

ആറ്റിങ്ങല്‍: ആറ്റിങ്ങലില്‍ വ്യാപാര സ്ഥാപനങ്ങളില്‍നിന്നും മലിനജലം ഓടയിലേക്ക് ഒഴിക്കുന്നതായി നഗരസഭ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ആറ്റിങ്ങല്‍ സ്വകാര്യ ബസ് ബസ്റ്റാന്‍ഡിന് സമീപത്തെ വെള്ളക്കെട്ടിനെ തുടര്‍ന്ന് നഗരസഭയും പി.ഡബ്ല്യു.ഡിയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മലിനജലം ഓടയിലേക്ക് ഒഴിക്കുന്നതായി കണ്ടെത്തിയത്. ആറ്റിങ്ങല്‍ സ്വകാര്യ ബസ് സ്റ്റാന്‍ഡിന് സമീപം പാലസ് റോഡില്‍ ജൂണ്‍ മാസം റോഡിന് കുറുകെ ഉള്ള കലുങ്ക് തകര്‍ന്നതിനെ തുടര്‍ന്നാണ് വെള്ളക്കെട്ട് രൂപപ്പെട്ടത്. ഓട പുനര്‍നിര്‍മ്മിക്കുന്നതിന് പി.ഡബ്ല്യു.ഡി ഫണ്ട് അനുവദിച്ചെങ്കിലും പണിയെടുക്കാന്‍ കോണ്‍ട്രാക്ടര്‍മാര്‍ തയ്യാറാകാത്തതിനാല്‍ പണി അനിശ്ചിതത്വത്തിലാവുകയായിരുന്നു.




എന്നാല്‍ റോഡില്‍ കെട്ടിക്കിടക്കുന്ന മലിനജലം നഗരസഭയുടെ വാഹനത്തില്‍ നീക്കം ചെയ്യുന്നുണ്ട്. മഴ ഇല്ലെങ്കില്‍ പോലും മലിനജലം റോഡില്‍ കെട്ടാന്‍ തുടങ്ങിയത് പരാതികള്‍ക്കിടയാക്കി. തുടര്‍ന്ന് മലിന ജലത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനായി ആറ്റിങ്ങല്‍ നഗരസഭയും പി.ഡബ്ല്യു.ഡി റോഡ് വിഭാഗം അധികൃതരും ചേര്‍ന്ന് ഓടയുടെ മൂടി ഇളക്കി പരിശോധന നടത്തിയിരുന്നു. ഇത്തരത്തില്‍ പരിശോധന നടത്തിയപ്പോഴാണ് കച്ചവട സ്ഥാപനങ്ങളില്‍ നിന്നും പെപ്പിട്ട് ഓടയിലേക്ക് മലിനജലം ഒഴുക്കുന്നത് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്. ആറ്റിങ്ങല്‍ സ്വകാര്യ ബസ് സ്റ്റാന്‍ഡിന് സമീപം പ്രവര്‍ത്തിക്കുന്ന അല്‍സഹ ബേക്കറി, പാലസ് റോഡില്‍ പ്രവര്‍ത്തിക്കുന്ന കെ.എന്‍.എസ് ബേക്കറി, വേണുരാജ് ഹോട്ടല്‍ എന്നീ സ്ഥാപനങ്ങളില്‍ നിന്നുമാണ് മലിനജലം പൈപ്പ് വഴി ഓടയിലേക്ക് ഒഴുകുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.



മലിനജലം പൈപ്പ് വഴി ഓടയിലേക്ക് ഒഴുക്കി വിടുന്ന പൈപ്പുകള്‍ അധികൃതര്‍ അടച്ചിട്ടുണ്ട്. ഈ സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് നഗരസഭ അധികൃതര്‍ വ്യക്തമാക്കി. ആറ്റിങ്ങല്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ അഡ്വ.എസ്.കുമാരിയുടെ നേതൃത്വത്തില്‍, കൗണ്‍സിലര്‍ എസ്.സുഖില്‍, നഗരസഭ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ രാംകുമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രവികുമാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ രാഖിമോഹന്‍, ബിജു.ജെ, പി.ഡബ്ല്യു.ഡി റോഡ് വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയര്‍ രുജീഷ്, ഓവര്‍സിയര്‍മാരായ പൂജ, സുകന്യ, നഗരസഭ ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
