
തൃശ്ശൂര്‍: നിയമസഭ തെരഞ്ഞെടുപ്പില്‍ മൂന്ന് മണ്ഡലങ്ങളില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദ്ദേശ പത്രികകള്‍ തള്ളി. തലശ്ശേരിയില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി എന്‍.ഹരിദാസിന്റെയും, ഗുരുവായൂരില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി അഡ്വ.നിവേദിതയുടെയും, ദേവികുളത്ത് എ.ഐ.ഡി.എം.കെ സ്ഥാനാര്‍ത്ഥി ആര്‍.ധനലക്ഷ്മിയുടെയും നാമനിര്‍ദ്ദേശ പത്രികകളാണ് തള്ളിയത്.
പത്രികയില്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്റെ ഒപ്പ് ഇല്ലാത്തതിനാലാണ് ബി.ജെ.പി കണ്ണൂര്‍ ജില്ലാ അധ്യക്ഷന്‍കൂടിയായ ഹരിദാസിന്റെ നാമനിര്‍ദേശ പത്രിക തള്ളിയത്. 2016-ല്‍ എന്‍.ഡി.എയ്ക്ക് 22,125 വോട്ടുകള്‍ ലഭിച്ച മണ്ഡലമാണ് തലശ്ശേരി. ജില്ലയില്‍ ബി.ജെ.പിക്ക് ഏറ്റവും കൂടുതല്‍ വോട്ടുള്ള മണ്ഡലം കൂടിയാണിത്. ഇവിടെ ഡമ്മി സ്ഥാനാര്‍ത്ഥിയുടെ പത്രിക സ്വീകരിച്ചിരുന്നില്ല.
സത്യവാങ്മൂലത്തില്‍ സംസ്ഥാന അധ്യക്ഷന്റെ പേരില്ലാതിരുന്നതാണ് മഹിളാ മോര്‍ച്ച സംസ്ഥാന അധ്യക്ഷ കൂടിയായ അഡ്വ.നിവേദിതയ്ക്ക് വിനയായത്. ഇവിടെയും എന്‍.ഡി.എയ്ക്ക് ഡമ്മി സ്ഥാനാര്‍ത്ഥിയില്ല. ഫോം 26 പൂര്‍ണ്ണമായി പൂരിപ്പിക്കാത്തതാണ് എ.ഐ.ഡി.എം.കെ സ്ഥാനാര്‍ത്ഥി ആര്‍.ധനലക്ഷ്മിയുടെ നാമനിര്‍ദ്ദേശ പത്രിക തള്ളാന്‍ കാരണം. ഇവിടെ ഡമ്മി സ്ഥാനാര്‍ത്ഥിയുടെ പത്രിക ആദ്യമേ തള്ളിയിരുന്നു.