

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണ ഉള്‍പ്പെട്ട മാസപ്പടി വിവാദം ഒതുക്കാന്‍ യു.ഡി.എഫ് ശ്രമം. സി.എം.ആര്.എല്‍ കമ്പനിയുടെ മാസപ്പടി പട്ടികയില്‍ സ്വന്തം നേതാക്കളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് വ്യക്തമായതോടെയാണ് വിവാദ വിഷയം അടിയന്തിര പ്രമേയമായി നിയമസഭയില്‍ ഉന്നയിക്കാനുള്ള മുന്‍ തീരുമാനത്തില്‍നിന്ന് യു.ഡി.എഫ് പിന്മാറിയതെന്നാണ് സൂചന. മുഖ്യമന്ത്രിയുടെ മകളുടെ പേര് ഉയര്‍ത്തിക്കാട്ടി പ്രതിഷേധിച്ചാല്‍ തിരിച്ചടിയുണ്ടാകുമെന്ന് യു.ഡി.എഫ് ഭയക്കുന്നുണ്ട്.

കൊച്ചിന് മിനറല്‍സ് ആന്റ് റൂട്ടെയില്‍ ലിമിറ്റഡ് കമ്പനിയുടെ ഓഫീസിലും മാനേജിങ് ഡയറക്ടായ ശശിധരന് കര്‍ത്തയുടെ വീട്ടിലും ഇന്‍കം ടാക്സ് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം നടത്തിയ പരിശോധനയ്ക്കിടെയാണ് വിവാദ മാസപ്പടി കണക്കുണ്ടായിരുന്നത്. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് എതിര്‍കക്ഷികള്‍ക്ക് വിശദീകരിക്കാനാകാത്ത ഇടപാടുകളാണിതെന്ന് കേന്ദ്ര ഏജന്‍സിക്ക് ബോധ്യപ്പെട്ടത്.

സി.എം.ആര്.എല്ലിന്റെ സോഫ്റ്റ് വെയര്‍ അപ്ഡേഷനുവേണ്ടിയാരുന്നു വീണാ വിജയന്റെ ഉടമസ്ഥയിലുള്ള എക്സാലോജിക്കിന് പണം നല്‍കിയതെന്നായിരുന്നു സി.എം.ആര്.എല്‍ നല്കിയ വിശദീകരണം. എന്നാല്‍ യാതൊരു സോഫ്റ്റ്വെയര് അപ്ഡേഷനും സ്ഥാപനത്തില്‍ നടന്നിട്ടില്ലെന്ന് ഇന്‍കം ടാക്സ് അന്വേഷണത്തില്‍ കണ്ടെത്തി. ബാങ്ക് മുഖേനയാണ് പണം കൈമാറിയതെന്നും കളളപ്പണ ഇടപാടല്ലെന്നുമായിരുന്നു സി.എം.ആര്.എല്‍ നിലപാട്.

എന്നാല്‍ ഇല്ലാത്ത സേവനത്തിന് മാസം തോറും പണം നല്‍കിയത് വഴിവിട്ട ഇടപാടെന്ന് ഇന്‍കം ടാക്സ് വാദിച്ചു. വീണയുടെ സ്ഥാപനവുമായി യാതൊരു സാമ്പത്തിക ഇടപാടും ഇല്ലെന്നും ഒന്നും ഓര്‍ക്കുന്നില്ലെന്നുമാണ് സിഎംആര്‍എല്‍ എംഡി ശശിധരന് കര്‍ത്ത വിവാദത്തില്‍ പ്രതികരിച്ചത്. ആദായ നികുതി വകുപ്പിന്റെ പക്കലുളള മാസപ്പടി ഡയറിയിലെ വിവരങ്ങള്‍ നേരത്തെ തന്നെ ഇ.ഡി അടക്കമുളള കേന്ദ്ര ഏജന്‍സികള്‍ക്ക് കൈമാറിയിട്ടുണ്ട്.