Breaking News

മൂന്നാം മോദി സര്‍ക്കാരിന്‌റെ ആദ്യ മന്ത്രിസഭാ യോഗം ഇന്ന്; ജനപ്രിയ പദ്ധതികള്‍ പ്രഖ്യാപിക്കാന്‍ സാധ്യത

ദില്ലി: മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗം ഇന്ന് വൈകിട്ട് 5 മണിക്ക് ദില്ലിയില്‍. ആദ്യ മന്ത്രിസഭാ യോഗത്തില്‍ ജനപ്രിയ പദ്ധതികള്‍ പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ട്. പ്രധാനമന്ത്രി ആവാസ് യോജനക്ക് ആയിരിക്കും പ്രഥമ പരിഗണനയെന്നാണ് ലഭിക്കുന്ന വിവരം. പദ്ധതി പ്രകാരം നിര്‍ധനരായ 2 കോടി പേര്‍ക്ക് കൂടി വീട് വച്ച് നല്‍കും. പദ്ധതിയുടെ 50 ശതമാനം വരെ വര്‍ധിപ്പിക്കാനും സാധ്യതയുണ്ട്. ഇടക്കാല ബജറ്റിലെ മറ്റ് പ്രഖ്യാപനങ്ങളും നടപ്പിലാക്കാനും നീക്കമുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ബീഹാര്‍ ഉള്‍പ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.പി, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ ബി.ജെ.പിക്ക് തിരിച്ചടിയേറ്റിരുന്നു. പല സംസ്ഥാനങ്ങളിലും ബി.ജെ.പി വിരുദ്ധ പ്രാദേശിക കക്ഷികള്‍ നേട്ടമുണ്ടാക്കിയതോടെ അടുത്ത് നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ ജനപ്രിയ പദ്ധതികളിലൂടെ സാധിക്കുമെന്ന് ബി.ജെ.പി നേതൃത്വം വിലയിരുത്തുന്നുണ്ട്.

ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത മന്ത്രിമാരുടെ വകുപ്പുകള്‍ ഏതൊക്കെയെന്നും ഇന്ന് തീരുമാനം ആകും. 30 ക്യാബിനറ്റ് മന്ത്രിമാര്‍ അടക്കം 72 പേരാണ് ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയത്. കേരളത്തില്‍നിന്ന് സുരേഷ് ഗോപിയും ജോര്‍ജ് കുര്യനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. രണ്ട് പേര്‍ക്കും സഹമന്ത്രി സ്ഥാനമാണ് ലഭിച്ചത്. രണ്ടാം മോദി മന്ത്രിസഭയില്‍ ഉണ്ടായിരുന്ന പല പ്രമുഖരെയും ഇത്തവണ നിലനിര്‍ത്തി. രാജ്‌നാഥ് സിങാണ് രണ്ടാമനായി സത്യപ്രതിജ്ഞ ചെയത്. ബി.ജെ.പി അധ്യക്ഷന്‍ ജെ.പി.നദ്ദയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി. ശിവരാജ് സിങ് ചൗഹാന്‍, മനോഹര്‍ ലാല്‍ ഖട്ടാര്‍ എന്നിവരും മന്ത്രിസഭയിലെത്തി. രാം മോഹന്‍ നായിഡു(ടി.ഡി.പി), ലല്ലന്‍ സിങ്(ജെ.ഡി.യു), ചിരാഗ് പാസ്വാന്‍(ലോക്ജന്‍ ശക്തി പാര്‍ട്ടി), എച്ച്.ഡി.കുമാരസ്വാമി(ജെ.ഡി.എസ്), ജിതന്‍ റാം മാഞ്ചി(എച്ച്.എ.എം) എന്നിവരാണ് സഖ്യകക്ഷികളില്‍ നിന്നുളള ക്യാബിനെറ്റ് മന്ത്രിമാര്‍.

ക്യാബിനെറ്റില്‍ മുന്‍ മന്ത്രിസഭയില്‍ നിന്നുള്ള 19 പേരെ നിലനിര്‍ത്തി. 5 പേര്‍ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരും 36 പേര്‍ സഹമന്ത്രിമാരുമാണ്. നിര്‍മല സീതാരാമനും ജാര്‍ഖണ്ഡില്‍ നിന്നുള്ള അന്നപൂര്‍ണ ദേവിയുമാണ് ക്യാബിനെറ്റിലെ വനിതകള്‍. യു.പിയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ മന്ത്രിമാരുള്ളത്. ബിഹാറിനും മന്ത്രിസഭയില്‍ കൂടുതല്‍ പ്രാതിനിധ്യം കിട്ടി. മുന്‍ കോണ്‍ഗ്രസ് നേതാക്കളായ ജിതിന്‍ പ്രസാദ, രവനീത് സിങ് ബിട്ടു എന്നിവരും മന്ത്രിസഭയില്‍ ഇടംകണ്ടെത്തി. അനുരാഗ് ഠാക്കൂര്‍, സ്മൃതി ഇറാനി എന്നിവരാണ് ഇത്തവണ മന്ത്രിസ്ഥാനം കിട്ടാതെ പോയ പ്രമുഖര്‍. തര്‍ക്കങ്ങളെ തുടര്‍ന്ന് എന്‍.സി.പി മന്ത്രിമാരാരും സത്യപ്രതിജ്ഞ ചെയ്തില്ല. ക്യാബിനറ്റ് മന്ത്രി പദത്തില്‍ എന്‍.സി.പിയുടെ ആവശ്യം ഉടന്‍ അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് ബി.ജെ.പി. മുന്നണിയാകുമ്പോള്‍ പല കാര്യങ്ങളും പരിഗണിക്കേണ്ടി വരുമെന്ന് ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്‌നവിസ് വ്യക്തമാക്കി.

Related posts

Leave a Reply

Your email address will not be published. Required fields are marked *