

കോഴിക്കോട്: പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചെന്ന യു.ഡി.എഫിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് തേടി. ഇന്നലെ നളന്ദ ഓഡിറ്റോറിയത്തില്‍ എല്‍ഡിഎഫ് നടത്തിയ തെരഞ്ഞെടുപ്പ് പരിപാടിയുമായി ബന്ധപ്പെട്ടാണ് യു.ഡി.എഫ് പരാതി നല്‍കിയിരിക്കുന്നത്. കോഴിക്കോട് അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയം നിര്‍മ്മിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നായിരുന്നു പ്രസംഗത്തില്‍ മന്ത്രി റിയാസ് പറഞ്ഞത്. ഇതിന് പിന്നാലെ വേദിയിലുണ്ടായിരുന്ന എളമരം കരീം തെരഞ്ഞെടുപ്പ് ചുമതലയിലുണ്ടായിരുന്ന വീഡിയോ ഗ്രാഫറെ കൂട്ടി വേദിക്ക് പിന്നിലെ ഗ്രീന്‍ റൂമിലേക്ക് പോയി. ഇത് മന്ത്രി റിയാസിന്റെ പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ വീഡിയോ ഗ്രാഫറെ ഭീഷണിപ്പെടുത്തി മായ്ച്ചുകളയാനായിരുന്നു എന്നും യു.ഡി.എഫ് ആരോപിക്കുന്നു. മന്ത്രി പ്രസംഗം നിര്‍ത്തിയ ശേഷമാണ് വീഡിയോ ഗ്രാഫര്‍ തിരികെ വന്നതെന്നും യു.ഡി.എഫ് പറയുന്നു.


അതേസമയം, പുതിയ പ്രഖ്യാപനം നടത്തിയിട്ടില്ലെന്നും ചെയ്ത കാര്യം പറഞ്ഞതേയുള്ളൂവെന്നും മന്ത്രി റിയാസ് പ്രതികരിച്ചു. ഇനിയും ഇക്കാര്യങ്ങള്‍ പറയുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു. വിവാദത്തില്‍ പ്രതികരണത്തിനില്ലെന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കൂടിയായ എളമരം കരീം പറഞ്ഞു. യു.ഡി.എഫിന്റെ പരാതിയെക്കുറിച്ച് ഒന്നും പറയാനില്ലെന്ന് പറഞ്ഞ അദ്ദേഹം വീഡിയോ ഗ്രാഫര്‍ക്ക് പരാതിയുണ്ടെങ്കില്‍ അപ്പോള്‍ പ്രതികരിക്കാമെന്നും പറഞ്ഞു. പരിപാടിയുടെ ദൃശ്യങ്ങള്‍ സഹിതമാണ് യു.ഡി.എഫ് പരാതി നല്‍കിയത്.




