

വര്‍ക്കല: ഗതാഗത മേഖലയിലെ നിയമ ലംഘനങ്ങള്‍ക്ക് അറുതി വരുത്താന്‍ വര്‍ക്കല ആര്‍.ടി.ഒ തുനിഞ്ഞിറങ്ങിയപ്പോള്‍ പിടിയിലായത് നിരവധി പേര്‍. ഇന്നലെ മുതലാണ് വര്‍ക്കല ആര്‍.ടി.ഒ ഓഫീസ് നിരത്തുകളിലെ നിയമ ലംഘനങ്ങള്‍ കണ്ടെത്താനുള്ള കര്‍ശന നടപടികളിലേക്ക് കടന്നത്. അതിനായി ഒരു പ്രത്യേക പരിശോധനാ സംഘത്തെ നിയോഗിക്കുകയും ചെയ്തു. പത്ത് മുതല്‍ 14 വരെ വര്‍ക്കലയിലെ മുക്കിലും മൂലയിലും ഗതാഗത നിയമപാലകര്‍ ജാഗരൂകരായി നിരത്തുകളില്‍ ഉണ്ടാവും. വര്‍ക്കലയില്‍ നിരന്തരമുണ്ടാകുന്ന വാഹനാപകടങ്ങളാണ് ആര്‍.ടി.ഒ ഓഫീസിനെ ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ പ്രേരിപ്പിച്ചത്.

നിയമപരിപാലനം എങ്ങനെ കര്‍ശനമായി നടപ്പാക്കി ജനസേവനം നടത്താമെന്നതിന്റെ ഉത്തമ ഉദാഹരണമാണ് വര്‍ക്കല സബ് ആര്‍.ടി ഓഫീസിന്റെ നടപടി. ഇന്നലെ നടത്തിയ വ്യാപക പരിശോധനയില്‍ ഹെല്‍മെറ്റ് വയ്ക്കാതെ യാത്ര ചെയ്തതിന് 43 പേരെയും ലൈസന്‍സ് ഇല്ലാതെ വാഹമോടിച്ചതിന് 4 പേരെയും നമ്പര്‍ പ്ലേറ്റ് ഇല്ലാതെ വാഹനമോടിച്ചതിന് 3 പേരെയും പിടികൂടി. വര്‍ക്കല ബസ് സ്റ്റാന്‍ഡില്‍ കയറാതെ പോയ 3 ബസ് ജീവനക്കാര്‍ക്കെതിരെയും നടപടി സ്വീകരിച്ചു. പരിശോധനയെ കുറിച്ച് അറിഞ്ഞതുകൊണ്ടാവണം ഇന്ന് പറയത്തക്ക നിയമലംഘനം കണ്ടെത്താന്‍ സാധിച്ചില്ലെന്നും ആര്‍.ടി ഓഫീസ് വ്യക്തമാക്കി.

ഇത്രയും ആര്‍.ടി.ഓഫീസ് കണ്ടെത്തിയ കാര്യങ്ങള്‍. ഇനി വര്‍ക്കലയിലെ ഗതാഗത മേഖലയിലെ അധികാരികള്‍ കാണാത്ത ചില നിയമ ലംഘനങ്ങളുണ്ട്. വര്‍ക്കല റെയില്‍വേ സ്റ്റേഷന് എതിര്‍വശത്തുള്ള ബസ് സ്റ്റാന്‍ഡ് കേന്ദ്രീകരിച്ച് നടക്കുന്ന നിയമ ലംഘനങ്ങളും നിയമ പരിപാലനത്തിന് കച്ചകെട്ടിയിറങ്ങിയവര്‍ അറിയേണ്ടതുണ്ട്. വര്‍ക്കല ബസ് സ്റ്റാന്‍ഡില്‍ ബസുകള്‍ക്ക് അകത്തേക്ക് കയറാനും പുറത്തേക്ക് പോകാനും പ്രത്യേകം കവാടങ്ങളുണ്ട്. ചില ബസുകള്‍ ബസ് സ്റ്റാന്‍ഡിന് പുറത്തിറങ്ങുന്നത് അകത്തേക്ക് കയറാനുള്ള കവാടത്തിലൂടെയാണ്. ഇത് ബസുകളുടെ കൂട്ടിയിടിക്ക് വഴിവയ്ക്കാവുന്ന നടപടിയാണ്. ഇതുവഴി ബസ് വരുമെന്ന് പ്രതീക്ഷിക്കാത്ത യാത്രക്കാര്‍ ബസിനടിയില്‍പെടാനും ഇത് കാരണമാകും.

