

തിരുവനന്തപുരം: പെരുമയുടെ കൊടുമുടിയേറാന്‍ ഐ.എസ്.ആര്‍.ഒ (ഇസ്രോ). അഭിമാന നിമിഷം കാത്ത് ഭാരതം. സസൂക്ഷ്മം വീക്ഷിച്ച് ശാസ്ത്ര ലോകം. ചന്ദ്രയാന്‍ 3 ചന്ദ്രനില്‍ ഇറങ്ങുന്ന നിമിഷത്തെ ഇങ്ങനെ ചുരുക്കിപ്പറയാം. ബഹിരാകാശ രംഗത്തെ ലോക ശക്തര്‍പോലും കടന്നുചെല്ലാന്‍ ധൈര്യം കാട്ടാത്ത ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലേക്കാണ് ഇന്ത്യയുടെ കുതിപ്പ്. ഒരുപക്ഷേ, ചന്ദ്ര പ്രതലത്തെ കുറിച്ചുള്ള രഹസ്യങ്ങള്‍ ലോകത്തിന് മുന്നില്‍ വെളിപ്പെടുത്താനുള്ള നിയോഗം ഇന്ത്യക്കും ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ക്കുമായിരിക്കാം.

ഇന്ന് വൈകിട്ട് 5.45 നും 6.04 നും ഇടയില്‍ ചന്ദ്രയാന്‍ 3 അതിന്റെ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കുമെന്നാണ് കരുതുന്നത്. ദൗത്യം വിജയിച്ചാല്‍ ഇന്ത്യയെ കാത്തിരിക്കുന്നത് ചന്ദ്രനില്‍ സോഫ്റ്റ്‌ലാന്‍ഡിങ്ങ് നടത്തുന്ന നാലാമത്തെ രാജ്യമെന്ന ഖ്യാതിയാണ്. ഐ.എസ്.ആര്‍.ഒയും രാജ്യവും ദൗത്യം വിജയിക്കുമെന്ന വലിയ ആത്മവിശ്വാസത്തിലാണ്. ബംഗളൂരുവിലെ ഐ.എസ്.ആര്‍.ഒ ടെലിമെട്രി ആന്‍ഡ് ട്രാക്കിംഗ് കമാന്‍ഡ് നെറ്റ്വര്‍ക്ക് വഴിയാണ് പേടകവുമായുള്ള ആശയവിനിമയം നടക്കുന്നത്.

ഭൂമിയില്‍ നിന്നുള്ള സിഗ്‌നലുകള്‍ ലാന്‍ഡറിലേക്ക് എത്തുന്നത് ചന്ദ്രയാന്‍ രണ്ട് ഓര്‍ബിറ്റര്‍ വഴിയാണ്. ഇന്ത്യന്‍ സംവിധാനങ്ങള്‍ക്ക് പിന്തുണയുമായി യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെയും നാസയുടെയും സംവിധാനങ്ങളുമുണ്ട്. മണിക്കൂറില്‍ ആറായിരത്തിലേറെ കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന പേടകത്തിന്റെ വേഗം കുറച്ച് സെക്കന്‍ഡില്‍ രണ്ട് മീറ്റര്‍ എന്ന അവസ്ഥയിലെത്തിച്ചിട്ട് വേണം ലാന്‍ഡ് ചെയ്യാന്‍.

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ മാന്‍സിനസ് സി, സിംപിലിയസ് എന്‍ ഗര്‍ത്തങ്ങളുടെ ഇടയിലാണ് ചന്ദ്രയാന്‍ മൂന്ന് ഇറങ്ങുക. നാല് കിലോമീറ്റര്‍ വീതിയും 2.4 കിലോമീറ്റര്‍ നീളവുമുള്ള പ്രദേശമാണ് ലാന്‍ഡിങ്ങിനായി തെരഞ്ഞെടുത്തിരിക്കുന്നത്. ചന്ദ്രയാന്‍ രണ്ട് ഓര്‍ബിറ്ററില്‍ നിന്നുള്ള ചിത്രങ്ങള്‍ വച്ചാണ് ലാന്‍ഡിങ്ങ് സ്ഥാനം തെരഞ്ഞെടുത്തത്. ചന്ദ്രയാന്‍ ദൗത്യത്തിന്റെ വിജയത്തിലൂടെ ഇന്ത്യയെ കാത്തിരിക്കുന്ന ബഹിരാകാശ സാധ്യതകള്‍ നിരവധിയാണ്.

ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങള്‍ക്ക് വലിയ വിശ്വാസ്യതയാണ് ചന്ദ്രയാന്‍ ദൗത്യത്തിന്റെ വിജയത്തിലൂടെ ഇന്ത്യയെ കാത്തിരിക്കുന്നത്. കുറഞ്ഞ ചിലവില്‍ ബഹിരാകാശ ദൗത്യങ്ങള്‍ വിജയകരമായി പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്ന വിശ്വാസം മറ്റ് രാജ്യങ്ങള്‍ ബഹിരാകാശ മേഖലയില്‍ ഇന്ത്യയുടെ സേവനങ്ങള്‍ക്കായി കാത്തിരിക്കുന്ന സ്ഥിതിയിലേക്ക് നീങ്ങാന്‍ ചന്ദ്രയാന്‍ 3 ന്റെ വിജയത്തിലൂടെ സാധിക്കും.