
ന്യൂഡല്‍ഹി/മുംബൈ: കര്‍ഷക സമരവുമായി ബന്ധപ്പെട്ട ടൂള്‍കിറ്റ് കേസില്‍ ഇടക്കാല സംരക്ഷണം തേടി മലയാളി അഭിഭാഷക നികിത ജേക്കബ്. നികിതയ്‌ക്കെതിരെ ടൂള്‍കിറ്റ് കേസില്‍ ഡല്‍ഹി പൊലീസ് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. വാറണ്ട് പുറപ്പെടുവിച്ച കോടതിയില്‍ സ്ഥിര ജാമ്യപേക്ഷ സമര്‍പ്പിക്കുന്നതിന് നാലാഴ്ച സമയം അനുവദിക്കണമെന്നും അതുവരെ പൊലീസ് നടപടി തടയണമെന്നും ആവശ്യപ്പെട്ടാണ് നികിത ബോംബെ ഹൈക്കോടതിയെ സമീപിച്ചത്.
കേസിന്റെ അന്വേഷണവുമായി താന്‍ സഹകരിച്ചിരുന്നുവെന്നും തനിക്കെതിരെ എഫ്‌ഐആര്‍ പോലും നല്‍കാത്ത കേസില്‍ രാഷ്ട്രീയ പ്രേരിതമായി അറസ്റ്റ് ചെയ്യാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മത-രാഷ്ട്രീയ-സാമ്പത്തിക അജന്‍ഡകള്‍ തനിക്കില്ലെന്നും ഹര്‍ജിയില്‍ നികിത വ്യക്തമാക്കുന്നു. ജസ്റ്റിസ് പി.ഡി.നായ്ക്കിന്റെ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി കേള്‍ക്കുന്നത്.
കേസിലെ മറ്റൊരു പ്രതിയായ പരിസ്ഥിതി പ്രവര്‍ത്തകന്‍ ശാന്തനു മുളുകും സമാന ഹര്‍ജിയുമായി ഹൈക്കോടതിയുടെ ഔറംഗാബാദ് ബെഞ്ചിനെ സമീപിച്ചിട്ടുണ്ട്.
ടൂള്‍ കിറ്റ് കേസില്‍ അമേരിക്കന്‍ ആക്ടിവിസ്റ്റ് പീറ്റര്‍ ഫ്രെഡറിക്കിന്റെ പങ്കും അന്വേഷിക്കുന്നുണ്ട്. പാക് ചാര സംഘടനയായ ഐ.എസ്.ഐയുടെ വിഭാഗമായ കെ2വിന് നേതൃത്വം നല്‍കുന്ന ഭജന്‍സിങ് ബിന്ദറുമായി ചേര്‍ന്ന് ഫ്രെഡറിക്ക് പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും പോലീസ് ആരോപിക്കുന്നു. 2006 മുതല്‍ സുരക്ഷാ ഏജന്‍സികളുടെ നിരീക്ഷണത്തില്‍ ഉള്ള വ്യക്തിയാണ് ഫ്രെഡറിക്.
ഖലിസ്ഥാന്‍ ബന്ധമെന്ന വാദം ആവര്‍ത്തിച്ച പൊലീസ്, പാക്ക് ചാരസംഘടന ഐഎസ്‌ഐയിലേക്കു കൂടി അന്വേഷണം വ്യാപിപ്പിച്ചു. സ്വീഡിഷ് പരിസ്ഥിതിപ്രവര്‍ത്തക ഗ്രേറ്റ ട്യൂന്‍ബെര്‍ഗ് പോസ്റ്റ് ചെയ്ത ‘ടൂള്‍കിറ്റ്’ മാര്‍ഗരേഖയുമായി ബന്ധപ്പെട്ട നടപടികള്‍ ദിശ, നികിത, ശാന്തനു എന്നിവര്‍ ഏകോപിപ്പിച്ചെന്നാണു പൊലീസിന്റെ വാദം. ഈ മാസം 11നു മുംബൈ ഗോരേഗാവിലെ നികിതയുടെ ഫ്‌ലാറ്റില്‍ തിരച്ചില്‍ നടത്തിയ പൊലീസ് ലാപ്‌ടോപ്പും മൊബൈല്‍ ഫോണും മറ്റും പിടിച്ചെടുത്തിരുന്നു.