Breaking News

നിരീക്ഷണ ക്യാമറകള്‍ക്ക് പുല്ലുവില; കല്ലമ്പലത്ത് കള്ളന്മാരുടെ വിളയാട്ടം

കല്ലമ്പലം: നിരീക്ഷണ ക്യാമറകള്‍ക്ക് പുല്ലുവില കല്‍പിച്ചുകൊണ്ട് കള്ളന്മാരുടെ വിളയാട്ടം. കല്ലമ്പലം ചേന്നന്‍കോട് ധര്‍മ്മശാസ്താ ക്ഷേത്രത്തിലാണ് നിരീക്ഷണ ക്യാമറകള്‍ക്ക് പുല്ലുവില കല്‍പ്പിച്ചുകൊണ്ട് കള്ളന്‍ മോഷണ പരമ്പരതന്നെ നടത്തുന്നത്. ഇക്കഴിഞ്ഞ ഇരുപതാം തീയതി രാത്രി ഒരു മണിയോടുകൂടിയാണ് കള്ളന്‍ ക്ഷേത്ര കോമ്പൗണ്ടില്‍ കടക്കുന്നത്. നാലമ്പലത്തിനുള്ളിലെ മേല്‍ക്കൂരയായ ഇരുമ്പ് കമ്പികള്‍ അറുത്തു മാറ്റി കയറില്‍ തൂങ്ങി ഇറങ്ങിയാണ് ക്ഷേത്രത്തിനുള്ളില്‍ കള്ളന്‍ എത്തിയത്. അതിനുശേഷം സ്റ്റൂളില്‍ കയറി നിന്ന് തൂങ്ങിയിറങ്ങിയ കയര്‍ അഴിച്ചു മാറ്റുകയും ചെയ്തു. പുറത്തേക്കുള്ള വാതില്‍ തുറന്നിടുകയായിരുന്നു കള്ളന്റെ അടുത്ത നീക്കം.

അതിനുശേഷം വലിയ സോപാനം കാണിക്ക വഞ്ചി വലിച്ചു നീക്കിക്കൊണ്ട് ക്ഷേത്രത്തിന്റെ വെളിയില്‍ എത്തിച്ച് കാണിക്ക വഞ്ചിയുടെ പൂട്ട് അടിച്ചു തകര്‍ത്ത് വലിയതോതിലുണ്ടായിരുന്ന പണം മോഷ്ടിച്ചെടുക്കുകയായിരുന്നു .ഏകദേശം ഇരുപതിനായിരത്തിലധികം രൂപയുണ്ടാകുമെന്ന് ക്ഷേത്രം ജീവനക്കാര്‍ പറഞ്ഞു. ക്ഷേത്ര മതില്‍കെട്ടിനുള്ളില്‍ പ്രവേശിക്കുന്നത് മുതലുള്ള കള്ളന്റെ എല്ലാ പ്രവര്‍ത്തികളും ക്ഷേത്രത്തിനുള്ളിലും പുറത്തുമായി സ്ഥാപിച്ചിട്ടുള്ള ആറോളം ക്യാമറകള്‍ പകര്‍ത്തുന്നുണ്ടെന്ന് കള്ളനും ബോധ്യമുണ്ട്. അതുകൊണ്ടുതന്നെയാവണം മൂന്നാം തവണയും മുഖം തോര്‍ത്ത് കൊണ്ട് മറച്ചതിനുശേഷമുള്ള കള്ളന്റെ മോഷണ വിളയാട്ടം.
വെളുപ്പിന് ക്ഷേത്രം കഴകം ജീവനക്കാരിയായ ബേബി ക്ഷേത്രത്തില്‍ എത്തിയപ്പോഴാണ് കാണിക്ക വഞ്ചി പുറത്തു കിടക്കുന്നത് ശ്രദ്ധയില്‍പ്പെടുന്നത്. മോഷണ വിവരം അറിഞ്ഞ് കല്ലമ്പലം പോലീസ് സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു.

വൈകുന്നേരത്തോടുകൂടി പോലീസിന്റെ സയന്റിഫിക് വിഭാഗവും വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നാവായിക്കുളം സബ് ഡിവിഷന്റെ കീഴില്‍ വരുമാനത്തിന്റെ കാര്യത്തില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ക്ഷേത്രമാണിത്.
സബ് ഡിവിഷന്റെ കീഴിലുള്ള ക്ഷേത്രങ്ങളില്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ എത്തി കാണിക്കവഞ്ചി തുറന്ന് പണം ശേഖരിക്കുന്ന ദിവസവും സമയവും ഓഫീസിലെ നോട്ടീസ് ബോര്‍ഡില്‍ പരസ്യപ്പെടുത്താറുണ്ട്. അക്കാര്യം മനസിലാക്കിത്തന്നെയാവണം കാണിക്ക വഞ്ചി തുറക്കുന്നതിന് രണ്ട് ദിവസം മുമ്പ് കള്ളന്‍ ഇവിടെ മൂന്നാം തവണയും മോഷണം നടത്തുന്നതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. ഈ വര്‍ഷം തന്നെ ഇതിനുമുമ്പ് രണ്ടുതവണ മോഷണം നടന്നപ്പോഴും കല്ലമ്പലം പോലീസില്‍ പരാതിപ്പെട്ടെങ്കിലും പോലീസ് എത്തി വിവരങ്ങള്‍ ശേഖരിച്ച് പോയതല്ലാതെ മോഷ്ടാവിനെ പിടികൂടുന്നതിനുള്ള നടപടിക്രമങ്ങള്‍ സ്വീകരിച്ചില്ല എന്നും ക്ഷേത്രം ജീവനക്കാര്‍ ആരോപിച്ചു. മോഷ്ടാവിനെ കുറിച്ചുള്ള വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും പ്രതിക്ക് വേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും കല്ലമ്പലം പോലീസ് അറിയിച്ചു

Related posts

Leave a Reply

Your email address will not be published. Required fields are marked *