

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് കാണാതായ അധ്യാപിക ആര്യ ഉള്‍പ്പെടെ 3 മലയാളികളെ അരുണാചലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം സ്വദേശികളായ നവീന്‍, ദേവി, ആര്യ എന്നിവരുടെ മൃതദേഹങ്ങളാണ് ഇറ്റാനഗറിലെ ഹോട്ടലില്‍നിന്ന് കണ്ടെത്തിയത്. നവീനും ദേവിയും ദമ്പതികളാണ്. മാര്‍ച്ച് 27 നാണ് ആര്യയെ തിരുവനന്തപുരത്ത് നിന്ന് കാണാതായത്. തിരുവനന്തപുരത്തെ സ്വകാര്യ സ്കൂളില്‍ അധ്യാപികയായിരുന്ന ആര്യ വീട്ടുകാരോടൊന്നും പറയാതെയാണ് ഇറങ്ങിപ്പോയത്. ആര്യയെ ഫോണിലും ബന്ധപ്പെടാന്‍ കഴിയാതെ വന്നതോടെ ബന്ധുക്കള്‍ വിവരം പൊലീസില്‍ അറിയിച്ചു. സംഭവത്തില്‍ വട്ടിയൂര്‍ക്കാവ് പൊലീസ് കേസെടുത്തിരുന്നു.


തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ആര്യയ്ക്കൊപ്പം നവീനും ദേവിയുമുണ്ടെന്ന് മനസിലാക്കാന്‍ സാധിച്ചു. നവീനും ദേവിയും വിനോദയാത്ര പോകുന്നുവെന്ന് വീട്ടുകാരോട് പറഞ്ഞിരുന്നതിനാല്‍ ബന്ധുക്കള്‍ അന്വേഷണം നടത്തിയിരുന്നില്ല. ആര്യയും ദേവിയും നവീനും വിമാനത്തില്‍ ഗുവാഹത്തിയേക്ക് പോയതായി കണ്ടെത്തിയിരുന്നു. മൂവരും മരണാനന്തര ജീവിതത്തെ കുറിച്ച് ഇന്റര്‍നെറ്റില്‍ തെരഞ്ഞിരുന്നതായി വ്യക്തമായിട്ടുണ്ട്. ആര്യ ജോലി ചെയ്യുന്ന തിരുവനന്തപുരത്തെ സ്വകാര്യ സ്കൂളില്‍ ദേവിയും മുന്‍പ് ജോലി ചെയ്തിരുന്നു. ജര്‍മ്മന്‍ ഭാഷ പഠിപ്പിച്ചിരുന്ന അധ്യാപികയായിരുന്നു ദേവി. ഇവര്‍ അടുത്ത സുഹൃത്തുക്കളുമായിരുന്നു. ഇന്ന് രാവിലെയാണ് ഇറ്റാനഗര്‍ പൊലീസ് മരണവിവരം ബന്ധുക്കളെയും കേരള പൊലീസിനെയും അറിയിച്ചത്.


മരിച്ചവരുടെ മുറിയില്‍ നിന്ന് ലഭിച്ച രേഖകള്‍ പ്രകാരമാണ് ഇറ്റാനഗര്‍ പൊലീസ് ആളുകളെ തിരിച്ചറിഞ്ഞത്. ൂവരും ശരീരത്തില്‍ വ്യത്യസ്തമായ മുറിവുകളുണ്ടാക്കിയെന്നാണ് വിവരം. മുറിവുകളില്‍ നിന്ന് രക്തം വാര്‍ന്നാണ് മരണം സംഭവിച്ചത്. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.