ചില ബസുകള്‍ ബസ് സ്റ്റാന്‍ഡിന് അകത്തേക്ക് പ്രവേശിക്കാതെ ബസ് സ്റ്റാന്‍ഡിന്റെ പ്രവേശന കവാടത്തിന് മുന്നിലുള്ള ആലിനെ വലംവച്ച് തിരിച്ചു നിര്‍ത്തുന്നതും ഇവിടെ പതിവ് കാഴ്ചയാണ്. ഈ ഭാഗത്ത് ബസ് വെട്ടിത്തിരിക്കുമെന്ന് പ്രതീക്ഷിക്കാത്ത യാത്രക്കാരുടെ ജീവന് വലിയ ഭീഷണിയാണ് ഇതിലൂടെ ഉണ്ടാകുന്നത്. കോടികള്‍ മുടക്കി അതിവിശാലമായ ബസ് സ്റ്റാന്‍ഡ് നിര്‍മ്മിച്ചത് വെറുതെയാണെന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് ബസ് ജീവനക്കാരുടെ രീതികള്‍. ബസ് സ്റ്റാന്‍ഡിനുള്ളില്‍ നിന്ന് ആളെ കയറ്റുന്ന രീതിയല്ല ഇവിടെ ബസ് ജീവനക്കാര്‍ സ്വീകരിക്കുന്നത്.
ബസ് സ്റ്റാന്‍ഡിന് മുന്നില്‍ ബസുകള്‍ നിരത്തിയിട്ട് ആളെ കയറ്റുന്നതാണ് ഇവിടത്തെ പതിവ്. ഇതിന്റെ ഫലമായിട്ടാണ് പുറത്തേക്കിറങ്ങേണ്ട ചില ബസുകള്‍ അകത്തേക്ക് കയറേണ്ട വഴിയിലൂടെ പുറത്തിറങ്ങേണ്ടി വരുന്നത്. ചുരുക്കത്തില്‍ അധികാരികളുടെ കണ്‍മുന്നില്‍ നടക്കുന്നത് യാത്രക്കാരുടെ ജീവനുതന്നെ ഭീഷണിയാവുന്ന നിയമ ലംഘനങ്ങളാണ്. 5 മണി മുതല്‍ 7 മണി വരെ വിദ്യാര്‍ത്ഥികളും ജോലി കഴിഞ്ഞെത്തുന്ന ട്രെയിന്‍ യാത്രക്കാര്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരുമായി നല്ല തിരക്കുള്ള സമയത്തെ ഇത്തരം നിയമ ലംഘനങ്ങള്‍ കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുന്നത് ദുരന്തത്തിലേക്ക് വഴിവെക്കും.
ഒരു ദുരന്തത്തിന് ശേഷമേ ഏതൊരു സംവിധാനവും പരിശോധിക്കപ്പെടൂയെന്ന പതിവ് രീതി മാറേണ്ടതുണ്ട്. ബസ് ജീവനക്കാര്‍ക്ക് ഗേറ്റ് അടവും സമയക്കുറവും ഒക്കെ കാരണമായി പറയാനുണ്ടാകും. എന്നാല്‍ അത് പരിഹരിക്കേണ്ടത് അവരുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും ബാധ്യതയാണ്. അതിന്റെ പാപഭാരം പൊതുജനത്തിന് മേല്‍ കെട്ടിവയ്ക്കരുത്. ഏതൊരു വ്യക്തിയുടെയും ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട ബാധ്യത നിയമ പാലനത്തിന് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്കുണ്ട്. നിയമപാലകരില്‍നിന്നും ജനം സംരക്ഷണം പ്രതീക്ഷിക്കുന്നുണ്ട്. കാരണം അവര്‍ക്കതിനുള്ള അര്‍ഹതയുണ്ട്.