
ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഹാത്രസില്‍ പീഡനക്കേസ് പ്രതി ഇരയുടെ പിതാവിനെ വെടിവച്ച് കൊലപ്പെടുത്തി. തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. കൊല്ലപ്പെട്ടയാളുടെ മകളെ പീഡിപ്പിച്ചെന്ന കേസില്‍ ഗൗരവ് ശര്‍മ്മ എന്ന പ്രതിയെ 2018ല്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒരു മാസത്തെ ജയില്‍വാസം കഴിഞ്ഞ് ജാമ്യത്തിലിറങ്ങിയ ഗൗരവ് ശര്‍മ്മയാണ് ഇരയായ പെണ്‍കുട്ടിയുടെ പിതാവിനെ വെടിവച്ച് കൊന്നത്.
കഴിഞ്ഞ ദിവസം ഗ്രാമത്തിലെ ക്ഷേത്രത്തിന് പുറത്തുവെച്ച് പ്രതിയുടെ കുടുംബാംഗങ്ങളും പീഡനക്കേസിലെ ഇരയായ പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളും തമ്മില്‍ സംഘര്‍ഷം ഉണ്ടാവുകയും അതേതുടര്‍ന്ന് ഗൗരവ് ശര്‍മ പെണ്‍കുട്ടിയുടെ പിതാവിനെ വെടിവെച്ച് കൊലപ്പെടുത്തിയെന്നുമാണ് പോലീസ് നല്‍കുന്ന വിശദീകരണം. ഇയാള്‍ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടുവെന്നും പോലീസ് പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഗൗരവ് ശര്‍മയുടെ കുടുംബാംഗമാണ് അറസ്റ്റിലായതെന്നും മുഖ്യപ്രതിക്കായി അന്വേഷണം തുടരുകയാണെന്നും ഹാത്രസ് പോലീസ് പറഞ്ഞു.
കൊല്ലപ്പെട്ടയാളുടെ മകള്‍ പോലീസ് സ്റ്റേഷന് മുന്നിലിരുന്ന് പൊട്ടിക്കരയുന്ന വീഡിയോ സാമൂഹികമാധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിക്കുന്നുണ്ട്. ദയവായി എനിക്ക് നീതി നല്‍കൂ എന്നുപറഞ്ഞാണ് പെണ്‍കുട്ടി കരയുന്നത്. ‘അയാളുടെ പേര് ഗൗരവ് ശര്‍മയെന്നാണ്. ആദ്യം അയാള്‍ എന്നെ ഉപദ്രവിച്ചു. ഇപ്പോള്‍ എന്റെ അച്ഛനെ വെടിവെച്ച് കൊന്നു. അയാളും ആറേഴ് പേരും എന്റെ ഗ്രാമത്തിലേക്ക് വരികയായിരുന്നു. എന്റെ അച്ഛന് ആരോടും ശത്രുതയില്ല’- പെണ്‍കുട്ടി പറയുന്നു.