Breaking News

ചെണ്ടുമല്ലികൾ വിരിയിക്കാൻ വീണ്ടും ഇടവയിലെ കൃഷിക്കൂട്ടങ്ങൾ

5000 തൈകൾ നട്ട് വനിതാ കർഷകരുടെ പുതിയ കൃഷിയാത്ര

ഇടവ: പൂകൃഷിയിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച ഇടവയിലെ വനിതാ കൃഷിക്കൂട്ടങ്ങൾ വീണ്ടും ചെണ്ടുമല്ലി കൃഷിയുമായി രംഗത്ത്. കഴിഞ്ഞ വർഷം നട്ടുവളർത്തിയ 4000 ചെണ്ടുമല്ലി തൈകൾ മികച്ച വിളവും വരുമാനവും നൽകിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇത്തവണ 5000 തൈകൾ നട്ടുപിടിപ്പിച്ചിരിക്കുന്നത്.

ഇടവ ഗ്രാമപഞ്ചായത്തിലെ 16-ാം വാർഡിൽ പ്രവർത്തിക്കുന്ന ചെറുപുഷ്പം, നന്മ എന്നീ കൃഷിക്കൂട്ടങ്ങളിലെ 16 വനിതകളാണ് ഒന്നര ഏക്കർ സ്ഥലത്ത് ചെണ്ടുമല്ലി കൃഷി നടത്തുന്നത്. പാട്ടത്തിനെടുത്ത സ്ഥലത്താണ് പുതിയ കൃഷി ആരംഭിച്ചിരിക്കുന്നത്. തൈ നടീൽ ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റീതു മോഹൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി.സി. ബാബു, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബിനു ജി, പഞ്ചായത്ത് അംഗങ്ങൾ, കൃഷിഭവൻ ഉദ്യോഗസ്ഥർ, തൊഴിലുറപ്പ് പദ്ധതി പ്രതിനിധികൾ, ഫെഡറൽ ബാങ്ക് അധികൃതർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

അഞ്ച് വർഷം മുമ്പ് 1000 ചെണ്ടുമല്ലി തൈകൾ നട്ടുകൊണ്ടാണ് കൃഷിക്കൂട്ടങ്ങൾ പൂകൃഷി ആരംഭിച്ചത്. ഓരോ വർഷവും കൃഷിയുടെ വ്യാപ്തി വർധിപ്പിച്ച ഇവർ ഇപ്പോൾ 5000 തൈകളിലേക്കാണ് എത്തിച്ചേർന്നത്. കഴിഞ്ഞ വർഷം 4000 തൈകളിൽ നിന്ന് ഏകദേശം 50,000 രൂപയുടെ വരുമാനവും 30,000 രൂപയുടെ ലാഭവും നേടാൻ കഴിഞ്ഞതായി അംഗങ്ങൾ പറയുന്നു.തൊഴിലുറപ്പ് തൊഴിലാളികൾ കൂടിയായ അംഗങ്ങൾ തൊഴിൽ ലഭ്യമല്ലാത്ത ദിവസങ്ങളിലാണ് കൃഷിപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത്. തൈ നടൽ, നനയ്ക്കൽ, കളനീക്കം, വളപ്രയോഗം, പൂക്കൾ ശേഖരിക്കൽ, വിപണനം എന്നിവയെല്ലാം ഇവർ തന്നെയാണ് നിർവഹിക്കുന്നത്.

ക്ഷേത്രങ്ങളിലേക്കും അത്തപ്പൂക്കളം ഒരുക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും പൂക്കൾ വിതരണം ചെയ്യുന്നതോടൊപ്പം പരവൂർ മുനിസിപ്പൽ ചന്തയിലും വർക്കല മുനിസിപ്പൽ ഓഫീസിന് മുന്നിലുമായി സ്റ്റാളുകൾ ഒരുക്കി പൂക്കൾ വിൽപ്പന നടത്തുന്നു.
പൂക്കളിൽ നിന്ന് സോപ്പ് നിർമ്മിക്കുന്ന പദ്ധതിയും കൃഷിക്കൂട്ടങ്ങൾ ആവിഷ്‌കരിച്ചിട്ടുണ്ട്. വിപണനത്തിനുശേഷം ശേഷിക്കുന്ന ചെറുപൂക്കൾ ഉപയോഗിച്ചാണ് മൂല്യവർധിത ഉൽപ്പന്ന നിർമ്മാണം ലക്ഷ്യമിടുന്നത്.പൂകൃഷിക്ക് പുറമെ മഞ്ഞൾ, ഇഞ്ചി, ചേന, ചേമ്പ്, നനക്കിഴങ്ങ്, പടവലം, പച്ചമുളക്, വഴുതന, കാച്ചിൽ തുടങ്ങിയ വിവിധ വിളകളും രണ്ട് ഏക്കറോളം സ്ഥലത്ത് കൃഷി ചെയ്യുന്നുണ്ട്. വർക്കല ബ്ലോക്ക് പഞ്ചായത്തിന്റെ സ്ത്രീശാക്തീകരണ പദ്ധതിയുടെ ഭാഗമായി ഫെഡറൽ ബാങ്ക് മുഖേന ലഭിച്ച 8 ലക്ഷം രൂപയുടെ വായ്പ ഉപയോഗിച്ച് മൂല്യവർധിത ഉൽപ്പന്ന നിർമ്മാണ-വിപണന പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്.

ചേനപ്പൊടി, ചേമ്പുപൊടി, കാരറ്റ്, ചക്ക, മരച്ചീനി എന്നിവ അടിസ്ഥാനമാക്കി തയ്യാറാക്കിയ 50-ഓളം മൂല്യവർധിത ഉൽപ്പന്നങ്ങൾ ഇതിനകം വിപണിയിലെത്തിച്ചിട്ടുണ്ട്. കൃഷിയിൽ നിന്നുള്ള ലാഭവിഹിതം അംഗങ്ങൾ ഓണക്കാലത്ത് പങ്കുവെക്കുകയും വിനോദയാത്രകൾ ഉൾപ്പെടെയുള്ള കൂട്ടായ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നു.ഗ്രാമപഞ്ചായത്ത്, കൃഷിഭവൻ, തൊഴിലുറപ്പ് വിഭാഗം എന്നിവയുടെ പിന്തുണയാണ് കൃഷിക്കൂട്ടങ്ങളുടെ വിജയത്തിന് പിന്നിലെ പ്രധാന കരുത്തെന്ന് അംഗങ്ങൾ പറയുന്നു. ജെ. ഹലീമ ബീവി, എസ്. അഞ്ജലി എന്നിവരാണ് കൃഷിക്കൂട്ടങ്ങളുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *