
തിരുവനന്തപുരം: ജനപ്രിയ പദ്ധതികളുമായി യു.ഡി.എഫ് പ്രകടന പത്രിക. ന്യായ് പദ്ധതിയാണ് പ്രകടന പത്രികയിലെ മുഖ്യ ആകര്‍ഷണം. കുടുംബങ്ങള്‍ക്ക് പ്രതിമാസം 2000 രൂപ മിനിമം വേതനം ഉറപ്പാക്കുന്നതാണ് ന്യായ് പദ്ധതി. 40-60 വയസിനിടയിലുള്ള ന്യായ് പദ്ധതിയില്‍ ഉള്‍പ്പെടാത്ത വീട്ടമ്മമാര്‍ക്ക് 2000 രൂപ പെന്‍ഷന്‍ നല്‍കുമെന്നും പ്രകടന പത്രികയില്‍ വാഗ്ദാനമുണ്ട്.
സാമൂഹിക ക്ഷേമപെന്‍ഷന്‍ 3000 രൂപയായി വര്‍ധിപ്പിക്കും, എല്ലാ വെള്ളക്കാര്‍ഡുകാര്‍ക്കും പ്രതിമാസം 5 കിലോ അരി നല്‍കും. ലൈഫ് പദ്ധതിയിലെ അപാകത പരിഹരിച്ച് സമഗ്രമായ പദ്ധതി തയാറാക്കും, കൂടുതല്‍ വിഭവങ്ങളുമായി കൂടുതല്‍ പേര്‍ക്ക് സൗജന്യ കിറ്റ്, കാരുണ്യ പദ്ധതി പുനഃസ്ഥാപിക്കും, പിഎസ്സിയുടെ സമ്പൂര്‍ണ പരിഷ്‌ക്കരണം നടപ്പിലാക്കും, ഒഴിവുകള്‍ റിപ്പോര്‍ട്ടു ചെയ്യാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കും, പ്രത്യേക കാര്‍ഷിക ബജറ്റ് അവതരിപ്പിക്കും, പീസ് ആന്‍ഡ് ഹാര്‍മണി എന്ന പേരില്‍ പുതിയ വകുപ്പ് രൂപീകരിക്കും തുടങ്ങിയവയാണ് പ്രകടന പത്രികയിലെ മറ്റ് വാഗ്ദാനങ്ങള്‍.
ശബരിമല ആചാര സംരക്ഷണത്തിന് പ്രത്യേക നിയമം നടപ്പിലാക്കുമെന്നത് പ്രകടന പത്രികയില്‍ എടുത്തുപറയുന്നു. ജനങ്ങളുടെ മാനിഫെസ്റ്റോ ആണിതെന്നും ലോകോത്തര നിലവാരത്തിലേക്കു കേരളത്തെ എത്തിക്കുകയാണ് ലക്ഷ്യമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഐശ്വര്യകേരളം കെട്ടിപെടുക്കുക എന്ന ദൗത്യമാണ് യുഡിഎഫ് ഏറ്റെടുത്തിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍്ത്തു.
വിദ്യാഭ്യാസമേഖലയില്‍ നടപ്പിലാക്കിയ പദ്ധതികള്‍ മൂന്നു മാസത്തില്‍ റിവ്യൂ ചെയ്യാന്‍ കമ്മിഷനെ നിയമിക്കുമെന്ന് ശശി തരൂര്‍ പറഞ്ഞു. നിക്ഷേപകരെ സംരക്ഷിക്കാന്‍ നിയമപരിഷ്‌ക്കരണം നടപ്പിലാക്കും. ഹര്‍ത്താല്‍ ഉപേക്ഷിക്കണമെന്നാണ് തന്റെ നിര്‍ദേശമെന്നും തരൂര്‍ വ്യക്തമാക്കി. മാനിഫെസ്റ്റോ കമ്മിറ്റി കണ്‍വീനര്‍ ബെന്നി ബെഹന്നാനാണ് പദ്ധതികള്‍ പ്രഖ്യാപിച്ചത്.