

കോട്ടയം: പുതുപ്പള്ളി കൈതേപ്പാലം മൃഗാശുപത്രിയിലെ സ്വീപ്പറായിരുന്ന പി.ഒ.സതിയമ്മയെ പിരിച്ചുവിട്ട സംഭവം രാഷ്ട്രീയ ആയുധമാക്കിയ യു.ഡി.എഫ് പ്രതിരോധത്തില്‍. സതിയമ്മയുടെ വാദങ്ങള്‍ തള്ളിക്കൊണ്ട് തനിക്ക് ആരോഗ്യ പ്രശ്‌നമില്ലെന്നും, രേഖകളിലെ ഒപ്പ് തന്റേതല്ലെന്നും വ്യക്തമാക്കി ലിജിമോള്‍ പത്രസമ്മേളനം നടത്തിയതോടെയാണ് സംഭവം രാഷ്ട്രീയ ആയുധമാക്കിയ യു.ഡി.എഫ് പ്രതിരോധത്തിലായത്. ലിജിമോളുടെ ജോലി സതീദേവി ചെയ്ത് വരികയായിരുന്നുവെന്നും അതിനാലാണ് പിരിച്ചുവിട്ടതെന്നുമായിരുന്നു ഇന്നലെ സര്‍ക്കാര്‍ പുറത്തുവിട്ട വിവരം.

സതിയമ്മ വ്യാജരേഖ ചമച്ച് ജോലി നേടിയതില്‍ അയല്‍വാസിയായ ലിജിമോള്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്. താനിപ്പോള്‍ ഐശ്വര്യ കുടുംബശ്രീ അംഗമല്ല. ഇന്നലെ സോഷ്യല്‍ മീഡിയയില്‍ കണ്ടാണ് തന്റെ പേരില്‍ സതിയമ്മ ജോലി ചെയ്യുന്നതും ശമ്പളം വാങ്ങിയതുമൊക്കെ അറിയുന്നതെന്നും ലിജിമോള്‍ പത്രസമ്മേളനതത്തില്‍ പറഞ്ഞു. സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം അനില്‍കുമാറിനൊപ്പമാണ് ലിജിമോള്‍ പത്രസമ്മേളനം നടത്തിയത്.

ഉമ്മന്‍ചാണ്ടിയെപ്പറ്റി ചാനലില്‍ നല്ലതു പറഞ്ഞതിന് പിന്നാലെ മൃഗസംരക്ഷണ ജില്ലാ ഡെപ്യുട്ടി ഡയറക്ടര്‍ തന്നെ പിരിച്ചുവിട്ടതായി സതിയമ്മ തന്നെ ആരോപണവുമായി രംഗത്ത് വന്നിരുന്നു. യു.ഡി.എഫ് നേതാക്കള്‍ ഇത് ഏറ്റെടുക്കുകയും സി.പി.എമ്മിനെതിരെ രാഷ്ട്രീയ പ്രചരണത്തിന് ആയുധമാക്കുകയും ചെയ്തു. ഇതോടെ സംഭവവം വിവാദമായി. തൊട്ടുപിന്നാലെ ലിജിമോള്‍ ആണ് മൃഗാശുപത്രിയിലെ ജോലിക്കാരിയെന്നും സതിയമ്മ അനധികൃതമായി ജോലി ചെയ്‌തെന്ന് കണ്ടെത്തിയതിനാല്‍ ലിജിമോളോട് ജോലിക്ക് വരാന്‍ ആവശ്യപ്പെട്ടുവെന്നും മന്ത്രി ചിഞ്ചുറാണി തന്നെ രംഗത്ത് വന്നു വിശദീകരിച്ചു.

എന്നാല്‍ താനും ലിജിമോളും ഒരേ കുടുംബശ്രീയിലെ അംഗങ്ങളാണെന്നും ആറു മാസം വീതം ഊഴംവെച്ചാണ് സ്വീപ്പര്‍ ജോലി ചെയ്തിരുന്നതെന്നും സതിയമ്മ പറഞ്ഞു. ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ള ലിജിമോള്‍ തന്റെ വീട്ടിലെ അവസ്ഥ കൂടി മനസിലാക്കി ജോലിയില്‍ തുടരാന്‍ അനുവദിക്കുകയായിരുന്നുവെന്നും അവര്‍ പറഞ്ഞിരുന്നു. ഈ വാദം തള്ളിയാണ് ലിജിമോള്‍ രംഗത്ത് വന്നത്. തന്റെ പേരില്‍ വ്യാജരേഖയുണ്ടാക്കി സതിയമ്മ ജോലി നേടിയെന്നും തന്റെ അക്കൗണ്ടില്‍ പണം വന്നിട്ടില്ലെന്നും തനിക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലെന്നും അവര്‍ പറഞ്ഞു.