

വര്‍ക്കല: ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി ആറ്റിങ്ങല്‍ താലൂക്ക് ആശുപത്രി സന്ദര്‍ശിച്ച ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജിന് മുന്നില്‍ പരാതികളുടെ പ്രളയം. ആറ്റിങ്ങല്‍ താലൂക്ക് ആശുപത്രി അധികൃതരുടെ നടപടികളില്‍ മനംമടുത്തിരുന്ന രോഗികള്‍ മന്ത്രിക്ക് മുന്നില്‍ പരാതികളുടെ കെട്ടഴിക്കുന്ന കാഴ്ചയാണ് ആറ്റിങ്ങല്‍ താലൂക്ക് ആശുപത്രിയില്‍ കണ്ടത്. വര്‍ക്കല താലൂക്ക് ആശുപത്രി സന്ദര്‍ശനത്തിന് ശേഷമാണ് മന്ത്രി ആറ്റിങ്ങലിലെത്തിയത്. മരുന്നുകളുടെ ലഭ്യതക്കുറവായിരുന്നു രോഗികളുടെ പ്രധാന പരാതി. മരുന്നുകള്‍ ഉണ്ടായിരുന്നിട്ടും അത് ലഭ്യമാകുന്നില്ല എന്നായിരുന്നു ആരോപണം.

നടക്കാന്‍ ബുദ്ധിമുട്ടുള്ള രോഗികള്‍ക്കും കിടപ്പ് രോഗികള്‍ക്കും സ്ഥിരമായി കഴിക്കുന്ന ഒരു മാസത്തേക്കുള്ള മരുന്നുകള്‍ രോഗികളോ ബന്ധുക്കളോ ആശുപത്രിയില്‍ എത്തി ബുക്കില്‍ രേഖപ്പെടുത്തി വാങ്ങുന്ന സംവിധാനമുണ്ട്. ഈ സംവിധാന പ്രകാരം മരുന്നുകള്‍ ഇവിടെ ലഭ്യമല്ലെന്നും പരാതി ഉയര്‍ന്നു. ശുചിമുറികല് ഉള്‍പ്പെടെ വൃത്തിഹീനമായ അന്തരീക്ഷമാണ് ആശുപത്രിയില്‍ ഉള്ളതെന്നും മന്ത്രിയുടെ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ ആശുപത്രിയില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്നും ജനങ്ങള്‍ മന്ത്രിയോട് പരാതി പറഞ്ഞു.

മരുന്നുകളുടെ ലഭ്യതയെ കുറിച്ച് മന്ത്രി ആശുപത്രി അധികൃതരോട് സംസാരിക്കുകയും ഉണ്ടായിരുന്ന മരുന്നുകള്‍ രോഗികള്‍ക്ക് ലഭ്യമാകാത്ത അവസ്ഥയെകുറിച്ച് വിശദമായ റിപ്പോര്‍ട്ട് തയാറാക്കി നല്കാന് സൂപ്രണ്ടിനോട് ആവശ്യപ്പെടുകയും ചെയ്തതായി മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ആറ്റിങ്ങല്‍ താലൂക്ക് ആശുപത്രിയില്‍ ട്രോമാ കെയര്‍ യൂണിറ്റ് സ്ഥാപിക്കാനുള്ള നടപടികള്‍ അടുത്ത സാമ്പത്തിക വര്‍ഷത്തോടെ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. മൂന്ന് മാസത്തിനുള്ളില്‍ ട്രോമാ കെയര്‍ യൂണിറ്റ് സാധ്യമാക്കുമെന്ന മന്ത്രിയുടെ മുന്‍ വാഗ്ദാനം ചൂണ്ടിക്കാട്ടിയ മാധ്യമ പ്രവര്‍ത്തകരോട് അത് അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ സാധ്യമാക്കുമെന്ന മറുപടിയാണ് നല്‍കിയത്.
