

പോത്തന്‍കോട്: പോത്തന്‍കോട് ജംഗ്ഷനില്‍ പുതിയ ഗതാഗത പരിഷ്‌കരണം നടപ്പിലാക്കുന്നു. പോത്തന്‍കോട് ജംഗ്ഷനില്‍ മണിക്കുറുകള്‍ വാഹനങ്ങള്‍ ട്രാഫികില്‍ കിടക്കേണ്ട സാഹചര്യം ഒഴിവാക്കുന്നതിനായാണ് ഇന്ന് മുതല്‍ പുതിയ ഗതാഗത പരിഷ്‌കരണം നടപ്പിലാക്കുന്നത്. ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാറിന്റെയും ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍.അനിലിന്റെയും നിര്‍ദ്ദേശപ്രകാരമാണ് പോത്തന്‍കോട് ജംഗ്ഷനില്‍ ഗതാഗത സംവിധാനം പരിഷ്‌കരിക്കുന്നത്. ഇതിന്റെ ഭാഗമായി നാളെ ഇന്ന് മുതല്‍ ട്രയല്‍ റണ്‍ ആരംഭിക്കും. പോത്തന്‍കോട് ജംഗ്ഷനുകളിലെ പ്രധാന ഇടങ്ങളില്‍ നോ പാര്‍ക്കിംഗ് സംവിധാനം കൂടി ഇന്ന് മുതല്‍ നിലവില്‍ വരും.



ഇനി മുതല്‍ വെമ്പായം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങളും മണ്ണന്തല-പൗഡിക്കോണം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ളും വെഞ്ഞാറമൂട് റോഡിലേക്ക് തിരിയാതെ വണ്‍വേ ചുറ്റി വന്ന് വേണം വെഞ്ഞാറമൂട് റോഡിലേക്ക് തിരിഞ്ഞു പോകേണ്ടത്. ഈ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ പോത്തന്‍കോട് ജംഗ്ഷന്‍ എത്തി നേരെ വെഞ്ഞാറമൂട് റോഡിലേക്ക് തിരിയുന്നതും, കഴക്കൂട്ടം-മംഗലപുരം ഭാഗങ്ങളില്‍ നിന്നും ഉള്ള വാഹനങ്ങള്‍ വെമ്പായം റോഡിലേക്ക് പോകുന്നതും കാരണം വെഞ്ഞാറമൂട് ഭാഗത്ത് നിന്ന് പോത്തന്‍കോട് ഭാഗത്തേക്ക് എത്തുന്ന വാഹനങ്ങള്‍ ശാന്തിഗിരി വരെ നീളുന്ന ക്യൂവില്‍ കിടക്കേണ്ട അവസ്ഥയാണ് നിലവിലുണ്ടായിരുന്നത്.


