

കടയ്ക്കാവൂര്‍: കടക്കാവൂര്‍ കിടാരി പാര്‍ക്ക് റോഡില്‍ ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നത് തുടര്‍ക്കഥയാവുന്നു. ഈ റോഡ് ഗതാഗതയോഗ്യമല്ലാതായിട്ട് വര്‍ഷങ്ങളായി. ഈ റോഡിലൂടെ ഇരുചക്ര വാഹനം ഓടിക്കുന്നവര്‍ക്ക് നട്ടെല്ലിന് വേദനയുണ്ടാകുന്നുവെന്ന് പരക്കെ പരാതി ഉയരുന്നുണ്ട്. ഈ ഭാഗത്തുള്ള വ്യാപാര സ്ഥാപനങ്ങളിലേക്ക് സാധനങ്ങള്‍ കൊണ്ടുവരാനോ തൊഴിലാളികള്‍ക്ക് വരാനോ പറ്റാത്ത സ്ഥിതിയായിനാല്‍ 70 ശതമാനം വ്യവസായവും നിലച്ച മട്ടാണെന്ന് നാട്ടുകാര്‍ പറയുന്നു.




ഇതുവഴി പോകുന്ന വാഹനങ്ങള്‍ക്ക് നിരന്തരം കേടുപാടുകള്‍ സംഭവിക്കുകയാണ്. ഒരു ഒമിനിയും രണ്ട് ഇരുചക്രവാഹനങ്ങളും കട്ടപ്പുറത്തായെന്നും നാട്ടുകാര്‍ പരാതിപ്പെടുന്നു. 200 ഓളം പശുക്കള്‍ ഉണ്ടായിരുന്ന സംസ്ഥാന സര്‍ക്കാരിന്റെ ആദ്യത്തെ കിടാരി പാര്‍ക്ക് ദുരിതങ്ങളുടെ നടുവിലാണ്. പരാതി പറയുമ്പോള്‍ മുടന്തന്‍ ന്യായങ്ങള്‍ മാത്രം പറയുന്ന ഭരണാധികാരികള്‍ ഈ റോഡിന്റെ ദുരവസ്ഥയും ഇത് ഉപയോഗിക്കുന്ന വൃദ്ധരും കുട്ടികളും അടങ്ങുന്നവരുടെ അവസ്ഥയും നേരിട്ട് കണ്ടു മനസ്സിലാക്കാന്‍ പോലും താല്‍പ്പര്യം പ്രകടിപ്പിക്കുന്നില്ലെന്നും കുറ്റപ്പെടുത്തുന്നു. അടിയന്തരമായി ഈ റോഡിന്റെ ദുരവസ്ഥ നേരിട്ട് കണ്ടു ബോധ്യപ്പെടുകയും ഇത് ഗതാഗത യോഗ്യമാക്കുന്നതിന് ശക്തമായ ഇടപെടലുകള്‍ ഉണ്ടാകണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.


