന് ടിഎന്‍ പ്രതാപന്‍ എം.പി പിന്മാറിയത് ഈ പോരാട്ടച്ചൂടിന്റെ സൂചനയാണ്. മുന്‍ മന്ത്രി വി.എസ് സുനില്‍കുമാറിനെ മത്സരിപ്പിക്കുമെന്ന ഇടത് കേന്ദ്രങ്ങളുടെ സൂചന കൂടി കണക്കിലെടുക്കുമ്പോള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍ മണ്ഡലത്തിന്റെ പ്രാധാന്യം ഊഹിക്കാവുന്നതേയുള്ളൂ.

എല്ലാ സിറ്റിംഗ് എം.പിമാരും മത്സരിക്കണമെന്ന ആവശ്യം കോണ്‍ഗ്രസ് ലീഡേഴ്‌സ് മീറ്റില്‍ ഉയര്‍ന്നതോടെയാണ് ടി.എന്‍.പ്രതാപന് തന്റെ നിലപാട് മാറ്റേണ്ടി വന്നത്. എന്നാല്‍, ഏതെങ്കിലും കാരണവശാല്‍ ടി.എന്‍.പ്രതാപന്‍ പിന്മാറിയാല്‍ പിന്നെ സാധ്യത വി.ടി.ബല്‍റാമിന് ആയിരിക്കും. രാഹുല്‍ ഗാന്ധിയുടെ ഗുഡ് ലിസ്റ്റിലുള്ള യുവ നേതാവെന്നതും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചയില്‍ അദ്ദേഹത്തിന് മുതല്‍ക്കൂട്ടാവും.

മുന്‍ മന്ത്രി വി.എസ്.സുനില്‍കുമാറിലൂടെ മണ്ഡലം തിരിച്ചുപിടിക്കാനാണ് എല്‍.ഡി.എഫ് ലക്ഷ്യമിടുന്നത്. പിണറായി വിജയനുമായി നല്ല ബന്ധം സൂക്ഷിക്കുന്നത് വി.എസ്.സുനില്‍ കുമാറിന് ഗുണംചെയ്യുമെങ്കിലും സ്വന്തം പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി അത്ര സുഖത്തിലല്ലാത്തതുകൊണ്ട് തൃശ്ശൂരില്‍ ഇടതു മുന്നണി സ്ഥാനാര്‍ത്ഥിയായി രാജ്യസഭാംഗം ബിനോയ് വിശ്വത്തിനും രാഷ്ട്രീയ നിരീക്ഷകര്‍ സാധ്യത കല്‍പിക്കുന്നുണ്ട്.

Related posts

Leave a Reply

Your email address will not be published. Required fields are marked *