Breaking News

വർക്കലയിൽ കരയ്ക്കടിഞ്ഞ ഡോൾഫിന്റെ ജഡം മറവ് ചെയ്തു

വർക്കല: അരിവാളം ബീച്ചിൽ കരയ്ക്കടിഞ്ഞ നിലയിൽ കണ്ടെത്തിയ ഡോൾഫിന്റെ ജഡം ഞായറാഴ്ച ഉച്ചയോടെ അധികൃതരുടെ നേതൃത്വത്തിൽ കടൽത്തീരത്ത് തന്നെ മറവ് ചെയ്തു. പാലോട് വനം വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനകൾക്കും നിയമനടപടികൾക്കും ശേഷമാണ് ജഡം സംസ്കരിച്ചത്.ഡോൾഫിന്റെ മരണത്തിന് ഏകദേശം രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പ്രാഥമിക വിലയിരുത്തൽ. രണ്ട് ദിവസത്തോളം കടലിൽ ഒഴുകിനടന്ന ശേഷമാണ് ശനിയാഴ്ച ഉച്ചയോടെ ഡോൾഫിന്റെ ജഡം അരിവാളം ബീച്ചിൽ തീരത്തടിഞ്ഞതെന്നും അധികൃതർ അറിയിച്ചു.

ശനിയാഴ്ച ഉച്ചയ്ക്കുശേഷമാണ് ഏകദേശം അഞ്ച് അടി നീളമുള്ള ഡോൾഫിനെ ബീച്ചിൽ നാട്ടുകാർ കണ്ടെത്തിയത്. ആദ്യം ഇത് സ്രാവാണെന്ന് തെറ്റിദ്ധരിച്ചെങ്കിലും പിന്നീട് നടത്തിയ പരിശോധനയിലാണ് ഡോൾഫിനാണെന്ന് വ്യക്തമായത്. തുടർന്ന് അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസും വെട്ടൂർ പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി.ഞായറാഴ്ച നടന്ന നടപടികളിൽ വർക്കല ഡെപ്യൂട്ടി തഹസിൽദാർ സജു, താലൂക്ക് ഓഫീസ് ഉദ്യോഗസ്ഥരായ ഫൈസൽ, ശരത് എന്നിവർ പങ്കെടുത്തു. പാലോട് വനം വകുപ്പിൽ നിന്നുള്ള അസിസ്റ്റൻറ് ഫോറസ്റ്റ് വെറ്റിനറി ഓഫീസർ ഡോ. അരുണ്‍കുമാർ, എസ്.എഫ്.ഒ. ആർ.ബി. അരുണ്‍കുമാർ (ഭാരതന്നൂർ), ബി.എഫ്.ഒമാരായ ഹരിപ്രസാദ് ആർ., രാജേഷ് ആർ., കൃഷ്ണ കെ.ജെ. എന്നിവരും സ്ഥലത്തെത്തി പരിശോധനകൾക്ക് നേതൃത്വം നൽകി.

പാലോട് വനം വകുപ്പിലെ വാച്ചർമാരായ സാജു, മനേഷ്, അരുണ്‍ എന്നിവരും നടപടിക്രമങ്ങളിൽ പങ്കാളികളായി. വെട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് സുജി എസ്., വാർഡ് അംഗം സജീന നവാസ്, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.എച്ച്. സലിം എന്നിവരും സ്ഥലത്ത് സാന്നിധ്യമറിയിച്ച് നടപടികൾക്ക് ആവശ്യമായ സഹകരണം നൽകി.ഇന്ന് നടത്തിയ പരിശോധനകൾക്കും നിയമനടപടികൾക്കും ശേഷം മണ്ണുമാന്തി യന്ത്രം ഡോൾഫിന്റെ ജഡം കടൽത്തീരത്ത് തന്നെ മറവ് ചെയ്യുകയായിരുന്നു. സമുദ്രജീവികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് പ്രദേശവാസികളുടെയും പരിസ്ഥിതി പ്രവർത്തകരുടെയും ശ്രദ്ധ നേടിയ സംഭവമാണിത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *