

കൊച്ചി: കരുവന്നൂരില്‍ കടുത്ത നടപടികളുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കരുവന്നൂര്‍ ബാങ്കില്‍ കെ.വൈ.സി (അക്കൗണ്ട് എടുക്കുന്ന ആളിനെ തിരിച്ചറിയാനുള്ള രേഖകള്‍) ഇല്ലാതെ സി.പി.എം 5 അക്കൗണ്ടുകള്‍ തുറന്നുവെന്ന് ഇ.ഡി ആരോപിക്കുന്നു. ഈ അക്കൗണ്ടുകളുടെ വിവരങ്ങള്‍ ഇ.ഡി തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി. പുറത്തിശ്ശേരി നോര്‍ത്ത്, സൗത്ത് ലോക്കല്‍ കമ്മിറ്റിയുടെ പേരിലുള്ളതാണ് അക്കൗണ്ടുകള്‍. ജനപ്രാതിനിധ്യ നിയമം, തെരഞ്ഞെടുപ്പ് കമ്മീഷന് ചട്ടം എന്നിവ പ്രകാരം രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ അക്കൗണ്ട് വിവരങ്ങള്‍ ഓഡിറ്റ് നടത്തി അതിന്റെ വിവരങ്ങള്‍ ആദായ നികുതി വകുപ്പിനും തെരഞ്ഞെടുപ്പ് കമ്മീഷനും നല്‍കേണ്ടതാണ്.


എന്നാല്‍, പുറത്തിശ്ശേരി നോര്‍ത്ത്, സൗത്ത് ലോക്കല്‍ കമ്മിറ്റികളുടെ പേരില്‍ 5 അക്കൗണ്ടുകളുളുടെ വിവരങ്ങള്‍ സി.പി.എം മറുവച്ചുവെന്നാണ് ആരോപണം. ഉന്നത നേതാക്കളടക്കം ഓപ്പറേറ്റ് ചെയ്ത് ഈ അക്കൗണ്ടുകളുടെ വിവരം തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയിരുന്നില്ല. കരുവന്നൂര്‍ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരായപ്പോഴും അക്കൗണ്ട് വിവരം സി.പി.എം നേതാക്കള്‍ മറച്ചു വെച്ചുവെന്നാണ് ഇ.ഡി പറയുന്നത്. രഹസ്യമായി സൂക്ഷിച്ച അക്കൗണ്ടിലെ പണമിടപാട് പുറത്ത് വരാതിരിക്കാനാണ് ഈ നടപടിയെന്നും ഈ അക്കൗണ്ടുകളുടെ വിവരങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയിട്ടുള്ളതെന്നും ഇ.ഡി വിശദീകരിക്കുന്നു.


എം.എം.വര്‍ഗീസ്, എ.സി.മൊയ്തീന്, എം.കെ.കണ്ണന് എന്നിവരുള്‍പ്പെടെയുള്ള തൃശ്ശൂര്‍ ജില്ലയിലെ ഉന്നത സി.പി.എം നേതാക്കള്‍ക്ക് എല്ലാ അക്കൗണ്ടുകളുടെയും വിവരം അറിയാമെന്നും നേതാക്കളില്‍ നിന്ന് ഈ വിവരങ്ങള്‍ തേടേണ്ടതുണ്ടെന്നുമാണ് ഇ.ഡി വിശദീകരിക്കുന്നത്. കെ.വൈ.സി പോലുമില്ലാതെ അക്കൗണ്ട് തുറന്നതെങ്ങനെയെന്ന ഇ.ഡിയുടെ ചോദ്യത്തിനും സി.പി.എം ഉത്തരം നല്‍കേണ്ടി വരും. വാര്‍ഷിക ഓഡിറ്റിംഗില്‍ കരുവന്നൂരിലെ എല്ലാ ക്രമക്കേടും കണ്ടെത്തിയിട്ടും അത് മൂടിവെച്ച സഹകരണ റജിസ്ട്രാര്‍ക്കും ഇതില്‍ പങ്കുണ്ടെന്നാണ് ഇ.ഡി വിശദീകരിക്കുന്നത്.


