

മലപ്പുറം: മുസ്ലിം ലീഗുമായി ഒന്നിച്ചുപോകാന്‍ ആഗ്രഹമുണ്ടെന്ന കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരുടെ നിലപാടിനോട് കാന്തപുരത്തിന്റെ ഐക്യ പ്രസ്താവന കാലത്തിന്റെ ആവശ്യമെന്ന് പ്രതികരിച്ച് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍. ന്യൂനപക്ഷങ്ങള്‍ ഒരുമിച്ച് നില്‍ക്കണമെന്ന് പറഞ്ഞ സാദിഖലി ശിഹാബ് തങ്ങള്‍ മുസ്ലിം ലീഗുമായി സഹകരിക്കാനുള്ള നല്ല മനസ്സിനെ സ്വാഗതം ചെയ്യുന്നുവെന്നും പറഞ്ഞു.

എന്നാല്‍, ഇക്കാര്യത്തില്‍ ഔദ്യോഗിക ചര്‍ച്ചകള്‍ ഒന്നും നടന്നിട്ടില്ലെന്നും സാദിഖലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കി. അനൗപചാരിക സംഭാഷണം മാത്രമാണ് ഇതുവരെ കാന്തപുരം വിഭാഗവുമായി നടത്തിയിട്ടുള്ളതെന്നും ന്യൂനപക്ഷ വിഭാഗം ഭീതിയുടെ നിഴലില്‍ ജീവിക്കുന്ന സാഹചര്യത്തില്‍ ആയിരിക്കാം കാന്തപുരം ഇത്തരമൊരു നിലപാട് സ്വീകരിക്കാന്‍ കാരണമെന്നും അദ്ദേഹം വിശദീകരിച്ചു.

മുസ്ലിം ലീഗുമായി ഒന്നിച്ചുപോകുന്നതാണ് നല്ലതെന്ന നിലപാടാണ് തങ്ങളുടെ സംഘടനയ്ക്കുള്ളതെന്ന് കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തില്‍ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര് പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്റെ പ്രതികരണം വന്നിരിക്കുന്നത്. മുസ്ലിങ്ങളും സംഘടനകളും രാഷ്ട്രീയക്കാരും അല്ലാത്തവരും ഒന്നിച്ചു മുന്നോട്ടുപോയാലേ രാജ്യത്തിന് പുരോഗതിയുണ്ടാവുകയുള്ളൂവെന്നും കാന്തപുരം അഭിപ്രായപ്പെട്ടിരുന്നു.
