

കല്ലമ്പലം: ആരോരുമില്ലാത്ത രണ്ട് അമ്മമാര്‍ക്ക് ഇനി ഗാന്ധിഭവന്‍ സ്‌നേഹാശ്രമത്തിന്റെ തണല്‍. അനാഥത്വത്തിന്റെ നൊമ്പരം പേറി ജീവിച്ച രണ്ട് അമ്മമാരെ വേളമാനൂര്‍ ഗാന്ധിഭവന്‍ സ്‌നേഹാശ്രമം ഏറ്റെടുത്തു. വക്കം സ്വദേശി സുദര്‍ശന(64), പരവൂര്‍ തെക്കുംഭാഗം മാനഴികം വീട്ടില്‍ മറിയം ബീവി(76) എന്നിവരാണ് ഗാന്ധിഭവന്‍ സ്‌നേഹാശ്രമത്തിലെ പുതിയ അതിഥികള്‍. സ്വത്തുക്കള്‍ മുഴുവന്‍ എഴുതിവാങ്ങിയ ശേഷം രണ്ട് പെണ്‍മക്കള്‍ തെരുവില്‍ ഉപേക്ഷിച്ച കഥയാണ് സുദര്‍ശന എന്ന അമ്മയ്ക്ക് പറയാനുള്ളതെങ്കില്‍ മറിയം ബീവി വിധവയും മക്കളില്ലാത്ത വയോധികയുമാണ്.





സ്‌നേഹാശ്രമം ചെയര്‍മാന്‍ ബി.പ്രേമാനന്ദിന്റെ നേതൃത്വത്തില്‍ അമ്മമാരെ സ്വീകരിച്ചു. ഡയറക്ടര്‍ പത്മാലയം ആര്‍.രാധാകൃഷ്ണന്‍, വൈസ് ചെയര്‍മാന്‍ തിരുവോണം രാമചന്ദ്രന്‍ പിള്ള, സെക്രട്ടറി പി.എം.രാധാകൃഷ്ണന്‍, കെ.എം.രാജേന്ദ്രകുമാര്‍ ആലപ്പാട്ട് ശശിധരന്‍, എം.കബീര്‍, മാനേജര്‍ പത്മജാദത്ത എന്നിവര്‍ പങ്കെടുത്തു. നിയമപാലകരും ജനപ്രതിനിധികളും ജാഗ്രതാ സമിതിയും ആവശ്യപ്പെട്ടിട്ടും സുദര്‍ശന എന്ന അമ്മയെ സംരക്ഷിക്കാന്‍ മക്കള്‍ തയാറായില്ല എന്നാണ് ലഭിക്കുന്ന വിവരം.



