Breaking News

വൃക്ഷം മുറിക്കേണ്ടതല്ല, ചികിത്സിക്കണം; വർക്കല റെയിൽവേ സ്റ്റേഷനിലെ വൻമരം ശ്രദ്ധേയമാകുന്നു

വർക്കല: വർക്കല ശിവഗിരി റെയിൽവേ സ്റ്റേഷന് എതിർവശത്തുള്ള റെയിൽവേ പാർക്കിംഗ് ഏരിയയിൽ നിൽക്കുന്ന വൻവൃക്ഷം അപകടാവസ്ഥയിലായിട്ടും ആവശ്യമായ സംരക്ഷണ നടപടികൾ സ്വീകരിക്കാത്തത് ശ്രദ്ധേയമാകുന്നു.വൃക്ഷത്തിന്റെ ചുവട്ടുഭാഗം ദ്രവിച്ച് പൊള്ളയായ നിലയിലായതിനാൽ ഏത് സമയത്തും അപകടം സംഭവിക്കാമെന്ന ആശങ്കയാണ് പ്രദേശവാസികളും യാത്രക്കാരും പങ്കുവയ്ക്കുന്നത്.പ്രതിദിനം നൂറുകണക്കിന് വാഹനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥലത്താണ് വൃക്ഷം നിലകൊള്ളുന്നത്. നിരവധി കാൽനടയാത്രക്കാരും ഈ മരത്തിന്റെ ചുവട്ടിലൂടെയാണ് കടന്നുപോകുന്നത്. കൂടാതെ കൊടുംവെയിലിൽ തണലിനായി യാത്രക്കാരും പ്രദേശവാസികളും ഈ വൻവൃക്ഷത്തെ ആശ്രയിക്കുന്നുണ്ട്.

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് രാജ്യത്തുടനീളം വൃക്ഷത്തൈ നടീൽ, വൃക്ഷസംരക്ഷണം, വൃക്ഷചികിത്സ തുടങ്ങിയ പ്രവർത്തനങ്ങൾ സജീവമായി നടക്കുമ്പോൾ അപകടാവസ്ഥയിലായ ഇത്തരം വൃക്ഷങ്ങൾ പലപ്പോഴും അവഗണിക്കപ്പെടുകയാണെന്ന് പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു.വൃക്ഷത്തിന്റെ അടിഭാഗത്ത് ഗുരുതരമായ കേടുപാടുകൾ ഉണ്ടായിട്ടുണ്ടെങ്കിലും വിദഗ്ധ പരിശോധനയും ചികിത്സയും ഇതുവരെ നടന്നിട്ടില്ലെന്നാണ് പരാതി.വൃക്ഷം മുറിച്ചുമാറ്റുക എന്നതല്ല പരിഹാരമെന്നും, ശാസ്ത്രീയമായ വൃക്ഷചികിത്സയിലൂടെ സംരക്ഷിക്കാൻ കഴിയുമോയെന്ന് ബന്ധപ്പെട്ട അധികൃതർ പരിശോധിക്കണമെന്നും ആവശ്യപ്പെടുന്നു.

വൃക്ഷത്തിന്റെ നിലവിലെ അവസ്ഥ വിലയിരുത്തി ആവശ്യമായ ചികിത്സയും സുരക്ഷാ നടപടികളും അടിയന്തരമായി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. അപകടാവസ്ഥയിലായ വൻവൃക്ഷങ്ങൾ മുറിച്ചുമാറ്റുന്നതിനെതിരെ പ്രതിഷേധങ്ങളുമായി രംഗത്തെത്തുന്ന പ്രകൃതി സ്നേഹികളും പരിസ്ഥിതി പ്രവർത്തകരും ഇത്തരം വൃക്ഷങ്ങളുടെ സംരക്ഷണത്തിനും ചികിത്സയ്ക്കും കൂടുതൽ ശ്രദ്ധ നൽകണമെന്ന് വർക്കല ശിവഗിരി റെയിൽവേ വെൽഫയർ അസോസിയേഷൻ ചെയർമാൻ പ്രസന്നകുമാർ പറഞ്ഞു. റെയിൽവേ അധികൃതർ ഉടൻ ഇടപെട്ട് വൃക്ഷത്തിന്റെ സ്ഥിതി പരിശോധിച്ച് സംരക്ഷണ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related posts

Leave a Reply

Your email address will not be published. Required fields are marked *